ഇന്ത്യയിലേക്ക് സൌദി ടൂറിസ്റ്റുകളുടെ പ്രവാഹം; വീസ നിയമങ്ങള്‍ ഇപ്പോഴും സങ്കീര്‍ണം
Monday, June 2, 2014 6:25 AM IST
റിയാദ്: അവധിക്കാലം അടുക്കുന്നതോടെ സൌദി അറേബ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റുകളുടെ പ്രവാഹം മുന്‍ വര്‍ഷത്തേതില്‍ നിന്നും പതിന്മടങ്ങ് വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2012 ല്‍ 26,000 പേര്‍ സൌദിയില്‍ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശകരായെത്തിയെങ്കില്‍ 2013 ല്‍ അത് 38,000 ആയി വര്‍ധിച്ചിരുന്നു.

ഓരോ വര്‍ഷവും 12 മുതല്‍ 14 ശതമാനം വരെ വര്‍ധനവ് ഇന്ത്യയിലേക്കുള്ള അറബ് സന്ദര്‍ശകരില്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടൂറിസം മന്ത്രാലയത്തിലെ സെക്രട്ടറി പര്‍വേസ് ധവാന്റെ നേതൃത്വത്തില്‍ സൌദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ഇന്ത്യാ ടൂറിസം റോഡ് ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

വീസ നിയമങ്ങളില്‍ ഇന്ത്യ ചില ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും ഇത് കാര്യമായി നടപ്പിലാക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് ഇതുവരെ സാധ്യമായിട്ടില്ല. സൌദി അറേബ്യയടക്കമുള്ള രാജ്യക്കാര്‍ക്ക് ഇന്ത്യയില്‍ മുന്‍കൂട്ടി വീസ എടുക്കാതെ എയര്‍പോര്‍ട്ടുകളില്‍വച്ച് വീസ അനുവദിക്കുമെന്ന് പ്രഖ്യാപനം വന്നെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. അഞ്ചിലധികം പേരുള്ള ഗ്രൂപ്പുകള്‍ക്ക് ഇന്ത്യയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സഹകരണത്തോടെ 'വീസ ഓണ്‍ അറൈവല്‍' പ്രോഗ്രാം നടപ്പാക്കിയെങ്കിലും ഇത് പ്രായോഗിക തലത്തില്‍ ഏറെ വിഷമങ്ങളുണ്ടാക്കുകയാണ്. അടുത്ത സമയത്ത് ഇന്ത്യന്‍ വീസ അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കി മാറ്റിയെങ്കിലും അപേക്ഷകര്‍ക്ക് ധാരാളം സാങ്കേതിക വിഷമങ്ങള്‍ നേരിടുന്നുണ്ട്. പ്രധാനമായും സൌദികളടക്കമുള്ള അറബ് കുടുംബങ്ങളുടെ വീസ അപേക്ഷകളിലാണ് ബുദ്ധിമുട്ട് നേരിടുന്നത്. ഇതുവരെ അമ്മയുടെ പാസ്പോര്‍ട്ടിലുള്ള മക്കളുടെ വീസ മാതാവിന്റെ പാസ്പോര്‍ട്ടില്‍ തന്നെയായിരുന്നു അടിച്ചിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ വീസ അപേക്ഷ പൂരിപ്പിക്കുമ്പോള്‍ ഒരേ പാസ്പോര്‍ട്ട് നമ്പറിലുള്ള രണ്ട് അപേക്ഷകള്‍ സ്വീകരിക്കുകയില്ല. അതിനാല്‍ അമ്മയുടെ പാസ്പോര്‍ട്ടിലുള്ള കുട്ടികള്‍ക്ക് വീസ അപേക്ഷ നല്‍കാന്‍ സാധ്യമാകുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്. യൂറോപ്പിലേക്കും യുഎസ്എയിലേക്കുമെല്ലാം ഇതേ പാസ്പോര്‍ട്ട് ഉപയോഗിച്ച് വീസ അപേക്ഷകള്‍ നല്‍കാന്‍ സാധ്യമാണെങ്കിലും ഇന്ത്യയിലേക്ക് വീസ അപേക്ഷ നല്‍കാന്‍ പ്രത്യേകം പാസ്പോര്‍ട്ടിന് അപേക്ഷിക്കേണ്ടി വരികയാണ്. അതുകൊണ്ടുതന്നെ മിക്ക കുടുംബങ്ങളും ഇന്ത്യന്‍ പാക്കേജുകള്‍ ബുക്ക് ചെയ്തത് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു.

കഴിഞ്ഞ വര്‍ഷം സൌദി സന്ദര്‍ശനവേളയില്‍ ടൂറിസം സെക്രട്ടറി വീസ അപേക്ഷകര്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഫലത്തില്‍ ഉള്ള ആനുകൂല്യങ്ങളും ഇല്ലാതായതാണ് അനുഭവമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറഞ്ഞു. കേരളത്തിലേക്കും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ധാരാളം അന്വേഷണങ്ങള്‍ വരുന്നതായി വിവിധ ട്രാവല്‍ ഏജന്‍സികളിലെ ടൂര്‍ കണ്‍സല്‍ട്ടന്റുമാര്‍ പറഞ്ഞു. കേരളത്തില്‍ കുമരകവും മൂന്നാറും തേക്കടിയും അതിരപള്ളിയും വയനാടും ആലപ്പുഴയും കോവളവും അറബ് ടൂറിസ്റ്റുകളുടെ ആകര്‍ഷണ കേന്ദ്രങ്ങളാണ്. യൂറോപ്പിനേയും മറ്റ് ഏഷ്യന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളേയും അപേക്ഷിച്ച് ചെലവ് കുറവും സുരക്ഷിതത്വവുമാണ് കേരളമടക്കമുള്ള ഇന്ത്യന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നതാണ് അറബ് യാത്രക്കാരെ കൂടുതല്‍ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. കൂടാതെ ഒരുമിച്ച് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ പ്രേരണയും നിരവധി സൌദി കുടുംബങ്ങള്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ കാരണമാകുന്നുണ്ട്.

സൌദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് വീസ നിയമങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുകയാണെങ്കില്‍ ഇന്ത്യയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം ഇവിടെ നിന്നും ഒരു വര്‍ഷം താമസിയാതെ ഒരു ലക്ഷം കവിയുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍