കെകെഎംഎ ഡയാലിസിസ് സെന്റര്‍ ആലപ്പുഴയില്‍
Tuesday, June 10, 2014 8:09 AM IST
കുവൈറ്റ് സിറ്റി: കെകെഎംഎയുടെ പുതിയ കിഡ്നി ഡയാലിസിസ് സെന്റര്‍ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് അല്‍ ഹുദ ചാരിറ്റബിള്‍ ട്രസ്റ് ഹോസ്പിറ്റലില്‍ തുറക്കും. മൂന്ന് ഡയാലിസിസ് യൂണിറ്റുകളാണ് ഇവിടെ സ്ഥാപിക്കുന്നത്.

ജൂണ്‍ 14ന് (ശനി) രാവിലെ 9.30നു കേരള ആഭ്യന്തരമന്ത്രി രമേശ്ചെന്നിത്തല ഉദ്ഘാടനം നിര്‍വഹിക്കും.

ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. ആര്‍ വി. അശോകാന്‍, ക്യുപിഎംപിഎ നാഷണല്‍ പ്രസിഡന്റ് ഡോ. ഒ. ബേബി, എം.കെ. മുഹമ്മദലി, ചെയര്‍മാന്‍ ഹുദാ ട്രസ്റ്, ഡോ. ബഷീര്‍, കെകെഎംഎ കോഓര്‍ഡിനേറ്റര്‍ ഇ.കെ അബ്ദുള്ള സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തുള്ള പ്രഗത്ഭമതികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

വൃക്ക രോഗവും ഡയാലിസിസും എന്ന വിഷയത്തില്‍ പ്രശസ്ത നെഫ്രോളജിസ്റ് ഡോ. മനു ജി. കൃഷ്ണന്‍ ബോധവത്കരണ ക്ളാസ് നടത്തും. ഉദ്ഘാടനത്തോടനുബന്ധിച്ചു സൌജന്യ വൃക്കരോഗ പരിശോധന ക്യാമ്പും സംഘടിപ്പിക്കും.

ആലപ്പുഴയിലെ സെന്ററിന്റെ ഉദ്ഘാടനം കഴിയുന്നതോടെ ഈ ഭാഗത്തുള്ള കിഡ്നി രോഗികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒരു സെന്ററായിരിക്കുമിത്. കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ തുടക്കം കുറിച്ച കെകെഎംഎയുടെ ഡയാലിസിസ് പദ്ധതി ഇന്ന് കേരളത്തിലേയും മംഗലാപുരത്തേയും പാവപ്പെട്ട കിഡ്നി രോഗികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നുണ്ട്. 1200 രൂപയോളമുണ്ടായിരുന്ന ഡയാലിസിസ് നിരക്ക് കുത്തനെ കുറയാന്‍ ഈ പദ്ധതി കാരണമായി. ഇപ്പോള്‍, കേരളത്തില്‍ കോഴിക്കോട്, തൃശൂര്‍, മലപ്പുറം, കാസര്‍ഗോഡ്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, വയനാട്, എന്നീ ജില്ലകളിലും കര്‍ണാടകയില്‍ കങ്കനാടി, മംഗലാപുരം, കന്താപുരം എന്നീ സ്ഥലങ്ങളിലും പ്രവര്‍ത്തിച്ചുവരുന്ന കെകെഎംഎ ഡയാലിസിസ് കേന്ദ്രങ്ങള്‍ സാധാരണക്കാരായ കിഡ്നി രോഗികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.

2007ലാണ് കെകെഎംഎ ജീവകാരുണ്യത്തിന്റെ മികച്ച ഈ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ഈ വര്‍ഷം ആതുരസേവന രംഗത്ത് കെകെഎംഎ പുതുതായി സമൂഹത്തിനുവേണ്ടി ആരംഭിക്കുന്ന പദ്ധതിയാണ് ഏര്‍ളി ഡിറ്റക്ഷന്‍ സെന്റര്‍.

ഹൃദ്രോഗം നേരത്തെ കണ്ടു പിടിക്കുന്നതിനും അതിന് ചികിത്സ നല്‍കുന്നതിനുമായി ഏറവും കുറഞ്ഞ ചെലവില്‍ സാധാരണക്കാരായ ആളുകള്‍ക്ക് സമീപിക്കാവുന്ന സെന്ററുകളാണ് കെകെഎംഎ ലക്ഷ്യമിടുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍