സമസ്ത ബഹ്റൈന്‍ ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പുകള്‍ക്ക് തുടക്കമായി
Friday, May 30, 2014 7:48 AM IST
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റിന്‍ കേന്ദ്ര കമ്മിറ്റിയുടെ കീഴില്‍ ബഹ്നിലുടനീളം പ്രവര്‍ത്തിക്കുന്ന ഏരിയ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പുകള്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ തുടക്കമായി.

മേയ് ആദ്യവാരം മുതല്‍ ആരംഭിച്ച മെംബര്‍ഷിപ്പ് കാമ്പയിന്‍ പൂര്‍ത്തീകരിച്ചാണ് ഓരോ ഏരിയകളിലും കഴിഞ്ഞ ദിവസം മുതല്‍ പ്രത്യേക തെരഞ്ഞെടുപ്പും കമ്മിറ്റി പുനഃസംഘടനയും നടക്കുന്നത്.

ജൂണ്‍ 25 നുള്ളില്‍ ഏരിയ കമ്മിറ്റികള്‍ നിലവില്‍ വരണമെന്ന് സമസ്ത ബഹ്റിന്‍ കേന്ദ്ര നേതൃത്വം പ്രത്യേക സര്‍ക്കുലര്‍ മുഖേനെ ഏരിയകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതനുസരിച്ച് മേയ് 30 മുതല്‍ വിവിധ ഏരിയ കമ്മിറ്റികളില്‍ തെരഞ്ഞെടുപ്പുകളും കമ്മിറ്റി പുനഃസംഘടനയും നടന്നു വരുന്നു. റിഫ, സനാബിസ് ഏരിയകളിലാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പുകള്‍ നടന്നത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇതര ഏരിയകളിലും കേന്ദ്ര കമ്മിറ്റി നിയോഗിക്കുന്ന റിട്ടേണിംഗ് ഓഫീസര്‍മാരുടെ സാനിധ്യത്തില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കും.

മറ്റു പ്രധാന ഏരിയകളുടെ തെരഞ്ഞെടുപ്പ് സമയക്രമം ഇപ്രകാരമാണ്: ജൂണ്‍ 6: അദ്ലിയ, സല്‍മാനിയ, ജൂണ്‍ 9 ഉമ്മുല്‍ ഹസം, ജിദാഹഫ്സ്, ബുദയ്യ, ജൂണ്‍ 11 ദാറുഖുലൈബ്, ജൂണ്‍ 19: ഗുദൈബിയ, ജൂണ്‍ 20: മുഹറഖ്, ഹൂറ, ഹിദ്ദ്, ജൂണ്‍ 23: ജിദാലി, ഹമദ്ടൌെണ്‍.

ഏരിയാ കമ്മിറ്റികള്‍ നിലവിലില്ലാത്ത സ്ഥലങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് നേരിട്ട് മെംബര്‍ഷിപ്പ് സ്വീകരിക്കാവുന്നതാണെന്നും 2014ലെ മെംബര്‍ഷിപ്പുള്ളവര്‍ക്ക് മാത്രമേ ഇലക്ഷനില്‍ പങ്കെടുക്കാനും ജനറല്‍ ബോഡി മെംബര്‍മാരാകാനും അര്‍ഹതയുള്ളുവെന്നും ഏരിയകള്‍ക്കുള്ള സര്‍ക്കുലറില്‍ സമസ്ത കേന്ദ്ര നേതൃത്വം അറിയിച്ചിട്ടുണ്ട്.