കല കുവൈറ്റ്, നായനാരെ അനുസ്മരിച്ചു
Saturday, May 24, 2014 9:13 AM IST
കുവൈറ്റ് സിറ്റി: കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയും തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ സമാരാധ്യനായ നേതാവും കുവൈറ്റ് കലാ ട്രസ്റിന്റെ രക്ഷാധികാരിയുമായിരുന്ന ഇ.കെ.നായനാരെ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് അനുസ്മരിച്ചു.

പ്രവാസികളുടെ പ്രശ്നങ്ങളില്‍ എന്നും പ്രത്യേക ശ്രദ്ധപുലര്‍ത്തിയിരുന്ന നായനാര്‍, പ്രവാസി സമൂഹവുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. രാഷ്ട്രീയ പക്ഷപാതങ്ങള്‍ക്കപ്പുറം ജനകീയത കൈമുതലാക്കിയ നായനാര്‍ എന്നും സ്മരിക്കപ്പെടുമെന്ന് അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചുകൊണ്ട് കല കുവൈറ്റ് ശുഐബ യൂണിറ്റ് കണ്‍വീനര്‍ എം.പി. മുസ്ഫര്‍ അഭിപ്രായപ്പെട്ടു.

മംഗഫ് കലാ സെന്ററില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം കല കുവൈറ്റ് പ്രസിഡന്റ് ജെ.സജി. ഉദ്ഘാടനം ചെയ്തു. സാഹിത്യ വിഭാഗം സെക്രട്ടറി ഷാജു വി.ഹനീഫ് അധ്യക്ഷത വഹിച്ചു. അന്സുമരണ സമ്മേളനത്തിന്റെ ഭാഗമായി കലയുടെ കലാ വിഭാഗം തയാറാക്കിയ നായനാരെക്കുറിച്ചുള്ള ഡോക്കുമെന്ററി പ്രദര്‍ശനവും സെന്‍സഅനില്‍, അപര്‍ണ ഷൈന്‍ എന്നിവരവതരിപ്പിച്ച കവിത, ഗാനാലാപനം എന്നിവയും നടന്നു. ചടങ്ങിനു ജനറല്‍സെക്രട്ടറി ടി.വി.ജയന്‍ സ്വാഗതവും ഫഹഹീല്‍ മേഖല സെക്രട്ടറി അനില്‍ കൂക്കിരി നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍