പ്രവാസി ഇന്ത്യാക്കാര്‍ക്ക് സമ്പൂര്‍ണ സുരക്ഷിതത്വം മോദി സര്‍ക്കാര്‍ ഉറപ്പുവരുത്തണം: പ്രവാസി മലയാളി ഫെഡറേഷന്‍
Thursday, May 22, 2014 9:18 AM IST
വിയന്ന: 2013-14 ലെ സാമ്പത്തിക വര്‍ഷത്തെ 75 ബില്യന്‍ ഡോളര്‍ ഇന്ത്യയില്‍ എത്തിച്ച പ്രവാസി ഇന്ത്യക്കാര്‍ക്ക് സ്വദേശത്തും വിദേശത്തും സാമൂഹികവും സാമ്പത്തികവുമായ സംരക്ഷണം ഉറപ്പുവരുത്താന്‍ മോദി സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഒമാന്‍ ചാപ്റ്റര്‍ യോഗം ആവശ്യപ്പെട്ടു.

വിദേശമലയാളികള്‍, പ്രത്യേകിച്ച് ഗള്‍ഫില്‍ ജോലിചെയ്യുന്നവര്‍ സമ്പാദ്യത്തിന്റെ 75 ശതമാനവും വീട്ടാവശ്യങ്ങള്‍ക്ക് ചെലവാക്കുന്നു. സാമ്പത്തിക കാര്യങ്ങളിലെ അശ്രദ്ധ പലര്‍ക്കും അപകടകരമായി മാറാറുണ്ട്. ഗള്‍ഫ് മലയാളികള്‍ക്കിടയിലെ മരണത്തില്‍ എട്ടു ശതമാനം ആത്മഹത്യയാണ്. ഇതിനു പ്രധാനകാരണം സാമ്പത്തിക പ്രശ്നങ്ങളാണ്.

സര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്ന പദ്ധതികളില്‍ നിക്ഷേപിക്കുവാനും ബോണ്ടുകള്‍ വാങ്ങാനും മലയാളികള്‍ക്ക് താത്പര്യമുണ്ട്. അതിനായി പ്രവാസി മലയാളി ഫെഡറേഷന്‍ മുന്‍കൈ എടുക്കുകും ചെയ്യും. പ്രവാസികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന നിക്ഷേപ പദ്ധതികളെക്കുറിച്ച് കൂടുതല്‍ അവബോധം ഉണ്ടാക്കുവാന്‍ പുതിയ സര്‍ക്കാര്‍ ശ്രമിക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

മസ്ക്കറ്റ് റുവി ഹോട്ടലില്‍ നടന്ന യോഗത്തില്‍ ഒമാന്‍ ചാപ്റ്റര്‍ പ്രസിഡന്റായി എസ്.എന്‍ ശ്രീലാല്‍, സെക്രട്ടറി രാകേഷ്കുമാര്‍, വൈസ് പ്രസിഡന്റ് രാജേഷ് തങ്കപ്പന്‍, ജോ.സെക്രട്ടറി മധുസൂദനന്‍ പുത്തന്‍വീട്ടില്‍, ട്രഷറര്‍ മോനാസ് റഷീദ്, റീജിയണ്‍ കണ്‍വീനര്‍മാരായി ജോണ്‍ മത്തായി, മഹേന്ദ്രലാല്‍, അനൂപ് കൊച്ചോത്തു, കൃഷ്ണദാസ് എന്നിവരേയും തെരഞ്ഞെടുത്തു

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍