നാലാമത് മേച്ചേരി പുരസ്കാരം സി.പി സൈതലവിക്ക്
Monday, June 2, 2014 6:18 AM IST
ജിദ്ദ: കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയ ശാക്തീകരണത്തിന് നല്‍കിയ സമഗ്ര സംഭാവന അടിസ്ഥാനമാക്കി ജിദ്ദ കൊണ്േടാട്ടിമണ്ഡലം കെഎംസിസി നല്‍കിവരുന്ന റഹീം മേച്ചേരി പുരസ്കാരം ഇത്തവണ സി.പി സൈതലവിക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും ചന്ദ്രിക പത്രാധിപരുമായിരുന്ന റഹീം മേച്ചേരിയുടെ സ്മരണാര്‍ഥമാണ് 2008 മുതല്‍ മേച്ചേരി പുരസ്കാരം ഏര്‍പെടുത്തിയിട്ടുള്ളത്. മുന്‍വര്‍ഷങ്ങളില്‍ ഇ.ടി മുഹമ്മദ് ബഷീര്‍, എം.സി വടകര, എ.എം കുഞ്ഞിബാവ എന്നിവരായിരുന്നു മേച്ചേരി പുരസ്കാരത്തിനര്‍ഹരായിരുന്നത്.

മാധ്യമ പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍, സംഘാടകന്‍ തുടങ്ങിയ മേഖലകളിലെ മൂന്നു പതിറ്റാണ്ടുകാലത്തെ സേവനങ്ങളാണ് സി.പി സൈതലവിയെ മേച്ചേരി പുരസ്കാരത്തിനര്‍ഹനാക്കിയത്. ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, പി.എ റഷീദ്, സി.കെ ഹസന്‍ കോയ, രായിന്‍ കുട്ടി നീറാട്എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. നിലവില്‍ ചന്ദ്രിക പത്രാധിപരും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്ദേശീയസമിതിയംഗവും കേരള ഗവണ്‍മെന്റിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാഅക്കാഡമി ചെയര്‍മാനുമാണ് സി.പിസൈതലവി. മലപ്പുറം ജില്ലയിലെ മക്കരപറമ്പ് സ്വദേശിയാണ്. മലപ്പുറം പ്രസ് ക്ളബ് പ്രസിഡന്റ്, സെക്രട്ടറി, യൂത്ത്ലീഗ്മലപ്പുറം ജില്ലാ പ്രസിഡന്റ്, മുസ്ലിംലീഗ് മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ്, എംഎസ്എഫ്ജി ട്രഷറര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഓര്‍മയുടെ തലക്കെട്ടുകള്‍, ജമാഅത്തെ ഇസ്ലാമി, മതം,സമൂഹം,സംസ്കാരം: ശിഹാബ് തങ്ങള്‍ (സമാഹരണം), അടയാത്ത വാതില്‍ എന്നിവ സി.പിയുടെ ഗ്രന്ഥങ്ങളാണ്. ജൂണ്‍ 12ന് (വ്യാഴം) രാത്രി എട്ടിന് ജിദ്ദയില്‍ നടക്കുന്ന ചടങ്ങില്‍ മുസ്ലിംലീഗ്ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, സി.പി സൈതലവിക്ക് പുരസ്കാരം സമ്മാനിക്കും. സാമൂഹ്യ,സാംസ്കാരികരംഗത്തെ പ്രമുഖവ്യക്തികളും ചടങ്ങില്‍ സംബന്ധിക്കും.

ജൂറിയംഗവും കെഎംസിസി സൌദി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയുമായ രായിന്‍കുട്ടി നീറാട്, നാഷണല്‍ കമ്മിറ്റി സെക്രട്ടറി കെ.വി ഗഫൂര്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ കുഞ്ഞിമുഹമ്മദ്, സി.കെ ശാക്കിര്‍, കൊണ്േടാട്ടി മണ്ഡലം കെഎംസിസി പ്രസിഡന്റ് എം.കെ നൌഷാദ്, ജനറല്‍ സെക്രട്ടറി ബഷീര്‍ തൊട്ടിയന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍