മലയാളി സാന്നിധ്യം ശ്രദ്ധേയമായി
Tuesday, May 27, 2014 6:23 AM IST
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് മലയാളി സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. ചടങ്ങില്‍ കേരളത്തില്‍ നിന്നുള്ള ബിജെപിയുടെയും ഘടകകക്ഷികളുടെയും ഉള്‍പ്പടെ നിരവധി നേതാക്കള്‍ പങ്കെടുത്തു. മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, ബിജെപി ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായ ശോഭാ സുരേന്ദ്രന്‍, എം.ടി. രമേശ്, ജോര്‍ജ് കുര്യന്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ പി.എസ്. ശ്രീധരന്‍ പിള്ള, സി.കെ. പത്മനാഭന്‍, അല്‍ഫോന്‍സ് കണ്ണന്താനം, ഉമാകാന്തന്‍, എ.എന്‍. രാധാകൃഷ്ണന്‍, ശ്രീശന്‍ മാസ്റര്‍, കെ. സുരേന്ദ്രന്‍ എന്നിവരാണ് ചടങ്ങിനു സാക്ഷ്യം വഹിച്ചത്.

കേരളത്തില്‍നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളായ എന്‍.കെ. പ്രേമചന്ദ്രന്‍, ജോസ്. കെ. മാണി, ഇ. അഹമ്മദ്, മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കര നാരായണന്‍, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രഫ. പി.ജെ. കുര്യന്‍ എന്നിവരോടൊപ്പം മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലിത്ത, ഗീവര്‍ഗീസ് മാര്‍ ജൂലിയോസ് എന്നിവരും കെപിഎംഎസ് നേതാവ് ടി.വി.ബാബു, വൈഎംസിഎ റീജിയണല്‍ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യൂ എന്നിവരും പങ്കെടുത്തു.