ഫോമയുടെ യുവ പ്രതിനിധിയായി ടോമിന്‍ മഠത്തില്‍
Monday, June 9, 2014 1:17 AM IST
ന്യൂയോര്‍ക്ക്: ഫോമയുടെ യുവജന വിഭാഗം പ്രതിനിധിയായി 2014-16 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തക സമിതിയില്‍ ടോബിന്‍ മഠത്തില്‍ മുന്നോട്ട്. ഫോമയുടെ നാലാമത് ജനകീയ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി, കഴിഞ്ഞ രണ്ടുവര്‍ഷത്തെ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിച്ച്, കലാശക്കൊട്ടിന് ഫിലാഡല്‍ഫിയ നഗരം വേദിയാകുമ്പോള്‍ അമേരിക്കയിലെത്തിയ മലയാളി മക്കളുടെ പുതുതലമുറയ്ക്ക് ആവേശം പകരുന്നതും, പ്രാതിനിധ്യം നല്‍കുന്നതുമായ ഒരു ജനകീയ സംഘടനയായി ഫോമയെ ഇന്നിന്റെ തലമുറ നോക്കി കാണുമ്പോള്‍, ആ സംഘടനയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിക്കുന്നതിന്റെ നിറഞ്ഞ സന്തോഷത്തിലാണ് ടോബിന്‍ എന്ന ചെറുപ്പക്കാരന്‍.

ലോംഗ്ഐലന്റിലെ സെന്റ് മേരീസ് കാത്തലിക് സ്കൂളില്‍ നിന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, ക്യൂന്‍സ് കമ്യൂണിറ്റി കോളജില്‍ നിന്ന് അസോസിയേറ്റ് ഡിഗ്രിയും കരസ്ഥമാക്കിയ ടോബിന്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ ജോണ്‍ ജെ. കോളജിലെ ക്രിമിനല്‍ ജസ്റീസ് വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍. പഠനത്തിലും സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളിലും ഒരുപോലെ കഴിവുകള്‍ പ്രകടിപ്പിച്ചിട്ടുള്ള ടോബിന് 2012-ല്‍ ന്യൂയോര്‍ക്കില്‍ വന്‍ നാശം വിതച്ച സാന്‍ഡി ദുരിതത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടി നടന്ന ദുരിതാശ്വാസ സേവനങ്ങളില്‍ ഏറ്റവും നല്ല പ്രവര്‍ത്തകനുള്ള കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് ലഭിച്ചിരുന്നു.

ന്യൂയോര്‍ക്കിലെ യുവാക്കളുടെ ഇടയില്‍ വന്‍ സുഹൃദ്ബന്ധത്തിന് ഉടമയായ ടോബിന്‍ റൂസ് വെല്‍റ്റ് ഐസനോവര്‍ ഡെമോക്രാറ്റിക് ക്ളബ് അംഗമായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രതിനിധിയാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം