ഗാര്‍ലന്‍ഡ് സെന്റ് തോമസ് ഇടവക ഫൊറോനയാക്കി; വിശ്വാസികള്‍ക്ക് ധന്യമുഹൂര്‍ത്തം
Saturday, June 7, 2014 8:14 AM IST
ഡാളസ്: ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവക ഫൊറോനയായി ഉയര്‍ത്തപ്പെട്ടു. ജൂണ്‍ ഒന്നിന് (ഞായര്‍) രാവിലെ പ്രാര്‍ഥനാനിരതമായ അന്തരീഷത്തില്‍ ദിവ്യബലി മധ്യേയാണ് ദേവാലയത്തില്‍ ഔദ്യോഗിക ചടങ്ങുകള്‍ നടന്നത്.

രൂപത ചാന്‍സലര്‍ റവ.ഡോ. സെബാസ്റ്യന്‍ വേത്താനത്ത് ഇടവകാംഗങ്ങളെ സാക്ഷികളാക്കി ഇടവകയെ ഫൊറോന തലത്തിലേക്ക് ഉയര്‍ത്തുന്ന രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ ഔദ്യോഗിക കല്‍പ്പന വായിച്ചു. ഇടവക വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കലിനെ ഫൊറോന വികാരിയായി ആയി നിയമിച്ചുകൊണ്ടുമുള്ള പ്രഖ്യാപനവും നടന്നു. തുടര്‍ന്ന് ഫൊറോന ദേവാലയമാക്കുന്നതിന്റെ ഭാഗമായി ദീപനാളങ്ങള്‍ തെളിച്ചു. ഡാളസിലെ വിശ്വാസസമൂഹത്തിനു ധന്യമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച നിമിഷങ്ങളായി ഇത്.

മാര്‍ അങ്ങാടിയത്തില്‍നിന്നും ലഭിച്ച ഔദ്യോഗിക രേഖകള്‍ ചാന്‍സിലര്‍, ട്രസ്റിമാരായ ഇമ്മാനുവല്‍ കുഴിപ്പളില്‍, ജിമ്മി മാത്യു എന്നിവര്‍ക്ക് കൈമാറി. റവ.ഡോ. സെബാസ്റ്യന്‍ വേത്താനത്ത്, ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, ഫാ ടോമി കുഴിപ്പിള്ളില്‍ എന്നിവര്‍ ദിവ്യബലിയില്‍ കാര്‍മികരായി.

തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ റവ.ഡോ. സെബാസ്റ്യന്‍ വേത്താനത്ത് വിശ്വാസികളെ അഭിസംബോധന ചെയ്തു. ഫൊറോനദേവാലയം മറ്റുദേവാലയങ്ങള്‍ക്ക് മാതൃകയാകാവണമെന്നും അംഗീകാരത്തോടൊപ്പം പുതിയ ഉത്തരവാദിത്വവും കടമയുമാണ് ഇടവക്ക് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ചടങ്ങില്‍ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ സ്വാഗതം പറഞ്ഞു. ട്രസ്റി ഇമ്മാനുവല്‍ കുഴിപ്പിള്ളില്‍, യുവജന പ്രതിനിധി അഞ്ജലി ജെയിംസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് സ്നേഹ വിരുന്നും നടന്നു. ട്രസ്റിമാരായ ഇമ്മാനുവല്‍ കുഴിപ്പളില്‍, ജിമ്മി മാത്യു, പാരീഷ് കൌണ്‍സില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യത്തെ സീറോ മലബാര്‍ ഇടവകയായ ഡാളസ് സെന്റ് തോമസ് ഇടവക 1984ലാണ് മിഷനായി ആരംഭിച്ചത്. തുടക്കത്തില്‍ ഡാളസ് കത്തോലിക്കാ രൂപതയുടെ കീഴിലുള്ള ദേവാലയങ്ങള്‍ കേന്ദ്രമാക്കിയായിരുന്നു മിഷന്റെ പ്രവര്‍ത്തനങ്ങള്‍. വിശ്വാസികളുടെ എണ്ണം വര്‍ധിച്ചതോട 1992 ല്‍ ഗാര്‍ലന്‍ഡില്‍ സ്വന്തമായി പള്ളി വാങ്ങി സീറോ മലബാര്‍ ആരാധനാക്രമത്തില്‍ തുടങ്ങി. ഇടവകയുടെ പ്രഥമ ഡിറക്ടര്‍ രൂപത ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ആയിരുന്നു.

1999ല്‍ ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യത്തെ സ്വതന്ത്ര ഇടവകയായി ഉയര്‍ത്തപ്പെട്ട ഇടവകയുടെ പ്രഥമ വികാരിയായി ഫാ. ജോണ്‍ മേലേപ്പുറം നിയമിതനായി. ഇടവക കൂടുതല്‍ സജീവമായാതോടെ 2002 ല്‍ പള്ളിയോടു ചേര്‍ന്ന് പണികഴിപ്പിച്ച 18,000 ചതുരശ്ര അടിയുള്ള ജൂബിലി സെന്റര്‍ കുട്ടികളുടെ വേദപാഠ ക്ളാസുകള്‍ക്കും ഇടവകാംഗങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കും മുതല്‍ക്കൂട്ടായി. 2003ല്‍ ഫാ. സഖറിയാസ് തോട്ടുവേലില്‍ ഇടവകയുടെ വികാരിയായി. ഇടവകാംഗങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ അദ്ദേഹം കൂടുതല്‍ സൌകര്യപ്രദമായ ദേവാലയത്തിനുള്ള ശ്രമങ്ങള്‍ക്കു തുടക്കമിട്ടു.

2009 -ല്‍ നിയമിതനായ വികാരി ഫാ. സെബാസ്റ്യന്‍ കണിയാമ്പടിയുടെ നേതൃത്വത്തില്‍ അത്യാധുനിക സൌകര്യങ്ങളോടെ പൌരസ്ത്യ ക്രിസ്തീയ പാരമ്പര്യത്തില്‍ അധിഷ്ടിതമായി പണികഴിപ്പിച്ച പുതിയ ദേവാലയം തുടര്‍ന്ന് 2011 ഡിസംബറില്‍ കൂദ്ദാശ ചെയ്യപ്പെട്ടു. മൂന്നു ദശകങ്ങള്‍ പിന്നിടുമ്പോള്‍ സെന്റ് തോമസ് ഫൊറോന ഇടവക ഇപ്പോള്‍ ഡാളസിലും സമീപ പ്രദേശങ്ങളിലുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ആധ്യാത്മിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്.

രൂപതയുടെ ഭരണ അജപാലന രംഗങ്ങളില്‍ ഗുണമേന്മയും കാതലായ മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ച് സീറോ മലബാര്‍ രൂപതയ്ക്ക് അമേരിക്കയില്‍ ഇപ്പോള്‍ ഒമ്പതു പുതിയ ഫൊറോനകളുണ്ട്. ഈ ഫൊറോനകളുടെ കീഴിലാണ് 32 ഇടവക പള്ളികളും 36 മിഷനുകളും ഇനി വരുക.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍