സൌദി മലയാളി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ 2014: ദേശീയതല രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു
Saturday, June 7, 2014 8:09 AM IST
റിയാദ്: കിംഗ് ഖാലിദ് ഫൌണ്േടഷനും സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംയുക്തമായി നടത്തുന്ന സൌദി മലയാളി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ 2014 ന്റെ ദേശീയതല ഉദ്ഘാടന കര്‍മ്മം ഫൌണ്േടഷന്‍ ഡയറക്ടര്‍ ഷേഖ് ഖാലിദ് ബിന്‍ ഫഹദ് അല്‍ ജുലയ്യില്‍ നിര്‍വഹിച്ചു.

ഉമ്മുല്‍ ഹമാമിലെ കിംഗ് ഖാലിദ് ഫൌണ്േടഷനു കീഴിലെ ഗൈഡന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഇസ്ലാമിക പണ്ഡിതന്മാരും ദഅ്വാ പ്രവര്‍ത്തകരും സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ പങ്കെടുത്തു. ഖുര്‍ആന്‍ പരീക്ഷയുടെ പാഠാവലിയുടെ ആദ്യപ്രതി ഷേഖ് ഖാലിദ് ബിന്‍ ഫഹദ് അല്‍ ജുലയ്യില്‍ നിന്നും റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ റോജി മാത്യു മാവേലില്‍ ഏറ്റുവാങ്ങി. സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയ സമിതിയും സൌദി അറേബ്യയിലെ സൊസൈറ്റി ഓഫ് മെമ്മറൈസിംഗ് ദി ഹോളി ഖുര്‍ആന്‍ ഘടകങ്ങളും സംയുക്തമായി കഴിഞ്ഞ എട്ടു വര്‍ഷമായി നടത്തി വരുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയാണ് ഈ വര്‍ഷം മുതല്‍ കിംഗ് ഖാലിദ് ഫൌണ്േടഷന്‍ ഏറ്റെടുത്തിരിക്കുന്നത്.

കിംഗ് ഖാലിദ് ഫൌണ്േടഷന് കീഴിലുള്ള ഗൈഡന്‍സ് സെന്ററിന്റെ മേല്‍നോട്ടത്തിലായിരിക്കും ഇനി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുക.

സൌദി അറേബ്യയില്‍ ഏറ്റവുമധികം പൊതുജനപങ്കാളിത്തം ലഭിക്കുന്ന ഖുര്‍ആന്‍ വിജ്ഞാനപരീക്ഷയാണിത്. മുഹമ്മദ് അമാനി മൌലവി എഴുതിയ ഖുര്‍ആന്‍ വിവരണ സമാഹരണത്തിലെ അല്‍ അന്‍ഫാല്‍, അത്തൌബ എന്നീ അധ്യായങ്ങളെ ആസ്പദമാക്കിയുള്ളതാണ് ഈ വര്‍ഷത്തെ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ സിലബസ്. 75 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി പരിഭാഷയോടൊപ്പം വിതരണം ചെയ്യും.

സൌദി അറേബ്യയിലെ 33 കേന്ദ്രങ്ങളിലായി പതിനായിരത്തോളം പഠിതാക്കള്‍ക്ക് പാഠ്യപദ്ധതി എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പത്ത് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും പരീക്ഷയില്‍ പങ്കെടുക്കാം. ജൂണ്‍ ആറു മുതല്‍ ഓഗസ്റ് എട്ടു വരെയായിരിക്കും രജിസ്ട്രേഷന്‍ ക്യാമ്പയിന്‍. ഓപ്പണ്‍ ടെസ്റ്റിന്റെ ഉത്തരപേപ്പറുകള്‍ ഒക്ടോബര്‍ 24 വരെ സ്വീകരിക്കും.

നവംബര്‍ 21 ന് (വെള്ളി) ഫൈനല്‍ പരീക്ഷ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഓപ്പണ്‍ ടെസ്റ്റില്‍ 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ഫൈനല്‍ പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. ഫൈനലില്‍ വിജയിക്കുന്നവര്‍ക്ക് ഒന്നാം സമ്മാനമായി അര ലക്ഷം ഇന്ത്യന്‍ രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് കാല്‍ ലക്ഷം ഇന്ത്യന്‍ രൂപയും മൂന്നാം സമ്മാനം നേടുന്നവര്‍ക്ക് ഐപാഡും അടക്കം നിരവധി വിലപിടിപ്പുള്ള സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണ്.

വിജ്ഞാന പരീക്ഷയോടൊപ്പം വിശുദ്ധ ഖുര്‍ആന്‍ ഹിഫ്ദ് മത്സരവും നടക്കും. സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ തുടങ്ങിയ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള മത്സരങ്ങള്‍ക്ക് പുറമെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം മത്സരങ്ങളാണ് നടക്കുക. പ്രാദേശിക മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ ദേശീയ തല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടും. ജൂലൈ 15 വരെ ഹിഫ്ദ് മത്സരത്തിന്റെ രജിസ്ട്രേഷന്‍ നടക്കും.

സൊസൈറ്റി ഓഫ് മെമ്മറൈസിംഗ് ദി ഹോളി ഖുര്‍ആനിലെ പഠന വിഭാഗം തലവന്‍ ഷേഖ് ഇബ്രാഹിം അബ്ദുള്ള അല്‍ഈദ്, അല്‍ ഫുര്‍ഖാന്‍ സ്ഥാപനങ്ങളുടെ മാനേജര്‍ ഷേഖ് ഹുസൈന്‍ ബുറൈക് ആലു മസ്ഊദ്, ഷേഖ് ഫൈസല്‍ അബ്ദുള്ള എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. പ്രഗല്‍ഭ ഇസ്ലാമിക പ്രബോധകന്‍ മുഹമ്മദ് റോയ്, സിദ്ദീഖ് വെളിയങ്കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു. സൈനുല്‍ ആബിദ് ദമാം, ഡോ. അബൂബക്കര്‍ സിദ്ദീഖ്, നയിം കണ്ണൂര്‍, ശരീഫ് പാലത്ത്, ഇബ്രാഹിം വാബില്‍, സി.പി ഇബ്രാഹിം, മുജീബ് അലി തൊടികപ്പുലം, സാജിദ് കൊച്ചി, സിറാജ് ചെറുമുക്ക്, സമദ് പുളിക്കല്‍, അബ്ദുസലാം തൊടികപ്പുലം, റാശിദ് യൂസഫ്, മുനീര്‍ അരീക്കോട്, ആഷിഖ് പി.എന്‍, സുബൈര്‍ കലൂര്‍, ഷംസുദ്ദീന്‍ കണ്ണൂര്‍, അമീര്‍ അരൂര്‍, മുജീബ് ആമയൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഷമീര്‍ സ്വലാഹി സ്വാഗതവും അബൂഹുറൈര്‍ മൂത്തേടം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍