വിപുലമായ പരിപാടികളോടെ റിസയുടെ-ഒന്നാം ഘട്ട സമാപനം
Wednesday, May 28, 2014 6:33 AM IST
റിയാദ്: ഒന്നര വര്‍ഷക്കാലമായി സൌദി ദേശീയ മയക്കുമരുന്നു നിയന്ത്രണസമിതിയുടെ ഔദ്യോഗിക അംഗീകാരത്തോടെ സൌദി അറേബ്യയയുടെ വിവിധ ഭാഗങ്ങളില്‍ സുബൈര്‍കുഞ്ഞു ഫൌണ്േടഷന്‍ നടത്തിവരുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി- റിസയുടെ ഒന്നാം ഘട്ട സമാപനം വിവിധ പരിപാടികളോടെ റിയാദില്‍ നടന്നു. പുകയില വിരുദ്ധദിനമായ മേയ് 31ന് റമാദ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ദേശീയ മയക്കുമരുന്നു നിയന്ത്രണസമിതിയുടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് സ്റഡീസ് ഡയറക്ടര്‍ ഡോ. സയിദ് ഫലാഹ് മുഖ്യാതിഥിയായിരിക്കും. വിവിധ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ രാവിലെ എട്ടു മുതല്‍ 12 വരെ സൌജന്യ മെഡിക്കല്‍ ക്യാമ്പ്, റിസയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ, ഡോക്കുമെന്ററി, പോസ്റര്‍ എന്നിവയുടെ പ്രദര്‍ശ നം, മെര്‍സ് വൈറസ് പ്രതിരോധ ബോധവത്കരണം, ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലു വരെ 8-12 ഗ്രേഡുകളിലെ കുട്ടികള്‍ക്കായി പോസ്റര്‍ രചനാമല്‍സരം, നാലു മുതല്‍ ആറു വരെയുള്ള വിദ്യാര്‍ഥികള്‍ ലഹരിക്കടിമപ്പെടാതിരിക്കുവാന്‍ അധ്യാപകര്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും എന്ന വിഷയത്തില്‍ അധ്യാപകര്‍, മന:ശാസ്ത്രവിദഗ്ധര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സെമിനാര്‍, വൈകുന്നേരം ഏഴു മുതല്‍ ജി.5 മ്യൂസിക്ബാന്റ് അവതരിപ്പിക്കുന്ന  സംഗീത വിരുന്ന്, പൊതുസമ്മേളനം, റിസാ പരിപാടികളിലും ഈ-കാമ്പയിനിലും സജീവമായി സഹകരിച്ച സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം, ഉപന്യാസ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം ഈ- ട്രാന്‍സ്ഫര്‍ വഴി മറ്റ് മിഡിലീസ്റ് രാജ്യങ്ങളിലേക്കുള്ള റിസയുടെ ഡോക്കുമെന്ററിയുടെ പ്രദര്‍ശനോദ്ഘാടനം തുടങ്ങിയവ ചടങ്ങില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

മെഡിക്കല്‍ ക്യാമ്പില്‍ ബ്ളഡ് ഷുഗര്‍ പരിശോധന, ആദ്യം രജിസ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് ഇസിജി പരിശോധന, സൌജന്യ ദന്തപരിശോധനാ കൂപ്പണ്‍ വിതരണം എന്നിവ ഉണ്ടായിരിക്കും. സമാപനപരിപാടിയുടെ ഭാഗമായി കൌമാരക്കാരിലെ പുകവലിയുടെ അപകടങ്ങളെയും പ്രതിരോധമാര്‍ഗങ്ങളേയുംകുറിച്ച് ലഘുലേഖ 29-ന് റിയാദ്, ദമാം പ്രവിശ്യകളിലെ ഇന്റര്‍നാഷണല്‍ സ്കൂളുകളില്‍ വിതരണം നടത്തും. ലഘുലേഖയുടെ വിതരണോദ്ഘാടനവും ലഹരിക്കെതിരെ കുട്ടികള്‍ സംഘടിപ്പിക്കുന്ന എക്സിബിഷനും 29-ന് യാരാ സ്കൂളില്‍ അരങ്ങേറും. 30-ന് ശിഫാ മലയാളി സമാജം ഒരുക്കുന്ന വേദിയിലും പോസ്റര്‍, ഡോക്കുമെന്ററി പ്രദര്‍ശനങ്ങളും ലഘുലേഖാ വിതരണവും സംഘടിപ്പിക്കുന്നു.

റിസ ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ പൊതുജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി വിവിധ പോളി ക്ളിനിക്കുകളുടെ സഹകരണത്തോടെ ബോധവത്കരണക്ളാസുകള്‍, പോസ്റര്‍പ്രദര്‍ശനം, സെമിനാറുകള്‍, സ്കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണക്ളാസുകള്‍, ഉപന്യാസമല്‍സരം, മെയില്‍ഗ്രൂപ്പുകളിലൂടെയും വെബ്സൈറ്റൂകളിലുടെയുമുള്ള ലഹരിവിരുദ്ധ സന്ദേശ പ്രചാരണം, ഡോക്കുമെന്ററി ഷോ, മലയാളം, ഇംഗ്ളീഷ്, ഹിന്ദി അറബിക് എന്നീ നാലു ഭാഷകളിലുള്ള ബ്രോഷര്‍ കാമ്പയിന്‍, ഗാന്ധി ജയന്തി ദിനത്തില്‍ സൌദിയിലെ വിവിധ പ്രവിശ്യകളിലെ ഇന്റര്‍നാഷണല്‍ സ്കൂളുകളിലെ പതിനയ്യായിരത്തില്‍പരം കുട്ടികളും ആയിരത്തോളം അധ്യാപകരും പങ്കുകൊണ്ട ലഹരിവിരുദ്ധ പ്രതിജ്ഞ തുടങ്ങി ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിച്ചു. സ്വരക്ഷ, 'ദ റെസ്ക്യു' എന്നീ പേരുകളിലുള്ള മലയാളം, ഇംഗ്ളീഷ് ഡോക്കുമെന്ററികള്‍ ഇതിനകം 20-ലധികം വേദികളില്‍ പ്രദര്‍ശിപ്പിച്ചു. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക പരിശീലനപരിപാടി, ലേബര്‍ക്യാമ്പുകള്‍ കേന്ദ്രീകരിച്ചുള്ള പരിപാടികള്‍ എന്നിവ രണ്ടാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0505798298, 0537931730.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍