ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയ നടപടി പ്രാവസികളോടുള്ള കടുത്ത അവഗണന: കെകെഎംഎ
Monday, June 9, 2014 5:50 AM IST
കുവൈറ്റ്: ഗള്‍ഫിലെ വിദ്യാലയങ്ങള്‍ക്കു അവധി ആരംഭിക്കുമ്പോള്‍ വിമാനക്കമ്പനികള്‍ക്ക് ചാകരയാണ്. ചടങ്ങുപോലെ ഈ വര്‍ഷവും വിമാന യാത്ര നിരക്ക് ഒരു തത്ത്വദീക്ഷയുമില്ലതെ കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. ഈ അടുത്തായി ഇന്ധന വിലയില്‍ വലിയ വര്‍ധനവൊന്നും ഉണ്ടായിട്ടില്ല. ഇതില്‍ സ്വകാര്യ കമ്പനികള്‍ എന്നോ എയര്‍ ഇന്ത്യ എന്നോ വ്യത്യാസമില്ല.

സര്‍വീസുകളുടെ എണ്ണം കൂടിയിട്ടും അവധിക്കാലമാകുമ്പോള്‍ കഴുത്തറുപ്പന്‍ നിരക്കിന്റെ കാര്യത്തില്‍ എല്ലാ വിമാനക്കമ്പനികളും ഒരേ മനസാണ്. കാരണം ചോദിക്കാനും പറയാനും ആരും ഇല്ലാത്ത ഒരു വിഭാഗമായി മാറിയിരിക്കുന്നു ഗള്‍ഫ് പ്രവാസികള്‍. ഒരു ചെറിയ കുടുംബത്തിനു പോലും നാട്ടിലേക്ക് പോകണമെങ്കില്‍ ലക്ഷക്കണക്കിന് രൂപ വേണം. സാധാരണ പ്രവാസിയെ സംബന്ധിച്ചേടത്തോളം താങ്ങാവുന്നതിനപ്പുറമാണ്. നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും നടപടി എടുക്കാമെന്നു പറയുന്നതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലാണ് പ്രവാസികള്‍ എന്ന് രാഷ്ട്രീയക്കാര്‍ പറയുമെങ്കിലും അവരെ സഹായിക്കുന്ന കാര്യമെത്തുമ്പോള്‍ എല്ലാവര്‍ക്കും ഒരേ മനസാണ്.

കേരളത്തിലെ ജനപ്രതിനിധികള്‍ മനസുവച്ചാല്‍ പരിഹരിക്കാന്‍ പറ്റാത്ത വിഷയമല്ലിത്. പ്രവാസികളുടെ സമ്പാദ്യം മുഴുവനും കുടുംബവുമൊത്തുള്ള വിമാന ടിക്കറ്റിനു ചിലവാക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. ഒരു ന്യായീകരണവുമില്ലാതെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയ നടപടി പ്രാവസികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കി ടിക്കറ്റ് നിരക്ക് സാധാരണ പോലെ കൊണ്ടുവരുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നു കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളോടും കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളോടും പ്രമേയത്തിലൂടെ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍