ആര്‍. രമേശ് അനുസ്മരണവും മെമ്മോറിയല്‍ പ്രവാസി അവാര്‍ഡ് പ്രഖ്യാപനവും
Monday, June 9, 2014 5:49 AM IST
കുവൈറ്റ്: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല-കുവൈറ്റ്) രമേശ് അനുസ്മരണം സംഘടിപ്പിക്കുന്നു. കലയുടെ സമുന്നത നേതാവും വിവിധ വര്‍ഷങ്ങളില്‍ പ്രധാന ഭരവാഹിത്വവും വഹിച്ചിട്ടുള്ള ആര്‍. രമേശ് നമ്മളെ വിട്ടുപിരിഞ്ഞിട്ട് ഒരുവര്‍ഷം തികയുകയാണ്.

1997-ല്‍ കല ഗള്‍ഫ് ഇന്ത്യന്‍ സ്കൂളില്‍ നടത്തിയ ഒരു ചര്‍ച്ചാ സമ്മേളനത്തിലൂടെയാണ് രമേശ് കലയുടെ പ്രവര്‍ത്തനങ്ങളിലേക്കു കടന്നുവന്നത്. തുടര്‍ന്നു കലയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ടും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടും ഏതാണ്ട് മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി.

കുവൈറ്റിലാകമാനമുള്ള കലയുടെ പ്രവര്‍ത്തകരുമായും മറ്റു സംഘടനകളുമായും ഊഷ്മളമായ ബന്ധം നിലനിര്‍ത്തിയ സഖാവിന്റെ ഇടപെടല്‍ സമൂഹത്തില്‍ മാതൃകാപരമായിരുന്നു.

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയായ രമേശ് വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയരംഗത്തേക്കു കടന്നുവന്നത്.

കര്‍ഷകതൊഴിലാളി കുടുംബത്തില്‍ നിന്നുമുള്ള രമേശ് കുവൈറ്റിലേക്കു വരുന്ന ഘട്ടത്തില്‍ സിപിഎം കരുവാറ്റ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. 2012-ല്‍ കുവൈറ്റില്‍വച്ച് മാരകമായ ശ്വാസകോശാര്‍ബുദം ബാധിച്ചിരിക്കുന്നതായി കണ്െടത്തുകയും തുടര്‍ന്നു നാട്ടില്‍ തുടര്‍ചികിത്സ നടത്തിയ രമേശ് 2013 ജൂണ്‍ 12-നു ഈ ലോകത്തോടു വിടപറയുകയുമാണുണ്ടായത്. രമേശിന്റെ ഭാര്യ വിജയ രമേശും ഏക മകന്‍ കെവിന്‍ രമേശ് ചെന്നൈയില്‍ കോമേഴ്സ് വിദ്യാര്‍ഥിയുമാണ്.

രമേശിന്റെ വിയോഗം കലയെ സംന്ധിച്ചിടത്തോളം നികത്താനവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ നിലനിര്‍ത്തുവാനും കുവൈറ്റ് പ്രവാസിസമൂഹത്തില്‍ അദ്ദേഹം നടത്തിയിട്ടുള്ള മാതൃകാപരമായ പ്രവത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകുവാനുമാണ് കല-കുവൈറ്റ് വിഭാവനം ചെയ്യുന്നത്. എല്ലാ വര്‍ഷവും ആര്‍. രമേശ് അനുസ്മരണം സംഘടിപ്പിക്കുവാനും ഗള്‍ഫ് മേഖലയില്‍ മികച്ച നിലയില്‍ സമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച തെരഞ്ഞെടുക്കപ്പടുന്ന വ്യക്തിക്ക്

പ്രതിവര്‍ഷം 'ആര്‍. രമേശ് മെമ്മോറിയല്‍ പ്രവാസി അവാര്‍ഡ്' നല്‍കുവാനും കല-കുവൈറ്റ് തീരുമാനിച്ചിട്ടുണ്ട്. മൂന്നംഗങ്ങളുള്ള ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.

ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മാധ്യമരംഗത്തെ പ്രമുഖ വ്യക്തിയും സാമൂഹ്യപ്രവര്‍ത്തകനുമായ ഇ.എം അഷ്റഫ്, കലയൂടെ കലാകാലങ്ങളിലുള്ള സെക്രട്ടറി, കലയുടെ പ്രമുഖ പ്രവര്‍ത്തകനായ എന്‍. അജിത്കുമാര്‍ എന്നിവരാണ് ജൂറിയംഗങ്ങള്‍.

25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതായിരിക്കും അവാര്‍ഡ്.

ഓഗസ്റ് 15നു നടക്കുന്ന സൌജന്യമാതൃഭാഷാപ്രവര്‍ത്തനങ്ങളുടെ സമാപന പരിപാടിയില്‍ വച്ച് അവാര്‍ഡ് നല്‍കുകയും തുടര്‍വര്‍ഷങ്ങളില്‍ കലയുടെ മെഗാപരിപാടികളില്‍ വച്ചുമാണ് അവാര്‍ഡ് നല്‍കുവാന്‍ തീരുമാനിച്ചിട്ടുള്ളത്.

ഈ വര്‍ഷത്തെ അവര്‍ഡിനായി ഒമാന്‍ കേന്ദ്രീകരിച്ച്, സാമൂഹ്യ, ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പി.എം. ജാബറിനെയാണ് ജൂറി തെരഞ്ഞെടുത്തിട്ടുള്ളത്.

വളരെ ചറുപ്പകാലം മുതലേ പി.എം ജാബര്‍ സാമൂഹ്യപ്രവത്തന രംഗത്തുള്ള പ്രവര്‍ത്തനം നെഞ്ചിലേറ്റിയിന്നു. തുടര്‍ന്ന് 1982-ല്‍ ഒമാനില്‍ തൊഴിലിനായി എത്തിയതുമുതല്‍ നിരന്തരം ഈരംഗത്തു പ്രവാസി സമൂഹത്തിലുള്ള അഗതികള്‍ക്കും അശരണര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി സാമൂഹിക സംഘടനകള്‍ വഴിയാണ് അദ്ദേഹം ഇതു സാധ്യമാക്കിയത്. കൈരളി ആര്‍ട്സ് ക്ളബ് ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കമ്യുണിറ്റി സര്‍വീസസ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ ദീര്‍ഘകാലം വഹിച്ച അദ്ദേഹം പ്രവാസികളൂടെ പ്രശ്നങ്ങളുമായി നിരന്തരം എംബസിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയും

ഓപ്പണ്‍ ഹൌസ് തുടങ്ങിയകാലം മുതല്‍ സ്ഥിരമായി പങ്കെടുക്കുകയും ചെയ്യുന്നു. ശവശരീരങ്ങള്‍ നാട്ടിലേക്ക് അയയ്ക്കുവാനുള്ള പ്രവര്‍ത്തനങ്ങളിലും ശ്രദ്ധപതിപ്പിക്കുന്നു. നാളിതുവരെ 3000 ലേറെ പ്രവസികളൂടെ ഭൌതിക ശരീരം നാട്ടില്‍ അയയ്ക്കുവാന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. ഇതിനെല്ലാമുപരി കൈരളി പ്രവാസിലോകം പരിപാടിയിലൂടെ 70 തിലേറെ ആളുകളെ കണ്െടത്തുവാനും നാട്ടിലേക്ക് അയയ്ക്കുവാനും കഴിഞ്ഞിട്ടുണ്ട്.

ഇതിനൊടകം ജീവകാരുണ്യപ്രവര്‍ത്തനരംഗത്തെ നിസ്വാര്‍ഥ സേവനം പരിഗണിച്ചുകൊണ്ട് വിവിധ അവാര്‍ഡുകള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പരിപൂര്‍ണ പിന്തുണ നല്‍കുന്ന ഭാര്യ ഷഹനസും വൈലാന, ജുലിയാന എന്നീ മക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.

അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടതില്‍ രമേശിനെ സ്നേഹിക്കുന്ന കുവൈറ്റ് പ്രവാസി സമൂഹത്തൊടൊപ്പം കല-കുവൈറ്റിനും ചാരിതാര്‍ഥ്യമുണ്െടന്നു കല പ്രസിഡന്റ് ജെ. സജി, ജനറല്‍ സെക്രട്ടറി ടി.വി.ജയന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അബാസിയ ഏരിയ സെക്രട്ടറി സി.കെ നൌഷാദ്, ആര്‍. നാഗനാധന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍