'ഈണവും താളവും താലോലിക്കുന്നവരായിരിക്കണം യഥാര്‍ഥ കവികള്‍'
Tuesday, June 10, 2014 8:10 AM IST
മക്കിനി (ടെക്സസ്): ബാഹ്യ ആന്തരിക താളവും ഈണവും വൃത്തവും സമന്വയിപ്പിച്ചുകൊണ്ട് രചിക്കപ്പെടുന്ന കവിതകളുടെ പാരായണം കേള്‍വിക്കാരേയും രചയിതാക്കളേയും ഒരുപോലെ ആത്മസംതൃപ്തിയുടെ ഉയര്‍ന്ന തലങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകുമെന്നത് സാര്‍വത്രീകമായി അംഗീകരിക്കപ്പെടുന്ന യാഥാര്‍ഥ്യമാണ്. ഈണവും താളവും താലോലിക്കുന്ന കവിഹൃദയങ്ങളില്‍നിന്നു മാത്രമാണ് ഇത്തരം കവിതകള്‍ രൂപാന്തരപ്പെടുക. പ്രമുഖ കവിയും സാഹിത്യ നിരൂപകനും കേരള സാഹിത്യസമിതി സെക്രട്ടറിയുമായ പി.പി ശ്രീധരനുണ്ണി അഭിപ്രായപ്പെട്ടു.

കേരള ലിറ്റററി സൊസൊറ്റി ഓഫ് ഡാളസ് മേയ് എട്ടിന് (ഞായര്‍) വൈകുന്നേരം മെക്കിനി എംഎസ്ടി സദനത്തില്‍ സംഘടിപ്പിച്ച സാഹിത്യ സദസില്‍ കവികളും കവിതകളും എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു ശ്രീധരനുണ്ണി.

ചക്കയില്‍ ഈച്ച കണക്കിന് ഇണങ്ങിചേര്‍ന്ന എന്നെ എന്ന അക്കിത്തത്തിന്റെ പ്രസിദ്ധമായ അഞ്ചു നാടോടി പാട്ടുകളിലൊന്നിലെ ഈരടികള്‍ ഉരുവിട്ടാണ് പ്രഭാഷണത്തിന് തുടക്കം കുറിച്ചത്.

വൃത്ത-കാവ്യ മനോഹരമായി എഴുതുക എന്ന ശ്രമകരമായ ദൌത്യത്തിന് ഇവിടെയുള്ള കവിതകളുടെ പ്രേരകശക്തി കേരളത്തിന്റെ കാവ്യസംസ്കാരം മനസില്‍ ശ്രദ്ധമൂലമായിരിക്കുന്നു എന്നുള്ളതാണ്. പക്ഷേ ഇത്തരം കവിതകള്‍ പലപ്പോഴും പ്രസിദ്ധീകരിക്കാതെ തഴയപ്പെടുന്നത് നിരാശാജനകമാണ്. മലയാള കവിതയെ ബാധിച്ചിരിക്കുന്ന പുതിയ പ്രേതമാണ് ആധുനിക കവിതയെന്ന് വിശേഷിപ്പിക്കുന്നതിനും ശ്രീധരനുണ്ണി തയാറായി. സാഹിത്യ-കവിതാ ആസ്വാദനത്തിന് അപജയത്തിന്റെ കാലഘട്ടമാണിതെന്ന മുന്നറിയിപ്പോടു കൂടെയാണ് അദ്ദേഹം തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

തുടര്‍ന്ന് അമേരിക്കയിലെ മലയാള ഭാഷാ പണ്ഡിതനും വാഗ്മിയും ഭിഷഗ്വരനുമായ ഡോ എം.വി പിള്ള കവിതകളുടെ ആസ്വാദനം, സൃഷ്ടി, വിമര്‍ശനം എന്നീ വിഷയങ്ങളെക്കുറിച്ചു പ്രതിപാദിച്ചു. സ്വയം കലഹിക്കുന്നതില്‍ നിന്നും നല്ലൊരു കവി ജന്മമെടുക്കുമെന്നും ആന്തരിക മനസൊരുക്കം സംഗീതാസ്വാദനത്തിന് അനിവാര്യമാണെന്നും ഉദ്ബോധിപ്പിച്ചു. ആധുനിക ജീവിതം മനസിനെ ശിഥിലീകരിച്ചിരിക്കുമ്പോള്‍ തന്നെ ആന്തരിക താളം കണ്െടത്തുന്നതു ഒരു വെല്ലുവിളിയായി സ്വീകരിക്കണമെന്നും ഡോ എം.വി പിള്ള അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ സാഹിത്യ തറവാട്ടിലെ കാരണവരെന്ന് അറിയപ്പെടുന്ന പ്രഫ. എം.എസ്.ടി നമ്പൂതിരി കവിതാ രചനയെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവച്ചു. യോഗത്തില്‍ അധ്യക്ഷത വഹിച്ച കേരള ലിറ്ററി സൊസൈറ്റി പ്രസിഡന്റ് ലാനയുടെ ആരംഭത്തെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചും സവിസ്തം പ്രതിപാദിച്ചു.

ലാന ജനറല്‍ സെക്രട്ടറി ജോസ് ഓച്ചാലില്‍ തൃശൂരില്‍ നടക്കുന്ന സമ്മേളനം വിജയിപ്പിക്കുന്നതിന് കെഎല്‍എസ് പ്രവര്‍ത്തകരുടെ പൂര്‍ണ സഹകരണം അഭ്യര്‍ഥിച്ചു. ലാനയുടെ ആദ്യകാല പ്രസിഡന്റും അമേരിക്കയിലെ അറിയപ്പെടുന്ന കവിയും ചെറുകഥാകൃത്തുമായ ജോസഫ് നമ്പിമഠം, മീനു എലിസബത്ത്, ഹരിദാസ് തങ്കപ്പന്‍ തുടങ്ങിയവര്‍ തുടര്‍ന്നു നടന്ന സാഹിത്യ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഞാന്‍ മരിക്കുന്നതു ഇവിടെയാകണം എന്ന് പ്രിയ ഉണ്ണി കൃഷ്ണന്റേയും ഹോര്‍തൂസ് മലബാറിക്കസ് എന്ന ജോസഫ് നമ്പിമഠത്തിന്റേയും ചില സമാഗമന ചിന്തകള്‍ എന്ന ജോസന്‍ ജോര്‍ജിന്റെയും കവിതാ പാരായണം ഹൃദ്യമായിരുന്നു. മീന എലിസബത്തിന്റെ ഗൃഹാതുരത്വം തുളുമ്പുന്ന ലേഖനം, അജയന്റെ കവിത, എംഎസ്ടിയുടെ കവിതകളും കവിയരങ്ങ് അവിസ്മരണീയമാക്കി. ജോസന്‍ ജോര്‍ജ് സ്വാഗതവും സി.എല്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍