'മതന്യൂനപക്ഷങ്ങള്‍ ഐക്യവും രാഷ്ട്രീയ അവബോധവും പ്രകടിപ്പിക്കണം'
Thursday, May 29, 2014 8:40 AM IST
ജിദ്ദ: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക് രാഷ്ട്രീയ അവബോധവും ഐക്യവും പ്രകടിപ്പിക്കാന്‍ കഴിയാത്തതാണ് വര്‍ഗീയ ഫാസിസ്റുകള്‍ക്ക് അധികാരത്തിലേക്കുള്ള വഴി എളുപ്പമാക്കിയത്െ ഇന്ത്യന്‍ സോഷ്യല്‍ ഫോറം (ഐഎസ്എഫ്) സെന്‍ട്രല്‍ കമ്മിറ്റിയംഗം ഹസന്‍ മങ്കട ചൂണ്ടിക്കാട്ടി. ഐഎസ്എഫ് ഷറഫിയ ബ്രാഞ്ച്് രൂപീകരണയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കൃത്യമായ രാഷ്ട്രീയ അവബോധവും ഐക്യവും ഇല്ലാത്തതുകൊണ്ടാണ് മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍പോലും ബിജെപിക്ക് ജയിക്കാന്‍ സാധിച്ചത്. മൃദുഹിന്ദുത്വ സമീപനങ്ങളും സാധാരണക്കാരെ മറന്ന് റിലയന്‍സിനുവേണ്ടി ഭരണം നടത്തിയതുമാണ് കോണ്‍ഗ്രസിന്റെ പതനത്തിന് ആക്കംകൂട്ടിയത്. എസ്ഡിപിഐ മുന്നോട്ടുവയ്ക്കുന്ന ന്യൂനപക്ഷ ശാക്തീകരണത്തിലൂടെയും മതേതര ഐക്യത്തിലൂടെയും മാത്രമേ ഫാസിസ്റുകളെ പിടിച്ചുകെട്ടാന്‍ സാധിക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സെന്‍ട്രല്‍ കമ്മിറ്റി അംഗം മുജീബ് അധ്യക്ഷത വഹിച്ചു. ബദറുദ്ദീന്‍ കോഴിക്കോട്, ഷിഹാബ് നിലമ്പൂര്‍, ഷബീര്‍ മക്കരപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു. അഹമ്മദ് കോയക്ക് അംഗത്വം നല്‍കി മുജീബ് മെംബര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു.

ഭാരവാഹികളായി ഷിഹാബ് നിലമ്പൂര്‍ (പ്രസിഡന്റ്), അബ്ദുള്‍ റഷീദ് ഷൊര്‍ണൂര്‍ (ജനറല്‍ സെക്രട്ടറി), സുലൈമാന്‍ താമരശേരി (വൈസ് പ്രസിഡന്റ്), ജസ്ഫര്‍ കണ്ണൂര്‍, അഷ്റഫ് മലപ്പുറം (ജോ. സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍