സൌദിയില്‍ എച്ച് വണ്‍ എന്‍വണ്‍ പനി: കിഴക്കന്‍ പ്രവിശ്യയില്‍ രണ്ടു മരണം
Tuesday, May 27, 2014 6:30 AM IST
ദമാം: സൌദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ എച്ച് വണ്‍, എന്‍ വണ്‍ പനി ബാധിച്ച് ഒരു നഴ്സിംഗ് വിദ്യാര്‍ഥിനി മരണമടഞ്ഞതായി പ്രവിശ്യ ആരോഗ്യ വിഭാഗം അറിയിച്ചു.

കടുത്ത പനിമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനിക്ക് ആവശ്യമായ ചികിത്സ നല്‍കിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇതോടെ കിഴക്കന്‍ പ്രവിശ്യയില്‍ എച്ച് വണ്‍, എന്‍ വണ്‍ ബാധിച്ചു മരിച്ചവരുടെ എണ്ണം രണ്ടായി. ഏതാനും ദിവസം മുമ്പ് എച്ച് വണ്‍, എന്‍ വണ്‍ രോഗം ബാധിച്ച് ഇന്ത്യക്കാരി മരിച്ചിരുന്നു. പ്രവിശ്യയില്‍ വീണ്ടും എച്ച് വണ്‍, എന്‍ വണ്‍ റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ രോഗം പടരാതിരിക്കാന്‍ ആവശ്യമായ മുന്‍ കരുതലെടുത്തതായി ആരോഗ്യ വിഭാഗം അറിയിച്ചു.

2010 ല്‍ സൌദിയില്‍ എച്ച് വണ്‍ എന്‍വണ്‍ ബാധിച്ചു ഏതാനും പേര്‍ മരിച്ചിരുന്നു. തുടര്‍ന്ന് രോഗം പടരാതിരിക്കാന്‍ ആരോഗ്യ മന്ത്രാലയം ശക്തമായ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചതോടെ രോഗം കാര്യമായി എവിടേയും റിപ്പോര്‍ട്ടു ചെയ്തിരുന്നില്ല.

ഇതിനിടെ സൌദിയില്‍ 554 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. 178 പേര്‍ രോഗം ബാധിച്ചു മരിച്ചു. വൈറസ് ബാധ തടയുന്നതിനായി ശക്തമായ നടപടികളാണ് മന്ത്രാലയം സ്വീകരിച്ചുവരുന്നത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം