അബുദാബിയില്‍ വീട്ടമ്മയുടെ മരണം: ഭര്‍തൃമാതാവ് അറസ്റില്‍
Tuesday, June 10, 2014 5:08 AM IST
പുല്‍പ്പള്ളി: പുല്‍പ്പള്ളി സ്വദേശിയായ വീട്ടമ്മ അബുദാബിയില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭര്‍തൃമാതാവിനെ അറസ്റ് ചെയ്തു. വാഴവറ്റ തച്ചേരിയില്‍ ഫിലിപ്പ്എലിസബത്ത് ദമ്പതികളുടെ മകളും പെരിക്കല്ലൂര്‍ കുടിയിരുപ്പില്‍ സുനിലിന്റെ ഭാര്യയുമായ ഷാന്റി (32) മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ഭര്‍തൃമാതാവ് പെരിക്കല്ലൂര്‍ കുടിയിരുപ്പില്‍ ചിന്നമ്മ (60)യെ മാനന്തവാടി ഡിവൈഎസ്പി പ്രേംകുമാര്‍ ഇന്നലെ അറസ്റു ചെയ്തത്.

കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് ഷാന്റി അബുദാബിയില്‍ ഫ്ളാറ്റിന്റെ മുകളില്‍ നിന്നു വീണ് മരിച്ചത്. ഷാന്റിയുടെ മരണത്തില്‍ ദുരൂഹതയുണ്െടന്ന് പറഞ്ഞ് പിതാവ് ഫിലിപ്പ് മാനന്തവാടി ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. ഷാന്റിയെ ഭര്‍തൃ വീട്ടുകാര്‍ നിരന്തരമായി ഉപദ്രവിച്ചിരുന്നതായി ഷാന്റി വീട്ടില്‍ വിളിച്ചു പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പോലീസില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് ചിന്നമ്മയെ അറസ്റു ചെയ്തത്. 2007ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

വിവാഹശേഷം ഒരുവര്‍ഷത്തോളം ഭര്‍ത്തൃവീട്ടിലായിരുന്നു ഷാന്റി താമസിച്ചിരുന്നത്. ഭര്‍തൃമാതാവിന്റെ നിരന്തര പീഡനത്തെതുടര്‍ന്ന് ഷാന്റി സ്വന്തം വീട്ടിലേക്ക് പോവുകയും തുടര്‍ന്ന് മധ്യസ്ഥര്‍ ഇടപെട്ട് വിഷയം പറഞ്ഞുതീര്‍ത്ത് ഷാന്റിയെയും കൂട്ടി സുനില്‍ അബുദാബിയിലേക്കു പോയി. തുടര്‍ന്ന് അബുദാബിയില്‍ നഴ്സായി മൂന്നുവര്‍ഷക്കാലം ജോലി ചെയ്തിരുന്നു. മക്കളെ നോക്കുന്നതിനുവേണ്ടി ജോലി ഉപേക്ഷിച്ച ഷാന്റി വീട്ടില്‍ തന്നെ കഴിയുകയായിരുന്നു.

ഷാന്റിയുടെ ഭര്‍ത്താവ് കുടിയിരുപ്പില്‍ സുനില്‍ അബുദാബിയില്‍ അല്‍ഫുള്‍ട്ടാന്‍ കമ്പനിയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറാണ്. ഷാന്റിയുടെ ഭര്‍തൃമാതാവ് ചിന്നമ്മ കഴിഞ്ഞ ജനുവരി ഒമ്പതിന് വിസിറ്റിംഗ് വീസയില്‍ അബുദാബിയില്‍ എത്തുകയും ഷാന്റിയോട് ക്രൂരമായി പെരുമാറുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഷാന്റിയുടെ പേരില്‍ വലിയ തുകയ്ക്കുള്ള ഇന്‍ഷ്വറന്‍സ് പോളിസിയെടുത്തിട്ടുണ്െടന്നുള്ളതായും പറയപ്പെടുന്നു.

സുനില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുള്ളതായും അറിയാന്‍ സാധിച്ചിട്ടുണ്ട്. മാര്‍ച്ച് അഞ്ചിന് (ബുധന്‍) 11 ഓടെ ഷാന്റി വീട്ടിലേക്കുവിളിക്കുകയും അമ്മയോടും സഹോദരനോടും സംസാരിക്കുകയും ചെയ്തിരുന്നു. സുനിലിന്റെ അമ്മയുമായി വഴക്കുണ്ടാവുകയും സുനില്‍ ശാരീരികമായി മര്‍ദ്ദിച്ചതായും കൊല്ലാന്‍ ശ്രമിച്ചതായും പറഞ്ഞിരുന്നു. ഇതിനുശേഷം ഉച്ചകഴിഞ്ഞ് രണ്േടാടെ പെരിക്കല്ലൂരിനുള്ള സുനിലിന്റെ പിതാവ് ലൂക്ക കുടിയിരിപ്പില്‍ ഷാന്റിയുടെ സഹോദരി ഭര്‍ത്താവിനെ വിളിച്ച് ഷാന്റി 18 നിലയുള്ള ഫ്ളാറ്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തെന്നും പറയുകയുമാണുണ്ടായതെന്ന് ഷാന്റിയുടെ ബന്ധുക്കള്‍ അറിയിച്ചു.

മകളുടെ മരണം സംബന്ധിച്ച് സംശയമുണ്െടന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഷാന്റിയുടെ അച്ഛന്‍ തച്ചേരിയില്‍ ഫിലിപ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അന്നത്തെ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിതലയ്ക്കും അബുദാബി എംബസിക്കും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി. റോസക്കുട്ടിക്കും സെക്രട്ടറി നോര്‍ക്ക തിരുവനന്തപുരത്തിനും ജില്ലാ പോലീസ് സൂപ്രണ്ടിനും മീനങ്ങാടി പോലീസ് സ്റ്റേഷനിലും പരാതി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാനന്തവാടി ഡിവൈഎസ്പി പ്രേംകുമാര്‍ നടത്തിയ അന്വേഷണത്തിനുശേഷം ചിന്നമ്മയെ അറസ്റു ചെയ്തത്.