'സഭ' ഗ്രീഷ്മം നൃത്ത സംഗീതോത്സവം
Monday, June 9, 2014 5:47 AM IST
കുവൈറ്റ്: ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഗീത കലാ സഭകളുടെ ചുവടു പിടിച്ച് ക്ളാസിക്കല്‍ കലകളുടെ ഉന്നമനത്തിനും പ്രചാരത്തിനുമായി കുവൈറ്റില്‍ 'സഭ' പ്രവര്‍ത്തിച്ചു വരുന്നു. ഇത്തരത്തില്‍ മിഡില്‍ ഈസ്റില്‍ ആദ്യത്തെ സഭയാണ് കുവൈറ്റിലേത്. ശുദ്ധ ക്ളാസിക്കല്‍ കലകളുടെ വേദിയാണ് സഭ.

2013 ലെ വിജയദശമി ദിനത്തില്‍ ലളിത വരദരാജന്‍ അവതരിപ്പിച്ച സംഗീത സദസായിരുന്നു ആദ്യ സഭ. ശിവരാത്രി നൃത്ത സംഗീതോത്സവം രണ്ടാമതു സഭയായപ്പോള്‍ ആസ്വാദകരുടെ എണ്ണം ഇരട്ടിയായി. ഒരു കൂട്ടം കലാകാരന്മാരും ആസ്വാദകരും ഒത്തുചേര്‍ന്ന് 'സഭ' യുടെ ഈ വര്‍ഷത്തെ പരിപാടികള്‍ ആസൂത്രണം ചെയ്തു.

മൂന്നാമതു 'സഭ' വിജയകരമായി നടന്നു. 'ഗ്രീഷ്മം' എന്നു പേരിട്ട പരിപാടിയില്‍ സഭ ആസ്വാദകരെക്കൊണ്ട് നിറഞ്ഞു. 525 ല്‍പരം സിനിമാ ഗാനങ്ങള്‍ വിവിധ ഭാഷകളിലായി ആലപിച്ച പിന്നണി ഗായിക സിന്ധു രമേഷ് അവതരിപ്പിച്ച സംഗീതകച്ചേരിക്ക്, തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് പ്രഫ. തിരുവിഴ ജി. ഉല്ലാസ് വയലിനിലും പെരുന്ന ജി. ഹരികുമാര്‍ മൃദങ്ങത്തിലും രാഗേഷ് രാമകൃഷ്ണന്‍ ഘടതിലും കലാമണ്ഡലം സത്യനാരായണന്‍ മുഘര്‍ശംഖിലും പക്കം വായിച്ചു.

പ്രശസ്ത നര്‍ത്തകന്‍ പ്രതിഭാ കൃഷ്ണ ഭട്ടിന്റെ ശിഷ്യ ശുഭാ രാജേഷ് അയ്യര്‍ ഭരതനാട്യം അവതരിപ്പിച്ചു. 'കൊഞ്ചും ശിലന്ഗൈ' എന്ന തമിഴ് പദവും 'ധുമക് ചലോ' എന്ന ഹിന്ദി അഭങ്ങും ഉള്‍പ്പടെ ശൈലിയിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തിയ നൃത്ത വിരുന്നില്‍ സുജാതാ രാജേന്ദ്രന്റെ നൃത്ത വിദ്യാര്‍ഥികള്‍ ഭാവനാ മേനോന്‍, സ്മൃതി ഗണപതി, സൌമ്യ നാഥന്‍ എന്നിവര്‍ നൃത്യാഞ്ജലി ചെയ്തു.

'ഗ്രീഷ്മം' പരിപാടിക്കു പ്രത്യേക ക്ഷണിതാവായി നാട്ടില്‍ നിന്നും എത്തിയ തിരുവിഴ ഉല്ലാസ് അവതരിപ്പിച്ച വയലിന്‍ കച്ചേരി അപ്രഖ്യാപിത പരിപാടിയായി അരങ്ങത്ത് എത്തിയപ്പോള്‍, സഞ്ചാരത്തിലെ പ്രത്യേക സൌമ്യതയും പാരമ്പര്യ കര്‍ണാടക സംഗീതത്തിന്റെ സൌന്ദര്യവും ഒത്തു ചേര്‍ന്നൊരു വിശിഷ്ഠ സംഗീത വിരുന്നായി. അദ്ദേഹത്തെ ആദരിക്കാന്‍ കുവൈറ്റിലെ 'അല്‍ ജാബര്‍ കോളജ് ഓഫ് മ്യൂസിക്', വയലിന്‍ വിഭാഗം പ്രഫസര്‍ യൂസുഫ് അല്‍ സായെഘ് വേദിയില്‍ എത്തി.

കേരള സംഗീത നാടക അക്കാഡമിയുടെയും സൂര്യാ ഇന്ത്യയുടെയും കുവൈറ്റ് ചാപ്റ്റര്‍ ചെയര്‍മാനായ വിജയ് കാരയില്‍ ചെയര്‍മാന്‍ ആയ 'സഭ'യുടെ പരിപാടികള്‍ സ്പോണ്‍സര്‍ഷിപ്പ്, പരസ്യം, മെംബര്‍ഷിപ്, എന്‍ട്രി ടിക്കറ്റ് തുടങ്ങി യാതൊരുവിധ സാമ്പത്തിക ശേഖരണവും ഇല്ലാതെയാണ് നടക്കുന്നത്. കലാകാരന്മാരും ആസ്വാദകരും അപ്പപ്പോള്‍ പിരിച്ചെടുക്കുന്ന സംഖ്യ കൊണ്ട് വളരെ കുറഞ്ഞ ചെലവില്‍ ഉന്നത നിലവാരം വാഗ്ദാനം ചെയ്യുന്ന പരിപാടികളാണ് 'സഭ'യുടെ പ്രത്യേകത.

കുവൈറ്റിലെ നാലാമതു സഭ ഒക്ടോബര്‍ മൂന്നിന് പ്രഫ. പി. സുബ്രഹ്മണ്യം മാവേലിക്കര അവതരിപ്പിക്കുന്ന സംഗീത സദസ് ആണ്. വിജയദശമി ദിനമായ അന്നു രാവിലെ പുതിയ അക്ഷരാര്‍ധികള്‍ക്കായി വിദ്യാരംഭം നടത്തും. കൂടാതെ, സംഗീതപ്രേമികളുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ച് പ്രഫ. തിരുവിഴ ഉല്ലാസ് വായ്പാട്ടിലും വയലിനിലും വിദ്യാരംഭം കുറിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ടഅആഒഅ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍