കെഫാക് ഫുട്ബോള്‍ ടൂര്‍ണമെന്റ്: കെഡിഎന്‍എ കോഴിക്കോട് തിരുവനന്തപുരത്തെ നേരിടും
Wednesday, May 21, 2014 6:45 AM IST
കുവൈറ്റ്: കെഫാക്കിന്റെ ആഭിമുഖ്യത്തില്‍ സബാഹിയ പബ്ളിക് അഥോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ രണ്ടു മാസമായി നടന്നുവരുന്ന അഡ്രസ് ഷോപ്പീ അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റിലെ ഫൈനല്‍ മേയ് 25 ന് വൈകുന്നേരം ആറിന് നടക്കും. ഫൈനല്‍ മത്സരത്തില്‍ കെഡിഎന്‍എ കോഴിക്കോട് തിരുവനന്തപുരത്തെ നേരിടും. വൈകുന്നേരം അഞ്ചിന് തൃശൂരും പാലക്കാടും തമിലുള്ള ലൂസേഴ്സ് ഫൈനലും നടക്കും.

കഴിഞ്ഞ ദിവസം ആവേശകരമായ സെമിഫൈനല്‍ മത്സരങ്ങള്‍ക്കായിരുന്നു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കോഴിക്കോടും പാലക്കാടും ഏറ്റുമുട്ടിയ ആദ്യ സെമിയില്‍ ആക്രമണ ഫുട്ബാളിന്റെ കളിയഴകില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കോഴിക്കോട് വിജയിച്ചത്. കളിയുടെ ഇരു പകുതിയിലുമായി രണ്ട് ഗോളുകള്‍ നേടിയ റഫീക്കാണ് കളിയിലെ കേമന്‍. പാലക്കാടിനുവേണ്ടി ടൂര്‍ണമെന്റിലുടനീളം മികച്ചനിലയില്‍ പന്ത് തട്ടിയ മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരം ജയകുമാര്‍ പരിക്കേറ്റു പുറത്തേക്ക് പോയത് കാണികളെ നിരാശരാക്കി.

രണ്ടാം സെമിയില്‍ പൊരുതികളിച്ച തൃശൂരിനെ ഏകപക്ഷീയമായ ഒരു ഗോളിന് തറപ്പറ്റിച്ച തിരുവനന്തപുരം ഫൈനലിലേക്ക് മാര്‍ച്ച് പാസ്റ് ചെയ്തു. ആക്രമണ പ്രത്യാക്രമണങ്ങള്‍ കണ്ട മത്സരത്തില്‍ ലോംഗ് പാസുകളുമായി തൃശൂര്‍ പൊരുതുവാന്‍ ശ്രമിച്ചെങ്കിലും തിരുവനന്തപുരത്തിന്റെ പ്രതിരോധത്തില്‍ എല്ലാം തട്ടി തകരുകയായിരുന്നു. മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് തിരുവനന്തപുരം താരം റോയിക്ക് ലഭിച്ചു. കുവൈറ്റിലെ മുഴുവന്‍ മലയാളി ഫുട്ബോള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൌകര്യം ഒരിക്കിയതായി കെഫാക് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 99708812, 97327238.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍