ആര്‍എസ്എസ് അജണ്ട തിരച്ചറിയാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല: ആര്‍. രാജശേഖരന്‍
Friday, May 30, 2014 7:58 AM IST
റിയാദ്: മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരം ആര്‍എസ്എസ് നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കാന്‍ നടത്തിയ കളികള്‍ മനസിലാക്കാനും അതിനനുസരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നടപ്പിലാക്കാനും കോണ്‍ഗ്രസിന് കഴിയാതെ പോയതാണ് വന്‍പരാജയം സംഘടനക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിടാന്‍ കാരണമായതെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവും കെപിസിസി നിര്‍വാഹക സമിതി അംഗവുമായ ആര്‍.രാജശേഖരന്‍ പറഞ്ഞു.

ഏറെ താമസിയാതെ സത്യം ബോധ്യപ്പെടുന്ന ഇന്ത്യയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ തിരിച്ചു വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒഐസിസി കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി റിയാദിലെത്തിയ ആര്‍.രാജശേഖരന്‍ കൊല്ലം ജില്ലയിലെ മറ്റൊരു പ്രമുഖ കോണ്‍ഗ്രസ് നേതാവായ മുനമ്പത്ത് വഹാബിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

മതതീവ്രവാദത്തിന്റെ താത്കാലിക വിജയം ശാശ്വതമാവില്ല. ജനങ്ങളെ എല്ലാ കാലത്തും കബളിപ്പിക്കാന്‍ കുപ്രചാരണങ്ങള്‍ക്ക് സാധിക്കില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന് ചില പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. അത് തിരുത്തി ജനങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ തയാറാകണം. കോണ്‍ഗ്രസിനുമാത്രമേ ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളേയും തൃപ്തിപ്പെടുത്തുന്ന ഒരു ഭരണം കാഴ്ചവയ്ക്കാന്‍ സാധിക്കുകയുള്ളൂ. ജനങ്ങള്‍ സ്വാതന്ത്യ്രാനന്തര ഭാരതത്തില്‍ പലപ്പോഴും കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം യുക്തിപൂര്‍വം നേരിട്ട് കുറഞ്ഞ സമയം കൊണ്ട് ജനങ്ങളുടെ മനസ് കീഴടക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്.

2004 ലും 2009 ലും സോണിയാ ഗാന്ധിയുടെ നേതൃത്വം മികച്ച വിജയമാണ് കോണ്‍ഗ്രസിന് നേടിത്തന്നത്. ഈ പ്രാവശ്യം പരാജയപ്പെട്ടത് നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ട് മാത്രമാണെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നും ആര്‍. രാജശേഖരന്‍ പറഞ്ഞു.

ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടക്കും. വിഘടിച്ചു നില്‍ക്കുന്ന ഒഐസിസി പ്രവര്‍ത്തകരെ തിരിച്ചുകൊണ്ടു വന്ന് ഒരേ സംഘടയുടെ കീഴില്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്നും രാജശേഖരന്‍ പറഞ്ഞു. കൊല്ലം ജില്ലാ സമ്മേളനത്തിന്റെ കണ്‍വീനര്‍ ഷാജി കുന്നിക്കോട്, ഇസ്മായില്‍ വാലേത്ത്, ഷഫീഖ് ശൂരനാട്, അലക്സ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍