മെര്‍സ് - കൊറോണ വൈറസ്: കേളി ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു
Saturday, May 24, 2014 9:10 AM IST
റിയാദ്: കേളി കലാ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ റിയാദില്‍ മെര്‍സ് - കൊറോണ വൈറസ് ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു. റിയാദ് കിംഗ് സൌദ് മെഡിക്കല്‍ സിറ്റി സാംക്രമിക രോഗനിവാരണ വിഭാഗത്തിലെ വിദഗ്ധരായ ഷൈന്‍ ദേവ് (എഡ്യൂക്കേറ്റര്‍), ദേവകുമാര്‍ (മൈക്രൊബയോളജിസ്റ്), ജിബി (ഇന്‍ഫെക്ഷന്‍ കണ്‍ട്രോളര്‍), ജിറ്റോ പോള്‍ (ഇന്‍ഫെക്ഷന്‍ കണ്‍ട്രോളര്‍) എന്നിവിരടങ്ങുന്ന വിദഗ്ധ സംഘമാണ് ക്ളാസ് നയിച്ചത്.

വീഡിയോ പ്രൊജക്ടറിന്റെ സഹായത്തോടെ നടത്തിയ പ്രസന്റേഷന്‍ കാണികള്‍ക്ക് കൊറോണ വൈറസ് സംബന്ധമായ ആശങ്കകള്‍ ദൂരീകരിക്കാനും അണുബാധ പകരുന്നത് തടയാനുള്ള പ്രതിരോധമാര്‍ഗങ്ങള്‍ മനസിലാക്കാനും ഏറെ ഉപകാരപ്രദമായി.

സാര്‍സ് വൈറസ്പോലെ തന്നെ ഭീകരനാണ് കൊറോണ വൈറസും. അണുബാധിതരായ ആളുകളുമായുള്ള സമ്പര്‍ക്കത്തിലൂടെ ഈ രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍തന്നെ കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ അനാവശ്യ ഭീതിയോ സംശയങ്ങളൊ ആവശ്യമില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വായുവിലൂടെ ഈ രോഗം പകരാനുള്ള സാധ്യത വളരെ വിരളമാണ്. തുടക്കത്തില്‍ ഒട്ടകങ്ങളിലും വവ്വാലുകളിലുമാണ് ഈ രോഗം കാണാനിടയായത്. സാംക്രമിക രോഗങ്ങള്‍ക്ക് കാരണമാകുന്ന വായുവിലൂടെ പകരുന്ന വൈറസുകളില്‍ നിന്ന് വ്യത്യസ്ഥമായി മേര്‍സ് രോഗബാധക്കു കാരണമാകുന്ന കൊറോണ വൈറസിന് സാന്ദ്രത കൂടുതലായതിനാല്‍ വായുവിലൂടെ അധികദൂരം സഞ്ചരിക്കാന്‍ ഈ രോഗാണുവിന് കഴിയില്ല. കൂടിയാല്‍ ഒന്നര മീറ്ററില്‍ കൂടുതല്‍ വായുവിലൂടെ സഞ്ചരിക്കാന്‍ കഴിയാത്തതിനാല്‍ തന്നെ കൊറോണ വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യത വളരെ കുറവാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവരുമായോ, രോഗം പിടിപെട്ടവരുമായൊ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് കൊറോണ വൈറസ് പകരാനുള്ള സാധ്യത ഏറെയുള്ളത്. സാര്‍സ് കുടുംബത്തില്‍പ്പെട്ട എന്നാല്‍ സാര്‍സില്‍ നിന്നും തികച്ചും വ്യത്യസ്തമായ കൊറോണ വൈറസിന് ഒറ്റയടിക്ക് വൃക്കകളെ തകരാറിലാക്കാന്‍ കഴിയും. സാധാരണ ജലദോഷങ്ങള്‍ക്കും ന്യുമോണിയക്കും കാരണമാകുന്നതും ഈ കൊറോണ വൈറസ് തന്നെയാണ്. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുന്നവര്‍ രോഗബാധിതരാണെന്ന് കണക്കാക്കാന്‍ കഴിയില്ലെന്നും കൃത്യമായ ലാബ് പരിശോധനകളില്‍ കൂടി മാത്രമെ രോഗം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുന്നവര്‍ എത്രയും പെട്ടന്ന് വൈദ്യസഹായം തേടേണ്ടതും പരിശോധനകള്‍ക്ക് വിധേയരാകേണ്ടതുമാണ്. രോഗപ്രതിരോധത്തിനാവശ്യമായ കുത്തിവയ്പുകളൊ രോഗ ചികില്‍സക്കാവശ്യമായ മരുന്നുകളൊ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല എന്നതാണ് രോഗം പിടിപെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. ഒരോ രോഗിയുടെയും പ്രത്യേക അവസ്ഥക്കനുസരിച്ചാണ് നിലവില്‍ ചികില്‍സ നിശ്ചയിക്കുന്നത്. ശക്തമായ പനി, ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരുമായി അടുത്തിടപഴകുമ്പോള്‍ പ്രത്യേക ശ്രദ്ധവേണം. 

ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ മറ്റോ ഉപയോഗിച്ച് വായും മൂഖവും മൂടുന്നത് മെര്‍സ് അടക്കമുള്ള ശ്വാസകോശ രോഗങ്ങള്‍ പകരുന്നത് തടയാനാകും. കൂടാതെ രോഗലക്ഷണങ്ങള്‍ ഉള്ളവരുമായോ രോഗം സ്ഥിരീകരിച്ചവരുമായോ അടുത്തിടപഴകുന്നവര്‍ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചോ പ്രത്യേക ശുദ്ധീകരണ ദ്രാവകങ്ങള്‍ ഉപയോഗിച്ചോ കൈ കഴുകേണ്ടതാണ്.  വ്യക്തിഗത ശുചിത്വം പാലിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പച്ചക്കറികളും പഴവര്‍ഗങ്ങളും ചെറുചൂടുവെള്ളത്തില്‍ കഴുകി വൃത്തിയാക്കി മാത്രം ഉപയോഗിക്കുക. പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂടുന്നിടത്ത് മാസ്ക് ധരിച്ചുകൊണ്ട് മാത്രം സഞ്ചരിക്കുക, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം വൈദ്യ സഹായം തേടുക, രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ രോഗം പടരുന്നത് ഒരു പരിധിവരെ തടയാന്‍ സഹായകമാകും. 

പ്രധാനമായും രോഗപ്രതിരോധശേഷി കുറവുള്ളവിരിലാണ് ഈ രോഗം പകരാനുള്ള സാധ്യത കൂടുതല്‍. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, നേരത്തെതന്നെ ന്യുമോണിയ, ഡയബെറ്റിസ്്,  ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍ തുടങ്ങിയവര്‍ക്ക് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകിയാല്‍ രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. ശരിയായി വേവിക്കാത്ത മാംസ്യ ഭക്ഷണങ്ങളും തിളപ്പിക്കാത്ത പാലും ഉപയോഗിക്കുന്നത് രോഗം പകരാനുള്ള സാധ്യതകള്‍ കൂട്ടും. മാര്‍ക്കറ്റുകള്‍, പൊതുസ്ഥലങ്ങള്‍, ഫാമുകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും വളര്‍ത്തുമൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും മാസ്ക്കും കൈയുറയും ഉള്‍പ്പെടെയുള്ള കൃത്യമായ സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.

പ്രവാസലോകത്ത് കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഏറെ ആശങ്കകള്‍ നിലനല്‍ക്കുന്ന ഈ അവസരത്തില്‍ കേളി സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയില്‍ റിയാദിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രവാസികള്‍ പങ്കെടുത്തു. ബത്ത പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കേളി സാംസ്കാരിക വിഭാഗം കണ്‍വീനര്‍ ദയാനന്ദന്‍ അധ്യക്ഷത വഹിച്ചു. ടി.ആര്‍. സുബ്രഹ്മണ്യന്‍ സ്വാഗതം പറഞ്ഞു. കേളി മുഖ്യരക്ഷാധികാരി കെ.ആര്‍. ഉണ്ണികൃഷ്ണന്‍, കേളി സെക്രട്ടറി റഷീദ് മേലേതില്‍, പ്രസിഡന്റ് മുഹമ്മദ്കുഞ്ഞ് വള്ളിക്കുന്നം, രക്ഷാധികാരി സമിതി അംഗങ്ങളായ ദസ്തഗീര്‍, ഗീവര്‍ഗീസ്, രാജീവന്‍, സജീവന്‍, സെക്രട്ടറിയേറ്റ് അംഗങ്ങള്‍, കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ബോധവത്കരണ ക്ളാസില്‍ പങ്കെടുത്തവര്‍ക്ക് മാസ്കുകളും, മെര്‍സ്-കൊറോണ വൈറസുമായി ബന്ധപ്പെട്ട് സൌദി ആരോഗ്യമന്ത്രാലയത്തിന്റെ ലഘുലേഖകളും വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍