പ്രത്യാശ റിയാദ് നാലാം വാര്‍ഷികമാഘോഷിച്ചു
Thursday, May 22, 2014 9:08 AM IST
റിയാദ്: പ്രത്യാശ സാംസ്കാരിക വേദി നാലാം വാര്‍ഷികവും കുടുംബ സംഗമവും അര്‍ഗ അല്‍ ബുസ്താന്‍ ഇസ്തിരാഹയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

പ്രവാസിയുടെ ആരോഗ്യ പ്രശ്നങ്ങളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്ന പ്രത്യാശ ഇത്തവണ പ്രവാസി കൂടുതല്‍ ആശങ്കപ്പെടുന്ന കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ബോധവത്കരണ ക്ളാസും ഇതിനോടനുബന്ധിച്ചു നടത്തി. സുബൈര്‍ കുഞ്ഞ് ഫൌണ്േടഷന്‍ ട്രസ്റ്റിന്റെ ഡോ. അബ്ദുള്‍ അസീസ് ക്ളാസ് നയിച്ചു. കൊറോണ വൈറസിന്റെ വ്യാപനം, മുന്‍ കരുതലുകള്‍, ആശങ്കകള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ അദ്ദേഹം വിശദമായി സദസില്‍ അവതരിപ്പിച്ചു. സൌദി സര്‍ക്കാരിന്റെ അംഗീകാരത്തോടെയുള്ള ലഹരി വിരുദ്ധ കാമ്പയിന്‍ ഡോക്കുമെന്ററി പ്രദര്‍ശനവുമുണ്ടായിരുന്നു.

വര്‍ത്തമാനകാല ജീവിതസാഹചര്യത്തില്‍ പ്രവാസികള്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുള്ള എഫക്ടീവ് പാരന്റിംഗ് ക്ളാസിന് കിംഗ് സൌദ് യൂണിവേഴ്സിറ്റിയിലെ ഡോ. അബ്ദുസലാം നേതൃത്വം നല്‍കി. പ്രവാസികളുടെ മാറിവരുന്ന ജീവിത സാഹചര്യങ്ങളില്‍ ദ്രുതഗതിയില്‍ കടന്നുവരുന്ന നൂതന സാങ്കേതികതകളുടെ ദോഷവശങ്ങളെ എങ്ങനെ സമര്‍ഥമായി നേരിടണമെന്ന് ക്ളാസില്‍ ഡോ. അബ്ദുസലാം വിശദീകരിച്ചു. ദാവൂദ് അമീന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച ചടങ്ങില്‍ ചെയര്‍മാന്‍ അബ്ദുറസാഖ് മാവൂര്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രത്യശയുടെ പ്രവര്‍ത്തനങ്ങളെ യോഗം അവലോകനം ചെയ്തു. റിസ യൂസുഫ്, മുജീബ് ആലിയ എന്നിവര്‍ അതിഥികളായിരുന്നു.

മരണപ്പെട്ടുപോയ പ്രത്യാശ പ്രവര്‍ത്തകരെ യോഗം സ്മരിച്ചു. മദീനയില്‍ നിന്നും വരുന്ന വഴിയില്‍ റോഡപകടത്തില്‍ മരണപ്പെട്ട പ്രത്യാശയുടെ പ്രവര്‍ത്തകരായിരുന്ന സുലൈമാന്‍ വെള്ളലശേരി, അബ്ദുള്‍ റഷീദ് മാവൂര്‍ എന്നിവരുടെ പേരില്‍ പ്രത്യേകം തയാര്‍ ചെയ്ത വേദിയിലാണ് കുടുംബസംഗമം നടന്നത്. അഷ്റഫ് ഓച്ചിറ സ്വാഗതവും അലി കല്‍പ്പകഞ്ചേരി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍