പുകവലി വിരുദ്ധ കാമ്പയിന് ഉജ്വല തുടക്കം
Friday, May 30, 2014 7:57 AM IST
ദോഹ: ലോകാരോഗ്യ സംഘടനയുടെ പുകവലി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പുകവലിക്കെതിരെ കുട്ടികളേയും കുടുംബങ്ങളേയും ബോധവത്കരിക്കുകയും സാമൂഹ്യ കൂട്ടായ്മയിലൂടെ ആരോഗ്യകരമായ മുന്നേറ്റത്തിന് നേതൃത്വം കൊടുക്കുകയും ചെയ്യുക എന്ന ഉദ്ദേശത്താടെ ആന്റി സ്മോക്കിംഗ് സൊസൈറ്റി സംഘടിപ്പിച്ച പുകവലി വിരുദ്ധ കാമ്പയിന് ഉജ്വല തുടക്കം.

വെള്ളിയാഴ്ച രാവിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന പരിപാടിയില്‍ അവധി ദിനത്തിന്റെ എല്ലാ ആലസ്യവും മാറ്റി നിര്‍ത്തി അല്‍ ഖോര്‍ മുതല്‍ മിസഈദ് വരെയുള്ള ഭാഗങ്ങളില്‍ നിന്നായി വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച് മുന്നൂറിലധികം വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും പരിപാടിക്കെത്തിയത് സാമൂഹ്യ പ്രതിബദ്ധതയുടേയും ഉത്തരവാദിത്ത ബോധത്തിന്റേയും പ്രതീകമായി.

കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യമാറ്റം സാധ്യമാണെന്നും ഇനിയും താമസം കൂടാതെ ഈ രംഗത്ത് ഓരോരുത്തരും ക്രിയാത്മകമായി മുന്നേറണമെന്നും കാമ്പയന്‍ ഉദ്ഘാടനം ചെയ്ത സൊസൈറ്റി ചെയര്‍മാന്‍ ഡോ. എം.പി. ഹസന്‍ കുഞ്ഞി പറഞ്ഞു. ഡോ. അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു. നിര്‍വാഹക സമിതി അംഗങ്ങളായ സയിദ് ഷൌക്കത്തലി, ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ വിദ്യാ ശങ്കര്‍ എന്നിവര്‍ സംബന്ധിച്ചു.

സൊസൈറ്റി ചീഫ് കോഓര്‍ഡിനേറ്റര്‍ അമാനുള്ള വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. കോഓര്‍ഡിനേറ്റര്‍മാരായ സഞ്ജയ് ചപോല്‍ക്കര്‍, അബ്ദുള്‍ ഫത്താഹ് നിലമ്പൂര്‍, ഷറഫുദ്ദീന്‍ തങ്കയത്തില്‍, സിയാഹു റഹ്മാന്‍, സൈദലവി അണ്േടക്കാട്, അഫ്സല്‍ കിളയില്‍ ഖാജാ ഹുസൈന്‍, ശിഹാബുദ്ദീന്‍, യൂനുസ് സലീം, മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

മല്‍സര വിജയികളെ മേയ് 31ന് (ശനി) വൈകുന്നേരം ഏഴിന് ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

സുപ്രീം കൌണ്‍സില്‍ ഓഫ് ഹെല്‍ത്തിന്റെ സഹകരണത്തോടെ ആന്‍ഡി സ്മോക്കിംഗ് സൊസൈറ്റി നടത്തുന്ന പുകവലി വിരുദ്ധ കാമ്പയിന്റെ പ്രായോജകര്‍ ദോഹ ബാങ്കും നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററുമാണ്.