കേഫാക്ക് അഡ്രസ് ഷോപ്പി അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റ്: തിരുവനന്തപുരം ജേതാക്കള്‍
Wednesday, May 28, 2014 6:44 AM IST
കുവൈറ്റ്: കേഫാക്ക് സംഘടിപ്പിച്ച അഡ്രസ് ഷോപ്പി അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ തിരുവനന്തപുരം ജേതാക്കളായി. കളിയുടെ തുടക്കത്തില്‍ ഇരു ടീമുകള്‍ക്കും താളം കണ്െടത്തുവാന്‍ ബുദ്ധിമുട്ടിയെങ്കിലും ഇരുപതാം മിനുട്ടില്‍ കോഴിക്കോടിന്റെ പ്രതിരോധതാരം കാദറിന്റെ പിഴവില്‍ നേടിയ ഏകപക്ഷീയമായ ഒരു ഗോളിലാണ് ആന്റണി തിരുവനന്തപുരത്തെ വിജയതീരത്തെത്തിച്ചത്.

മത്സരത്തിന്റെ ഭൂരിഭാഗവും പന്ത് കൈവശംവച്ചത് കോഴിക്കോടായിരുന്നു. തിരുവനന്തപുരം പ്രതിരോധത്തില്‍ തീര്‍ത്ത ഉരുക്കു കോട്ടയെ തകര്‍ക്കാന്‍ കോഴിക്കോടിന്റെ മുന്നേറ്റ നിരക്കാരായ ഇസ്മായിലും, റഫീക്കും, ഷാഫിയും തുടരെ പരജായപ്പെടുന്നതാണ് കണ്ടത്. ടൂര്‍ണമെന്റിലെ ടോപ് സ്കോററും തിരുവനന്തപുരത്തിന്റെ മുന്നേറ്റനിരക്കാരനുമായ റോയിയുടെ നല്ല നീക്കങ്ങള്‍ ബാറിന് കീഴില്‍ ഉജ്വല ഫോം തുടര്‍ന്ന കോഴിക്കോടന്‍ ഗോളിക്ക് മുന്നില്‍ നിഷ്പ്രഭമാവുകയായിരുന്നു. ഇരു പകുതിയിലുമായി ലഭിച്ച അവസരങ്ങള്‍ ഇരുടീമുകളും പാഴാക്കിയതോടെ ഏക ഗോള്‍ നേട്ടത്തോടെ കീരിടം തിരുവനന്തപുരം കൈവശമാക്കുകയായിരുന്നു. ഫൈനല്‍ മത്സരത്തിലെ കേമനായി തിരുവനന്തപുരം താരം ഡിക്സനെ തെരഞ്ഞടുത്തു.

മുന്നാം സ്ഥാനക്കാരെ കണ്െടത്തുവാനുള്ള ലൂസേഴ്സ് ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് തൃശൂരിനെ പാലക്കാട് തോല്‍പ്പിച്ചു. വിജയികള്‍ക്കുവേണ്ടി ഗോള്‍ നേടിയ മുജീബാണ് മാന്‍ ഓഫ് ദി മാച്ച് പട്ടത്തിന് അര്‍ഹനായത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള കെ.കെ.എസ് സുറ അവാര്‍ഡ് കെഡിഎന്‍എ കോഴിക്കോട് താരം റഫീക്കിനും ആഷിക്ക് റഹ്മാന്‍ കാദിരി സ്പോന്‍സര്‍ ചെയ്യുന്ന ടോപ് സ്കോറര്‍ അവാര്‍ഡ് തിരുവനന്തപുരം താരം റോയിക്കും പ്രദീപ്കുമാര്‍ ടി.കെ.വി സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള അവാര്‍ഡ് കെഡിഎന്‍എ കോഴിക്കോട് താരം ഷൈജലും നേടി

അഡ്രസ് ഷോപ്പീ മുഖ്യപ്രായോജകരായ മത്സരത്തില്‍ 10 ടീമുകളാണ് അണിനിരന്നത്. വൈകുന്നേരം നടന്ന സമാപനചടങ്ങില്‍ അഡ്രസ് ഷോപ്പി ജനറല്‍ മാനേജര്‍ മുഹമ്മദ് ഷബീര്‍, ഷബീര്‍ മണ്േടാളി, ആക്ടിംഗ് പ്രസിഡന്റ് സമിയുള്ള, കേഫാക്ക് മാനേജ്മന്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. കളി നിയന്ത്രിച്ച കേഫാക്ക് റഫറിമാര്‍ക്കും ചടങ്ങില്‍ സമ്മാനം വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍