'സമസ്തുടെ സാന്നിധ്യം മലയാളി മുസ്ലിങ്ങളെ ശ്രദ്ധേയരാക്കി'
Tuesday, May 27, 2014 6:31 AM IST
മനാമ: കേരളത്തിലെ സമസ്തയുടെ സാന്നിധ്യം ലോകത്തെല്ലായിടത്തുമുള്ള മലയാളി മുസ്ലിങ്ങളെ ശ്രദ്ധേയരും വേറിട്ടവരുമാക്കിയെന്ന് പ്രമുഖ വാഗ്മിയും എസ്കെഎസ്എസ്എഫ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായ ഉസ്താദ് സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ പറഞ്ഞു.

ഉമ്മുല്‍ഹസമില്‍ നടന്ന സമസ്ത ബഹ്റൈന്‍ ഏരിയതല സുപ്രഭാതം പ്രചാരണ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ തന്നെ ഇതര സംസ്ഥാനങ്ങളിലെ മുസ്ലിങ്ങളെ അപേക്ഷിച്ച് കേരള മുസ്ലിങ്ങള്‍ മത ഭൌതിക മേഖലയില്‍ മുന്നേറിയത് വിദ്യാഭ്യാസ രംഗത്തെ സമസ്തയുടെ വിപ്ളവം കൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു.

സമസ്തയേയും അതിന്റെ നേതാക്കളെയും യാഥാസ്തികരും പിന്തിരിപ്പക്കാരെന്നും മുദ്രകുത്തിയിരുന്നവര്‍ക്ക് ഇന്നും അഫ്സലുല്‍ ഉലമ കോഴ്സിനു മുകളില്‍ ചിന്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിമര്‍ശകര്‍ തന്നെ സമസ്ത നടത്തുന്ന എന്‍ജിനിയറിംഗ് കോളജില്‍ ചേരാന്‍ രഹസ്യമായി സമസ്ത നേതാക്കളോട് സീറ്റ് ചോദിക്കേണ്ട അവസ്ഥയിലേക്കെത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത സെക്രട്ടറിയും സുപ്രഭാതം ചെയര്‍മാനുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍, കോ ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി എന്നിവരും പ്രസംഗിച്ചു. സമസ്ത ബഹ്റൈന്‍ കേന്ദ്ര ഏരിയാ നേതാക്കളും സംബന്ധിച്ചു. സുപ്രഭാതം ഗവേണിംഗ് ബോഡിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശാഫി പാറക്കട്ടയെ ചടങ്ങില്‍ ആദരിച്ചു. ഇസ്മായില്‍ പയ്യന്നൂര്‍ സ്വാഗതവും ജാഫര്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു.