രാജീവ് ഗാന്ധി സ്മരണയില്‍ റിയാദ് ഒഐസിസി
Friday, May 23, 2014 6:17 AM IST
റിയാദ്: മതതീവ്രവാദവും വിഭാഗീയതയും രാജ്യസുരക്ഷയെപോലും ബാധിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ രാജീവ് ഗാന്ധിയുടെ ഉജ്വലമായ ഭരണനേതൃത്വവും രക്തസാക്ഷിത്വം പോലും ദേശഭക്തിയുള്ള ഓരോ ഭാരതീയനും മാതൃകാപരമാണെന്ന് റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഭാരതീയരെ ജാതിക്കും മതത്തിനും പ്രാദേശിക വിഭാഗീയതകള്‍ക്കും അനുസൃതമായി വെട്ടിമുറിക്കാനും വിഭജിച്ച് ഭരിക്കാനും ഒരുങ്ങിയിറങ്ങിയവര്‍ക്കെതിരെയുള്ള പോരാട്ടത്തിലാണ് രാജീവ് ഗാന്ധിക്ക് സ്വന്തം ജീവന്‍ ബലി നല്‍കേണ്ടി വന്നതെന്നും താത്കാലിക തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ അഹങ്കരിച്ച് കോണ്‍ഗ്രസിനെ അപഹസിക്കുന്നവര്‍ ചരിത്രം അറിയാത്തവരാണെന്നും കോണ്‍ഗ്രസിന്റെ ശക്തമായ ഒരു തിരിച്ചു വരവ് അനതിവിദൂരമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ബത്ഹയിലെ ശിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് പ്രമോദ് പൂപ്പാല അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. എല്‍.കെ അജിത് അനുസ്മരണ പ്രഭാഷണം നടത്തി. സജി കായംകുളം, സലിം കളക്കര, ഇസ്മായില്‍ എരുമേലി, ബെന്നി വാടാനപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. ഗ്ളോബല്‍ കമ്മിറ്റി അംഗങ്ങളായ ഇസ്മായില്‍ എരുമേലി, റസാഖ് പൂക്കോട്ടുംപാടം, മുഹമ്മദലി മണ്ണാര്‍ക്കാട് തുടങ്ങിയവരും പങ്കെടുത്ത യോഗത്തിന് നാസര്‍ കല്ലറ, രാധാകൃഷ്ണന്‍ മണ്ണാര്‍ക്കാട്, മുനീര്‍ കോക്കല്ലൂര്‍, നാസര്‍ വലപ്പാട്, സുഗതന്‍ ആലപ്പുഴ, രഘു തളിയില്‍, ഷുക്കൂര്‍ ആലുവ, ജെഫിന്‍ അരീക്കോട്, ബാലു കൊല്ലം, ഉമ്മര്‍ വലിയപറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഹരികൃഷ്ണന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അബ്ദുള്ള വല്ലാഞ്ചിറ സ്വാഗതവും റൂബി മാര്‍ക്കോസ് നന്ദിയും രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍