'പഠനത്തിനായി കൊണ്ടുവന്ന കുട്ടികളോട് സ്വീകരിച്ച പോലീസ് നടപടി അത്യന്തം അപലപനീയം'
Wednesday, June 4, 2014 7:43 AM IST
കുവൈറ്റ്: കേരളത്തിലെ വിവധ അനാഥാലയത്തിലേയ്ക്കായി പഠനത്തിനായി കൊണ്ടുവന്ന കുട്ടികളോട് പോലീസ് സ്വീകരിച്ച നടപടി അത്യന്തം അപലപനീയവും സാംസ്കാരിക കേരളത്തിനു നാണക്കേടുണ്ടാക്കുന്നതുമാണ്. മത സൌഹാര്‍ദ്ദത്തിന് പേരുകേട്ട കേരളത്തിലെ സാധാരണ ജനങ്ങളില്‍ സംശയം ഉണ്ടാക്കാന്‍ ഉതകുംവിധം തല്പര കക്ഷികള്‍ക്ക് അവരുടെ വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ സാധിക്കുന്ന തരത്തില്‍ പോലീസ് നടത്തിയ പ്രചാരണം ജുഗുപ്സാവഹമാണ്.

കേരളീയരായ മഹാമനസ്കരുടെ കരുണക്കായി എത്തിച്ചേര്‍ന്ന അന്യനാട്ടിലെ കുട്ടികളെ പരിശോധനയുടെ പേരില്‍ ഭീതിയുടെ മുള്‍മുനയില്‍ നിരത്തി ശിക്ഷിക്കുന്നതിനു പകരം രേഖകള്‍ ശരിയാക്കാന്‍ സാവകാശം നല്‍കി അവര്‍ ഉദ്ദേശിച്ച അനാഥാലയത്തില്‍ പഠനം നടത്താന്‍ സൌകര്യം ഒരുക്കണമെന്ന് ബന്ധപെട്ടവരോട് അഭ്യര്‍ഥിച്ചു. ഏതു സംസ്ഥാനത്തും പോയി വിദ്യാഭ്യാസം നേടാമെന്നിരിക്കെ, വിദ്യ അഭ്യസിക്കുവാന്‍ കേരളത്തിലെത്തിയ കുട്ടികളെ മനുഷ്യക്കടത്തെന്നു അധിക്ഷേപിച്ചത് അത്യന്തം അപലപനീയമാണ്. അതേ സമയം നടത്തിപ്പുകാര്‍ കുട്ടികളെ ചേര്‍ക്കുന്ന കാര്യത്തിലും അനാഥാലയം പരിപാലിക്കുന്ന കാര്യത്തിലും നിയമത്തിന്റെ പരിധിയില്‍ നിന്ന് കൊണ്ട് സുതാര്യമായി കൈകാര്യം ചെയ്യണമെന്നു കൂടി കെകെഎംഎ ഒരു പത്രക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്