എട്ട് റിക്രൂട്ട് കമ്പനികള്‍ക്കുകുടി ലൈസന്‍സ് നല്‍കാന്‍ നീക്കം
Tuesday, May 27, 2014 6:26 AM IST
റിയാദ്: വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും വ്യക്തികള്‍ക്കും നല്‍കുന്ന പദ്ധതി പ്രകാരം എട്ടു കമ്പനികള്‍ക്കുകൂടി ലൈസന്‍സ് നല്‍കുന്നതിന് സൌദി തൊഴില് മന്ത്രാലയം നീക്കമാരംഭിച്ചു.

ഇത്തരത്തില്‍ തൊഴിലാളികളെ റിക്രുട്ട് ചെയ്ത് ആവശ്യ ക്കാര്‍ക്ക് കാരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിനായി 16 കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കിയിരുന്നു. പുതുതായി എട്ടു കമ്പനികള്‍ക്കുകൂടി ലൈസന്‍സ് നല്‍കാന്‍ ഉദ്ദേശിക്കുന്നതായി സൌദി തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സയിദ് അല് സായിഅ് അറിയിച്ചു. സൌദി തൊഴില്‍വിപണിയുടെ ആവശ്യം കണക്കിലെടുത്താണ് ഈ നീക്കമെന്ന് അദ്ദേഹം അറിയിച്ചു. തൊഴിലാളികളെ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കുമിടയില്‍ ആവശ്യാനുസരണം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് കൂടുതല്‍ റിക്രൂട്ടിംഗ് കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത്. ആറു കമ്പനികള്‍ക്ക് പ്രാഥമിക ലൈസന്‍സ് അനുവദിക്കുന്ന കാര്യം മന്ത്രാലയം പഠിച്ചു വരുകയാണന്ന് അദ്ദേഹം പറഞ്ഞു. രണ്ടു കമ്പനികള്‍ക്ക് അന്തിമ ലൈസന്‍സ് നല്‍കുന്ന നടപടികളും പുരോഗമിക്കുകയാണ്.

കുടുതല്‍ റിക്രൂട്ടിംഗ് കമ്പനികള്‍ രംഗത്തുള്ളത് മികവുറ്റ സേവനങ്ങള്‍ക്കും നിപുണരായ തൊഴിലാളികളെ ലഭിക്കുന്നതിനും അവസരം ഒരുക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു ഇത് സൌദി തൊഴില് വിപണിക്ക് സഹായകമാവുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. സൌദിയിലെ തൊഴിലാളികളെ തന്നെ കമ്പനികള്‍ക്ക് ആവശ്യാനുസരണം നല്‍കുന്നതിനാല്‍ പുതിയ തൊഴിലാളികളെ കമ്പനികള്‍ക്ക് റിക്രൂട്ട് ചെയ്യേണ്ടിവരില്ല. ഇങ്ങനെ റിക്രൂട്ട്മെന്റ് കുറയ്ക്കുക വഴി സൌദിയിലെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനും സാധ്യമാവുമെന്ന് അദ്ദേഹം വിശദീകരിച്ചു.

തൊഴില്‍ മന്ത്രാലയത്തിന്റെ മുസാനിദ് എന്ന പേരിലുള്ള വെബ്സൈറ്റില്‍ അംഗീകൃത റിക്രൂട്ടിംഗ് കമ്പനികളെ കുറിച്ച് വ്യക്തമാക്കിയിട്ടുള്ളതായി അല്‍ സാനിഅ് അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം