കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് 36-ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'സംഘഗാഥ 2014' സാംസ്കാരിക മേളയും സൌജന്യ മാതൃഭാഷ പഠന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും വിപുലമായ പരിപാടികളുടെ സംഘടിപ്പിച്ചു.
രാവിലെ ചെണ്ടമേളത്തിന്റെ അകമ്പടിയോട് കൂടി ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ നടന്ന പരിപാടികള്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് ദേബാശിഷ് ഗോള്‍ഡാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കല കുവൈറ്റ് പരിപാടിയുടെ ഭാഗമായി തയാറാക്കിയ സുവനീയറിന്റെ പ്രകാശനം പരിപാടിയുടെ മുഖ്യ പ്രായോജകരായ മൊറാദ് യൂസഫ് ബെബഹാനി ഗ്രൂപ്പ് ബ്രാന്‍ഡ് മാനേജര്‍ രാജശേഖരന് നായര്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ബോര്‍ഡ് സെക്രട്ടറി വിജയന് കാരയിലിന് നല്കി പ്രകാശനം ചെയ്തു. കലയുടെ സാഹിത്യവിഭാഗം സെക്രട്ടറി ഷാജു വി. ഹനീഫ് മുഖപത്രമായ 'കൈത്തിരി'യുടെ പ്രകാശനം കെ.ജയകുമാറിന് കൈമാറി പുറത്തിറക്കി. ചടങ്ങിനു ആശംസകള്‍ നേര്‍ന്നുകൊണ്ട് വര്‍ഗീസ് പുതുക്കുളങ്ങര, ടോളി പ്രകാശ്, മാളവിക ദിലീപ് ജേക്കബ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് കേരള സംഗീത നാടക അക്കാഡമിയുടെ നാടക മത്സരത്തില്‍ പങ്കെടുത്ത കലാകാരന്മാരെ ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. പത്ത്പന്ത്രണ്ട് ക്ളാസുകളിലെ പരീക്ഷയില്‍ ഉന്നത വിജയം നേടിയ കലാ കുവൈറ്റ് കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള ഉപഹാരങ്ങളും സമ്മാനിച്ചു.
കലാ കുവൈറ്റ് ബാലകലാമേള വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. കലാമേളയിലെ കലാ പ്രതിഭാ പട്ടം കരസ്ഥമാക്കിയ ആര്.വിജയ്കൃഷണന്, കിഷന് രാജ, കലാതിലകമായ അന്നാ എലിസബത്ത് രാജു എന്നിവര്‍ക്കും മേളയിലെ ഓവറോള്‍ ചാമ്പ്യന്മാരായ ഡി.പി.എസ്, രണ്ടാം സ്ഥാനം നേടിയ ഗള്‍ഫ് ഇന്ത്യന്‍ സ്കൂള്‍ എന്നിവര്‍ക്കുള്ള സമ്മാനദാനവും മുഖ്യാതിഥി കെ.ജയകുമാര്‍ നിര്‍വഹിച്ചു. മറ്റു സമ്മാനങ്ങള്‍ ജെ.ആല്‍ബര്‍ട്ട്, രാജശേഖരന് നായര്‍, സാം പൈനുംമൂട്, വര്‍ഗീസ് പുതുക്കുളങ്ങര, ടോളി പ്രകാശ്, ശുഭ ഷൈന്‍, ആര്. നാഗനാഥന്‍, സജി തോമസ് മാത്യു, കെ.വി.നിസാര്‍, പ്രിന്‍സ്റന്‍ ഡിക്രൂസ്, ബാലഗോപാല്‍, സി.കെ. നൌഷാദ്, സജീവ്.എം.ജോര്‍ജ്, എന്നിവരും സമ്മാനിച്ചു. ബാലകലാമേളയില്‍ സമ്മാനം നേടിയ തെരഞ്ഞടുത്ത ഇനങ്ങളും കലയുടെയും വനിതാവേദിയുടെയും പ്രവര്‍ത്തകര്‍ അവതരിപ്പിച്ച പരിപാടികളും ആഘോഷത്തിനു മിഴിവേകി.
ആഘോഷ പരിപാടിയിലെ മുഖ്യാകര്‍ഷണമായ കണ്ണൂര്‍ സലീമും മക്കളായ സജിലി, സലീജ് എന്നിവര്‍ നയിച്ച ഗാനമേള നൂറുക്കണക്കിനു ഗനാസ്വദാകര്ക്ക് ഹൃദ്യമായ വിരുന്നായി മാറി. മത മൈത്രി ഗാനത്തില്‍ തുടങ്ങി, മാപ്പിളപാട്ടിന്റെ ഇമ്പമാര്‍ന്ന ശീലുകളില്‍ നിന്നും അനശ്വര ഗായകന് മുഹമദ് റാഫിയുടെ ഗാനങ്ങളില്‍ എത്തിയപ്പോഴേക്കും ആസ്വാദകര്‍ ആവേശതിമിര്‍പ്പിലായി. പിന്നീട് അറബി ഗാനങ്ങളും വേദിയില്‍ ഗായകര്‍ ആലപിച്ചു. കല കുവൈറ്റ് പ്രവര്‍ത്തകരായ ഗായകരും ബാലവേദി കുവൈറ്റിന്റെ കൊച്ചു കൂട്ടുകാരും പാടി പതിഞ്ഞ ഗാനങ്ങളുമായി കണ്ണൂര്‍ സലീമും സംഘത്തോടൊപ്പം ചേര്‍ന്നു.
ആഘോഷ പരിപാടികള്‍ക്ക് സംഘാടകസമിതി ഭാരവാഹികള്‍, കലയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, യൂനിറ്റ് കണ്‍വീനര്‍മാര്‍, വനിതാവേദി പ്രവര്‍ത്തകര്‍, ബാലവേദി കുവൈറ്റ് കൂട്ടുകാര്‍ എന്നിവര്‍ നേതൃത്വം നല്കി.
മലയാളം പഠിക്കേണ്ടതില്ല എന്ന മനോഭാവം മാറണം: കെ. ജയകുമാര്‍
മലയാളം നിര്‍ബന്ധമായും പഠിക്കുകയും അതോടൊപ്പം ഇംഗ്ളീഷ് ഉള്‍പ്പെടെയുള്ള അന്യ ഭാഷകളില്‍ പ്രവീണ്യം നേടുകയും ചെയ്യുകയുമാണ് നമ്മള് ചെയ്യേണ്ടതെന്ന് മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ അഭിപ്രായപ്പെട്ടു.
കല കുവൈറ്റ് കഴിഞ്ഞ 23 വര്‍ഷമായി തുടര്‍ന്ന് വരുന്ന സൌജന്യ മാതൃഭാഷ പഠന പരിപാടിയുടെ ഈ വര്‍ഷത്തെ പഠന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈക്കം മുഹമദ് ബഷീറിന്റെ കഥാപാത്രമായ 'ഐഷുട്ടിമാര്' കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാനെന്നു 'ഡോകിട്ടറെ വാ' എന്ന പരാമര്‍ശം ഓര്‍മിപ്പിച്ചുകൊണ്ട് ജയകുമാര്‍ സദസുമായി പങ്കുവച്ചു. മലയാളം തെറ്റിച്ചു സംസാരിച്ചാല്‍ മാത്രമാണ് നല്ല ചാനല്‍ അവതാരകരാവുക എന്ന നിലയാണ് ഇന്ന് കേരളത്തിലുള്ളതെന്നും ചാനല്‍ പരിപാടികളിലെ അവതാരകരുടെ മലയാളം അവതരണത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
മറ്റു ഭാഷക്കാര്‍ അവരുടെ സ്വന്തം മാതൃഭാഷക്ക് നല്കുന്ന പരിഗണ മലയാളികള്‍ സ്വന്തം ഭാഷയ്ക്ക് നല്‍കുന്നില്ല. നിയമം മൂലം നമുക്ക് ശ്രേഷ്ഠ ഭാഷ പദവി നേടാം, എന്നാല്‍ ഭാഷക്ക് പൂര്‍ണത കൈവരണമെങ്കില്‍ അത് നമ്മള് സ്വമനസാലെ ഏറ്റെടുത്തേ മതിയാകൂ. ഭാഷയുടെ മഹത്വം മനസിലാക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും പ്രവാസി മലയാളികള്‍ കാണിക്കുന്ന താല്പര്യത്തെ മാനിക്കുന്നുവെന്നും കല നടത്തുന്ന മാതൃഭാഷ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ആവുന്ന സഹായങ്ങളെല്ലാം മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്ന നിലയ്ക്ക് നല്കാന് ശ്രമിക്കുമെന്നും അദ്ദേഹം ഭാഷ സമിതി പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്കി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍