ഒമാന്‍ ഒഐസിസി രാജീവ്ഗാന്ധി അനുസ്മരണം നടത്തി
Saturday, May 24, 2014 9:14 AM IST
മസ്കറ്റ്: മതേതര ജനാധിപത്യ ഇന്ത്യ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൂടുതല്‍ ഓര്‍ക്കുന്ന സാഹചര്യമാണിതെന്ന് ഒഐസിസി നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച രാജീവ്ഗാന്ധി അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.

വര്‍ഗീയ രാഷ്ട്രീയം രാജ്യത്ത് രൂപപ്പെട്ടു വരുന്ന കാലത്ത് രാഷ്ട്രത്തിന്റെ മതേതര നാനാത്വ പാരമ്പര്യം നിനിര്‍ത്തുന്നതിനും അഖണ്ഡത സൂക്ഷിക്കുന്നതിനും രാജീവ് ഗാന്ധി പ്രയത്നിച്ചു.

കോണ്‍ഗ്രസിനെ ഒരു സമ്പൂര്‍ണ മതേതര പ്രസ്ഥാനമാക്കി നിലനിര്‍ത്തുന്നതിലും രാഷട്രീയത്തിനപ്പുറം വര്‍ഗീയമായ അജണ്ടകളോടെ രാഷ്ട്രീയ പ്രവേശം നടത്താനുള്ള നീക്കങ്ങളെ ചെറുത്തു നിര്‍ത്താനും രാജീവ് ഗാന്ധിക്കു കഴിഞ്ഞു. രാജ്യത്തിന്റെ ദേശീയ അഖണ്ഡത ഇതില്‍ പ്രധാനമാണ്. ദേശീയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിനെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഉല്‍കൊള്ളാവുന്ന രാഷ്ട്രീയ സംവിധാനമായി അവതരിപ്പിക്കുന്നതില്‍ രാജീവ് ഗാന്ധി പുലര്‍ത്തിയ മികവ് ശ്രദ്ധേയമാണ്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ചെറുപാര്‍ട്ടികള്‍ രൂപപ്പെടുകയും കോണ്‍ഗ്രസ് ദുര്‍ബലമാവുകയും ചെയ്തത് രാജീവ് ഗാന്ധിയുടെ കാലഘട്ടത്തിനു ശേഷമായിരുന്നു. ചെറുപാര്‍ട്ടികളിലൂടെ രൂപപ്പെട്ട കൂട്ടുകക്ഷി രീതിയാണ് ഇന്ത്യയില്‍ ആദ്യമായി ബിജെപി സര്‍ക്കാരിനു വഴിയൊരുക്കിയതും. എല്ലാ ഭാഷാവിഭാഗങ്ങളെയും പ്രാദേശിക സമൂഹത്തെയും ഒരു ദേശീയ വികാരത്തിനു കീഴില്‍ അണിനിരത്തുന്ന ദേശീയ രാഷ്ട്രീയത്തിന്റെ പ്രസക്തിയാണ് ഈ തെരഞ്ഞെടുപ്പും അറിയിക്കുന്നത്. രാജ്യം പുലര്‍ത്തി വന്ന മതേതര, സൌഹൃദാന്തരീക്ഷം നരേന്ദ്ര മോദിയുടെ വരവോടെ ആശങ്കയിലാകുമ്പോള്‍ കോണ്‍ഗ്രസിന്റെ നവീകരണവും ശാക്തീകരണവും തന്നെയാണ് പ്രതീക്ഷ. രാജീവ് മുന്നോട്ടു വയ്ക്കുകയും പ്രയോഗിക്കുകയും ചെയ്ത രാഷ്ട്രീയത്തിലേക്ക് തിരിച്ചു പോകാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.

ഒഐസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ധീക്ക് ഹസന്‍ രാജീവ്ഗാന്ധിയുടെ ഛായാ ചിത്രത്തിനു മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി ഉദ്ഘാടനം ചെയ്തു. മാന്നാര്‍ അയൂബ്, കുര്യാക്കോസ് മാളിയേക്കല്‍, ജോര്‍ജ് കോര, മാത്യു തോമസ്, പയ്യന്നൂര്‍ നൂറുദ്ദീന്‍, കണ്ണൂര്‍ നിയാസ്, സജി ഔസേപ്പ്, ശിഹാബുദ്ദീന്‍, അത്തോളി ഹംസ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഷാജഹാന്‍, ജിജോ, സതീഷ് കുമാര്‍, ജയകുമാര്‍, ശാരാക് ഷാജഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം