കിംഗ് ഫഹദ് കോസ്വേയിലെ തിരക്ക് കുറയ്ക്കാന്‍ സൌദിയും ബഹ്റിനും എമിഗ്രേഷന്‍ നടപടികള്‍ ഏകീകരിക്കുന്നു
Tuesday, June 3, 2014 7:28 AM IST
ദമാം: കിംഗ് ഫഹദ് കോസ്വയില്‍ യാത്രക്കാരുടെ എമിഗ്രേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് സൌദിയും ബഹ്റിനും എമിഗ്രേഷന്‍ നടപടികള്‍ ഏകീകരിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് സൌദി ജവാസാത്ത് വക്താവ് ക്യാപ്റ്റന്‍ അഹമ്മദ് അല്ലുഹൈദാന്‍ വ്യക്തമാക്കി.

സൌദിയിലേക്കും ബഹ്റിനിലേക്കും യാത്ര ചെയ്യുന്നവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഏതെങ്കിലും ഒരു രാജ്യത്തെ ജവാസാത്തിനെ മാത്രം സമീപിച്ചാല്‍ മതിയാവുമെന്ന അല്ലുഹൈദാന്‍ പറഞ്ഞു. ഇത് ഇപ്പോഴുള്ള തെരക്കിന്റെ 50 ശതമാനം കുറയ്ക്കും.

ഇപ്പോള്‍ രണ്ടു രാജ്യങ്ങളിലുമായാണ് എമിഗ്രേഷന്‍, കസ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ഇത് ഒരു സ്ഥലത്തു മാത്രമായി ചുരുക്കാനാണ് ഉദ്ദേശിക്കുന്നത്. സൌദി ബഹ്റിന്‍ ആഭ്യന്തര മന്ത്രാലയങ്ങള്‍ തമ്മിലാണ് ഇതിനുള്ള പദ്ധതികള്‍ പൂര്‍ത്തിയായി വരുന്നത്.

പദ്ധതി യാഥാര്‍ഥ്യമായാല്‍ നടപടിക്രമങ്ങള്‍ 50 ശതമാനം ഒഴിവാകും. ഇതോടെ യാത്രക്കാരുടെ തെരക്കും സമയവും ഗണ്യമായി കുറയ്ക്കാന്‍ കഴിയും.

കിംഗ് ഫഹദ് കോസ് വേയിലെ പദ്ധതി നടപ്പാക്കുന്നതോടെ സൌദിയുടെ ഖത്തര്‍, യുഎഇ തുടങ്ങിയ റോഡ് മാര്‍ഗമുള്ള കവാടങ്ങളിലും നടപടിക്രമങ്ങള്‍ ഏകീകരിക്കുമെന്ന് ക്യാപ്റ്റന്‍ അല്ലുഹൈദാന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം