അല്‍ ഹുദ സ്കൂളില്‍ ലോക പരിസ്ഥിതി ദിനമാചരിച്ചു
Friday, June 6, 2014 6:37 AM IST
റിയാദ്: ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് വിവിധ പരിപാടികളോടെ റിയാദിലെ അല്‍ ഹുദ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ആചരിച്ചു. സ്കൂളിലെ സയന്‍സ് ക്ളബിന്റെയും നേച്ചര്‍ ക്ളബിന്റെയും നേതൃത്വത്തില്‍ 'കാലാവസ്ഥാ വ്യതിയാനം, കാരണവും ഭവിഷ്യത്തുകളും' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ വിദ്യാര്‍ഥികളും അധ്യാപകരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സെമിനാറില്‍ സംബന്ധിച്ചവര്‍ സംസാരിച്ചു. നദിയും തടാകങ്ങളും പരിസരവും ദിനേന മലിനീകരിക്കപ്പെടുന്നതിന്റെ ഗുരുതരമായ ഭവിഷ്യത്തുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പ്രകൃത്യാ സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം മനുഷ്യന്‍ കര്‍മ്മം കൊണ്ടുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഏറെ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. കുടിവെള്ളം പോലും ഇന്ന് വിഷലിപ്തമാണ്. അന്തരീക്ഷ താപം കൂടിക്കൂടി വന്ന് ഭൂമി തിളച്ചു കൊണ്ടിരിക്കുന്നു. മഞ്ഞു മൂടിക്കിടന്നിരുന്ന ഹിമാലയവും അന്റാര്‍ട്ടിക്കയും ഇന്ന് ശൈത്യകാലത്തിന് കൊതിക്കുന്നു. പ്രകൃതി സംരക്ഷിക്കപ്പെടാനും അസാധാരണമായ കാലാവസ്ഥാ വ്യതിയാനം ഇല്ലാതിരിക്കാനും മരങ്ങള്‍ വച്ചു പിടിപ്പിച്ചേ മതിയാവു എന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

ഭൂമിയെ സംരക്ഷിക്കാനും പരിസ്ഥിതി നാശം തടയാനുമായി പ്രയത്നിക്കുമെന്ന് വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു. അറിഞ്ഞോ അറിയാതെയോ ഭൂമിയെ മലിനമാക്കുന്ന യതൊരു പ്രവര്‍ത്തിയിലും ഏര്‍പ്പെടുന്നതല്ലെന്നും പ്രതിജ്ഞ ചെയ്തു.

മുന ഗ്രൂപ്പ് ഓഫ് സ്കൂളിന്റെ പി.വി അബ്ദുറഹ്മാന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുള്‍ റഷീദ് അധ്യക്ഷനായിരുന്നു. ക്രിസ്റ്റീന (ഹെഡ്മിസ്ട്രസ്), എസ്.എം മൌസീഫ് (അഡ്മിന്‍. മാനേജര്‍), കവിത (സയന്‍സ് കോഓര്‍ഡിനേറ്റര്‍), റംസി സ്വാലിഹ്, സുനീറ, ഹമീദ, മുനീബ, ഉമ്മുല്‍ ഹിന്ദ്, വിഖാറുന്നിസ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആയിശ ഗുല്‍സാര്‍, റിദ, നൂഹ, നുഹ, ശ്രീപ്രിയ, ശ്രുതിലയ, ശൈയ്ഷ്ട, ബുഷ്റ റഹ്മാന്‍, നിദ തുടങ്ങിയ വിദ്യാര്‍ഥികള്‍ പ്രബന്ധം അവതരിപ്പിച്ചു.

പച്ച വസ്ത്രങ്ങളിഞ്ഞ് കെ.ജി വിദ്യാര്‍ഥികളുടെ പ്രത്യേക അസംബ്ളി, ഒന്ന്, രണ്ട് ക്ളാസിലെ കുട്ടികളവതരിപ്പിച്ച വിവിധ സ്റ്റേജ് പ്രോഗ്രാമുകള്‍, പാഴ് വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ വിവിധ അലങ്കാര സാധനങ്ങളുടെ പ്രദര്‍ശനം തുടങ്ങിയ നിരവധി പരിപാടികളും പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളില്‍ നടന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍