കുവൈറ്റില്‍ കുറ്റകൃത്യങ്ങളില്‍ ആറാം സ്ഥാനം ഇന്ത്യക്കാര്‍ക്ക്
Thursday, June 5, 2014 8:14 AM IST
കുവൈറ്റ്: ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ക്രിമിനല്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കില്‍ ഇന്ത്യക്കാരില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവു വന്നതായി അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്ത് ഈജിപ്ത് കഴിഞ്ഞാല്‍ ഏറ്റവും വലിയ കുടിയേറ്റ വിഭാഗമായ ഇന്ത്യക്കാര്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം രജിസ്റര്‍ ചെയ്യപ്പെട്ടത് 280 കുറ്റകൃത്യങ്ങള്‍ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇന്ത്യക്കാര്‍ക്കെതിരെ 421 കേസുകള്‍ രജിസ്റര്‍ ചെയ്യപ്പെട്ട സ്ഥാനത്താണിത്.

കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ 3609 കുറ്റങ്ങളുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് സ്വദേശികള്‍ തന്നെയാണ്. ബിദൂനികളാണ് രാജ്യത്ത് കുറ്റകൃത്യം കൂടുതല്‍ നടത്തിയ രണ്ടാമത്തെ വിഭാഗം. മൂന്നും നാലും അഞ്ചും സ്ഥാനത്തായി യഥാക്രമം ഈജിപ്റ്റ്, സൌദി, സിറിയ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളില്‍ പത്ത് ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മയക്കുമരുന്നു വില്‍പനയും ഉപയോഗവുമായി ബന്ധപ്പെട്ടുള്ള കേസുകളാണ് കൂടുതലും രജിസ്റര്‍ ചെയ്യപ്പെട്ടതെന്ന് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍