സൌദിയില്‍ ഒരേ ഉടമസ്ഥന് കീഴിലുള്ള വ്യത്യസ്ത കമ്പനികളിലേക്ക് മാറുന്നതിന് പുതിയ നിബന്ധനകള്‍
Thursday, June 5, 2014 8:12 AM IST
ദമാം: ഒരേ ഉടമസ്ഥന് കീഴിലുള്ള വിവിധ സ്ഥാപനത്തിലേക്ക് മാറുന്നതിന് സൌദി തൊഴില്‍ മന്ത്രാലയം പുതിയ നിബന്ധന കൊണ്ടുവരുന്നു. അടുത്ത വര്‍ഷം മുതലാണ് പുതിയ നിബന്ധന നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

സ്ഥാപനത്തില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുകയും പുതിയ തൊഴില്‍ കരാര്‍ ഉണ്ടാക്കുകയും സ്ഥാപനത്തിന്റെ രീതിയനുസരിച്ച് തൊഴിലാളിയുടെ പ്രഫഷന് മാറ്റം നടത്തുകയും വേണം. അടുത്ത മുഹറം മുതലാണ് പുതിയ നിയമം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

ഒരു ഉടമസ്ഥന്റെ കീഴിലുള്ള സ്ഥാപനത്തില്‍നിന്നും പുതിയ സ്ഥാപനത്തിലേക്ക് മാറുമ്പോള്‍ പുതിയ തൊഴില്‍ കരാര്‍ ഉണ്ടായിരിക്കണമെന്ന റിയാദ് തൊഴില്‍ കാര്യാലയം മേധവി അബ്ദുള്ള അല്‍ ഉലയാന്‍ അറിയിച്ചു. സ്ഥാപനത്തിന് അനുസൃതമായ രീതിയിലാവണം തൊഴിലാളിയുടെ തൊഴില്‍ പെര്‍മിറ്റിലുള്ള പ്രഫഷന്‍ എന്നും അദ്ദേഹം പറഞ്ഞു. വീസയില്‍ രേഖപ്പെടുത്തിയതിന് വിപരീതമായ രീതിയില്‍ ജോലി ചെയ്യുന്നത് നിയമ ലംഘനമാണന്ന് അല്‍ ഉലയാന്‍ അറിയിച്ചു.

ഉടമസ്ഥന്റെ വ്യത്യസ്ത സ്ഥാപനങ്ങളിലേക്ക് മാറുകവഴി വിദേശത്തുനിന്നുള്ള റിക്രുട്ടിംഗ് ഒഴിവാക്കാന്‍ സാധ്യമാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍ സ്വദേശി ജീവനക്കാര്‍ക്ക് ഒരു ഉടമസ്ഥന്റെ കീഴിലുള്ള വ്യത്യസ്ത സ്ഥാപനത്തിലേക്ക് മാറുന്നതിന് വിരോധമുണ്ടാവില്ലെന്ന അല്‍ ഉലയാന്‍ വ്യക്തമാക്കി. എന്നാല്‍ പുതിയ സ്ഥാപനത്തിലേക്ക് മാറുന്നതിന് മുമ്പ് ആവശ്യമായ പരീശിലനം നല്‍കുകയും പുതിയ തൊഴില്‍ കരാര്‍ ഉണ്ടാക്കുകയും വേണം. വിദേശികളായ തൊഴിലാളികളെ യാതൊരു നിയന്ത്രണവുമില്ലാതെയും നിതാഖാത്ത് മറികടക്കാനുമായി സേവനം മാറ്റുന്നതായി കണ്െടത്തിയതിനെ തുടര്‍ന്നാണ് പുതിയ നിബന്ധന കൊണ്ടുവരുന്നതെന്ന് അദ്ദേഹം അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം