നവോദയ മെഗാ ഇലവന്‍സ് ഫൈനല്‍ മേയ് 23ന്; കലാഭവന്‍ മണി മുഖ്യാതിഥി
Thursday, May 22, 2014 9:11 AM IST
ദമാം: നവോദയ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഫൈനല്‍ മല്‍സരത്തില്‍ ഖലിദിയ ദല്ല, യുണൈറ്റഡ് എഫ്സി ഖതീഫിനെ നേരിടും. സെമി ഫൈനലില്‍ അല്‍കോബാര്‍ കോര്‍ണീഷ് സോക്കറിനെ മൂന്നിനെതിരെ രണ്ട ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഖലിദിയ ദല്ല ഫൈനലില്‍ എത്തുന്നത്. യുണൈറ്റഡ് എഫ്.എസി. ഖതീഫ്, ബദര്‍ എഫ്സി റഹിമയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് സെമിയില്‍ തളച്ചാണ് ഫൈനലിലേക്ക് ബര്‍ത്ത് നേടിയത്.

സെവന്‍സ് മല്‍സരങ്ങളില്‍ ഫുട്ബാള്‍ പ്രേമികളുടെ ഇഷ്ടതാരങ്ങളായ റൌഫ് അരീക്കോട്, ജസീര്‍, ജാഫര്‍ ചേളാരി, പ്രശാന്ത് നിലമ്പൂര്‍, ജിദ്ദ ഇന്ത്യന്‍ സോക്കര്‍ ഫെഡറേഷന്റെ (സിഫ്) ഗോള്‍ഡന്‍ ബൂട്ട് ജേതാവായ നിസാര്‍ എന്നിവര്‍ ഖലിദിയ ദല്ലക്കുവേണ്ടി അണിനിരക്കും. യുണൈറ്റഡ് എഫ്എസി ഖതീഫിന്റെ മുന്നേറ്റ നിരയില്‍ ഇക്കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ കേരളത്തിനുവേണ്ടി ജഴ്സിയണിഞ്ഞ സുഹൈര്‍, ജിജൊ ജോസഫ്, വിവ കേരളത്തിന്റെ താരം ഫത്തീം എന്നിവര്‍ കളിക്കളത്തിലിറങ്ങും.

കഴിഞ്ഞ മല്‍സരങ്ങളില്‍ ചടുലമായ നീക്കങ്ങളിലൂടെ എതിരാളികളുടെ ഗോള്‍വല പലവട്ടം ചലിപ്പിച്ച കരുത്തര്‍ ഇരുവശത്തുമായി കലാശ പോരാട്ടത്തിനിറങ്ങുമ്പോള്‍ വാശിയേറിയ മല്‍സരത്തിനാണ് അല്‍ നഹ്ദ സ്റേഡിയവും കാണികളും സാക്ഷ്യം വഹിക്കുക. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഫുട്ബാള്‍ പ്രേമികള്‍ മല്‍സരത്തിന്റെ ആവേശം ഏറ്റുവാങ്ങുമ്പോള്‍ കാണികളോടൊപ്പം മല്‍സരത്തില്‍ മുഖ്യാതിഥിയായി മലയാളത്തിന്റെ പ്രിയതാരം കലാഭവന്‍ മണി കൂടി ഉണ്ടാകും.

മല്‍സരത്തിന് മുന്നോടിയായി പ്രവിശ്യയിലെ വിവിധ സ്കൂള്‍ വിദ്യാര്‍ഥികളുടെ ബാന്റുമേളം, നവോദയ ബാലവേദി കുട്ടികള്‍ അവതരിപ്പിക്കുന്ന ഡിസ്പ്ളെ എന്നിവ ഉണ്ടാകും. നവോദയ കായിക താരങ്ങള്‍ക്കായി ഏര്‍പ്പെടുത്തുന്ന സ്കോളര്‍ഷിപ്പ് പദ്ധതിയുടെ പ്രചരണാര്‍ഥം വെള്ള, നീല, ചുവപ്പ് നിറങ്ങളിലുള്ള ജഴ്സിയണിഞ്ഞ് പ്രിയ താരത്തോടൊപ്പം ഓടാനുള്ള അവസരവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം