'ഓടാം മണിയോടൊപ്പം' നവോദയ സ്പോര്‍ട്സ് മീറ്റ് 2014 അവിസ്മരണീയമായ അനുഭവം പകര്‍ന്നു
Saturday, May 24, 2014 9:09 AM IST
ദമാം: നവോദയ എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഐടിഎല്‍ മെഗാ ഇലവന്‍സ് ഫൈനല്‍ മല്‍സരത്തിന് മുന്നോടിയായി അല്‍കോബാര്‍ അല്‍ നഹ്ദ സ്റേഡിയത്തില്‍ നൂറുകണക്കിന് കായിക പ്രേമികള്‍ കലാഭവന്‍ മണിയോടൊപ്പം ഓടുന്നതിന് ആവേശപൂര്‍വം ഒത്തുചേര്‍ന്നപ്പോള്‍, അത് കിഴക്കന്‍ മേഖലയിലെ കായിക മേഖലയില്‍ പുതിയ അധ്യായം കുറിക്കപ്പെടുകയായിരുന്നു. മലയാളത്തിന്റെ പ്രിയതാരം കലാഭവന്‍ മണി സ്റേഡിയത്തിലേക്ക് എത്തിയപ്പോള്‍ സ്റേഡിയം തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ ആരവങ്ങള്‍ ഉയര്‍ത്തി എതിരേറ്റു. കിഴക്കന്‍ മേഖലയിലെ വ്യാവസായിക, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങളും മല്‍സരത്തിന് സാക്ഷ്യം വഹിക്കാന്‍ അല്‍നഹ്ദ സ്റേഡിയത്തില്‍ എത്തിയിരുന്നു.

മൈതാനത്തിനു ചുറ്റുമുള്ള ട്രാക്കില്‍ മുന്നിലായി അല്‍കൊസാമ ഇന്ത്യന്‍ സ്കൂളിലെ കുട്ടികളുടെ ബാന്‍ഡ്സെറ്റ്, സൌദി അറേബയുടേയും ഇന്ത്യയുടേയും നവോദയയുടേയും പതാക ഏന്തിയ, നവോദയ എംബ്ളത്തെ കൂറിക്കുന്ന വെള്ള, ചുവപ്പ്, നീല ജഴ്സിയണിഞ്ഞ നവോദയ പ്രവര്‍ത്തകര്‍, അതിനു പിറകിലായി നീല, വെള്ള, ചുവപ്പ് എന്നീ ക്രമത്തില്‍ ജഴ്സിയണിഞ്ഞവരും ഓട്ടത്തില്‍ അണിചേര്‍ന്നപ്പോള്‍ കിഴക്കന്‍ മേഖലക്ക് പുതിയ അനുഭവം സമ്മാനിക്കുന്നതായി അത് മാറി. കേരളത്തിലെ അര്‍ഹരായ യുവകായികതാരങ്ങള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്ന നവോദയ പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു 'ഓടാം മണിയോടൊപ്പം' എന്ന പരിപാടി.

സ്റേജ് ഷോകള്‍ക്ക് മാത്രം ഗള്‍ഫ് നാടുകളില്‍ പലപ്പോഴായി എത്തിയ തനിക്ക് ഒരു ഫുട്ബാള്‍ മല്‍സരത്തില്‍ മുഖ്യാതിഥിയായി എത്താന്‍ കഴിഞ്ഞത് പുതിയ അനുഭവമാണെന്ന് പറഞ്ഞ കലാഭവന്‍ മണി, നവോദയ നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തനത്തേയും പരിപാടിയുടെ മികച്ച സംഘാടനത്തിനും സംഘാടകരെ അനുമോദിക്കാനും മറന്നില്ല.

'ചാലകുടിക്കാരനായ, ഈ പഴയ ഓട്ടോറിക്ഷാ ഡ്രൈവറെ കാണാനെത്തിയ മുഴുവന്‍ ആളുകള്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി... നിങ്ങള്‍ അയയ്ക്കുന്ന പണം കൊണ്ടാണ് കേരളം ജീവിക്കുന്നത്.. അത് എന്നും ഓര്‍ക്കുന്ന ഒരാളാണ് ഞന്‍..നന്ദി..നിങ്ങള്‍ക്ക് ഒരായിരം നന്ദി' മണി ഗാലറിയെ നോക്കി പറഞ്ഞപ്പോള്‍ നിറഞ്ഞ കൈയടിയോടെയാണ് കാണികള്‍ എതിരേറ്റത്.

തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നാടന്‍പാട്ട് മണി പാടിയപ്പോള്‍ കാണികളും ഒപ്പം ചേര്‍ന്നു. ദമാം മേഖല ഡിഐജി അബുറക്കാന്‍ പ്രത്യേക അതിഥിയായി ചടങ്ങില്‍ പങ്കെടുത്തു. കിഴക്കന്‍ പ്രവിശ്യയിലെ ഫുട്ബാള്‍ മല്‍സരങ്ങളില്‍ ഇതാദ്യമായാണ് ഇത്രയധികം കാണികള്‍ മല്‍സരം വീക്ഷിക്കാന്‍ എത്തുന്നത്.

ദമാം ഡിഐജി. അബു റക്കാന്‍, കലാഭവന്‍ മണി, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ അബ്ദുള്ള മാഞ്ചേരി, ഐടിഎല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ബഷീര്‍ അഹമ്മദ് എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. കലാഭവന്‍ മണി ഗാലറിയിലേക്ക് ഫുട്ബാള്‍ അടിച്ചുകൊണ്ട് ഖലിദിയ ദല്ലയും, യുഎഫ്സി ഖത്തീഫും തമ്മിലുള്ള ഫൈനല്‍ മല്‍സരം ഉദ്ഘാടനം ചെയ്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം