അടുത്തവര്‍ഷം മുതല്‍ ഫാര്‍മസികളില്‍ വനിതാവത്കരണത്തിനു തുടക്കം കുറിക്കും: തൊഴില്‍ മന്ത്രാലയം
Monday, June 2, 2014 6:26 AM IST
റിയാദ്: ഫാര്‍മസികളില്‍ സ്വദേശി വനിതാ വനിതാവത്കരണം നടത്തുന്നതിന്റെ ഭാഗമായി അടുത്ത മുഹറം മുതല്‍ വനിതകളെ നിയമിച്ചു തുടങ്ങുമെന്ന് സൌദി തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് അല്‍ തുഹൈഫി വ്യക്തമാക്കി.

അടച്ചിട്ട വാണിജ്യ സ്ഥാപനങ്ങളില്‍ (മാളുകളിലെ) ഫാര്‍മസികളിലുള്ള കോസ്മറ്റിക് വിഭാഗത്തില്‍ സ്വദേശി വനിതകളെ നിയമിക്കണമെന്ന വ്യവസ്ഥയാണ് ആദ്യമായി നടപ്പിലാക്കുയെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫാര്‍മസികള്‍ സ്വദേശി വനിതാവത്കരണം നടപ്പിലാക്കുകയാണങ്കില്‍ സ്വദേശി വനിതകള്‍ക്ക് ലൈസന്‍സുകള്‍ അനുവദിക്കേണ്ടതുണ്ടന്ന റിയാദ് ചേംബര്‍ ഓഫ് കൊമേഴ്സ് ഫാര്‍മസി സമിതി അംഗം ഡോ. ഖാലിദ് അല്‍ ഖരീമില്‍ വ്യക്തമാക്കി.

സൌദിയിലിതുവരെ വനിതാ ഫാര്‍മസിസ്റുകള്‍ ലൈസന്‍സ് എടുത്തതായി വിവരമില്ലെന്ന് അദ്ദേഹം പറഞ്ഞു. സൌദിയിലാകമാനമായി 7000 ഓളം ഫാര്‍മസികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ റിയാദില്‍ മാത്രം 700 ഫാര്‍മസികളുണ്ട്.

ഇവയുടെ ലൈസന്‍സുകളല്ലാം പുരുഷന്മാരായ ഫാര്‍മസിസ്റുകളുടെ പേരിലാണ് പ്രവര്‍ത്തിക്കുന്നത്. ഫാര്‍മസികളില്‍ വനിതാവത്കരണം നടപ്പാക്കുന്നതിന്റെ വ്യക്തവേണം. രാത്രികാലത്തുള്ള പ്രവര്‍ത്തനം, സെക്യൂരിറ്റി, വനിതകള്‍ക്ക് പ്രാര്‍ഥനയ്ക്കും വിശ്രമത്തിനുമുള്ള സൌകര്യം തുടങ്ങിയവ കൂടി ഒരുക്കേണ്ടിവരും. അതുകൊണ്ട് തന്നെ ധൃതിപിടിച്ച് ഈ മേഖലയില്‍ സ്വദേശി വനിതാവതകരണം പ്രയോഗികമാണോ എന്നു ചര്‍ച്ച ചെയ്യും .

നിലവിലെ സാഹചര്യത്തില്‍ സൌദിയിലേക്ക് ആവശ്യമായി സ്വദേശ ഫാര്‍മസിസ്റുകളില്ല. തെരക്കുപിടിച്ച് ഫാര്‍മസികളില്‍ സ്വദേശിവത്കരണം നടപ്പിലാക്കിയാല്‍ പല ഫാര്‍മസികളും അടച്ചു പുട്ടേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. സൌദിയിലേക്ക് ആവശ്യമായ സ്വദേശികളെ ലഭിക്കണമെങ്കില്‍ ഇനിയും അഞ്ചു വര്‍ഷംകൂടി വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ ഫാര്‍മസികളിലെ കോസ്മറ്റിക് വിഭാഗങ്ങളില്‍ സ്വദേശി വനിതകളെ നിയമിക്കുന്നത് പ്രായോഗികമാണന്ന് അദ്ദേഹം വിലയിരുത്തി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം