സംഗമം ഫുട്ബോള്‍: സിറ്റി സ്ട്രൈക്കേഴ്സ് ജേതാക്കള്‍
Wednesday, May 21, 2014 6:41 AM IST
റിയാദ്: ഒന്നര മാസമായി ഡിപ്ളോമാറ്റിക് ക്വാര്‍ട്ടേഴ്സിനു സമീപമുള്ള ഇന്റര്‍നാഷണല്‍ അക്കാദമി സ്റേഡിയത്തില്‍ നടന്നുവരുന്ന കോഴിക്കോട് നഗരത്തിലെ തെക്കേപ്പുറത്തുകാരുടെ ഫുട്ബോള്‍ മേളക്ക് വര്‍ണാഭമായ ചടങ്ങുകളോടെ സമാപനം.

ജൂണിയര്‍, സബ്ജൂണിയര്‍ മത്സരങ്ങളും റിയാദിലെ മാധ്യമപ്രവര്‍ത്തകരടങ്ങിയ ടീമും സംഗമം ഭാരവാഹികളടങ്ങിയ ടീമുമായുള്ള സൌഹാര്‍ദ മത്സരങ്ങളും കുട്ടികളുടെ കായികപ്രകടനവുമുള്‍പ്പെടെ ഉത്സവഛായ നിറഞ്ഞ അന്തരീക്ഷത്തിലാണ് സംഗമം സോക്കറിന്റെ കലാശപോരാട്ടത്തിന് അരങ്ങൊരുങ്ങിയത്.

കലാശപോരാട്ടത്തില്‍ പ്രമുഖ ഫുട്ബോളര്‍ അബ്ദുള്‍ ജബാര്‍ കണ്ടിയുടെ ശിക്ഷണത്തിലുള്ള പി.ടി നദീം നേതൃത്വം നല്‍കിയ സിറ്റി സ്ട്രൈക്കേഴ്സ് ഏകപക്ഷീയമായ രണ്ടു ഗോളിന് പൊരുതിക്കളിച്ച പാരഗണ്‍ റസ്ററന്റ് കാലിക്കറ്റ് ചാലഞ്ചേഴ്സിനെ പരാജയപ്പെടുത്തി. ആദ്യപകുതിയുടെ പതിനേഴാം മിനിട്ടില്‍ കെ.എം ഇല്യാസാണ് സ്ട്രൈക്കേഴ്സിന്റെ ആദ്യഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ ആറാം മിനിട്ടില്‍ ജംശി ദാരിന്റകം സിറ്റി സ്ട്രൈക്കേഴ്സിന്റെ വിജയമുറപ്പിച്ച രണ്ടാം ഗോള്‍ നേടി. പെനാള്‍ട്ടി ബോക്സില്‍നിന്നു തൊടുത്തുവിട്ട അത്യുഗ്രന്‍ ഷോട്ട് ഈ ടൂര്‍ണമെന്റിന്റെ ഏറ്റവും മനോഹരമായ ഗോളികളിലൊന്നായി മാറി. രണ്ടാം ഗോളും വഴങ്ങിയ ഉടനെ പാരഗണിന്റെ റെഫിന്‍ ബഷീര്‍ മനോഹരമായ ഡൈവിംഗിലൂടെ നടത്തിയ ഗോളെന്നുറച്ച ഷോട്ട് നിര്‍ഭാഗ്യം കൊണ്ടാണ് ഗോളാവാതെ പോയത്. കളിയവസാനിക്കാന്‍ മിനുട്ടുകളുള്ളപ്പോള്‍ മൈതാനമധ്യത്തുനിന്ന് നിരവധിപേരെ കബളിപ്പിച്ച് ആവേശകരമായ നീക്കത്തിലൂടെ പാരഗണിന്റെ മുഹ്സിന്‍ അഹ്മദ് കോയ ഗോള്‍ വലയം ലക്ഷ്യമാക്കി തൊടുത്ത ഷോട്ട് ബാറില്‍ത്തട്ടി പുറത്തുപോയതോടെ പാരഗണിന്റെ ആശ്വാസഗോളിനുള്ള അവസരവും പാഴായി.

മാന്‍ ഓഫ് ദി മാച്ചായി ജംഷി ദാരിന്റകം തെരഞ്ഞടുക്കപ്പെട്ടു. കലാശപോരാട്ടത്തിനുമുമ്പായി നടന്ന സബ് ജൂണിയര്‍ മത്സരത്തില്‍ റിയാസ് തോപ്പില്‍ നേടിയ ഒരു ഗോളിന് അത്ലറ്റികോ മാഡ്രിഡ് ചെല്‍സിയെയും ജൂണിയര്‍ മത്സരത്തില്‍ ഇസ്മായില്‍ ഹാരിസിന്റെ ഗോളിന് ബ്രസീല്‍ ടീം അര്‍ജന്റീനയെയും പരാജയപ്പെടുത്തി. സൌഹാര്‍ദ മത്സരത്തില്‍ ഷക്കീബ് കൊളക്കാടന്‍ നേതൃത്വം നല്‍കിയ ഉബൈദ് എടവണ്ണ, ഷഫീഖ് കിനാലൂര്‍, അഹ്മദ് സാലി എന്നിവര്‍ ജഴ്സിയണിഞ്ഞ റിയാദിലെ മാധ്യമപ്രവര്‍ത്തകരടങ്ങിയ ടീമിനെ സി.സി അബു നേതൃത്വം നല്‍കിയ അനില്‍ കറാനി, എം.വി മുജീബ് എന്നിവരങ്ങിയ സംഗമം ടീം പരാജയപ്പെടുത്തി. ഫൈസല്‍ ബിന്‍ അഹമ്മദ് ക്ളിക്കോണ്‍, ഉബൈദ് എടവണ്ണ, അബ്ദുള്‍ സത്താര്‍ അസ്മ വീട്, ഐ.പി ഉസ്മാന്‍ കോയ, വി.ജെ നസ്റുദ്ദീന്‍, എം.പി കോയ മൊയ്തീന്‍, സലീം സ്റാര്‍ എന്നിവര്‍ വിവിധ മത്സരങ്ങളില്‍ കളിക്കാരുമായി പരിചയപ്പെട്ടു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി സിറ്റി സ്ട്രൈക്കേഴ്സിലെ ഷൈലോക്കിനെയും ഗോള്‍ കീപ്പറായി പാരഗണിന്റെ അനീഷിനെയും ടോപ് സ്കോററായി അറേബ്യന്‍ ഈഗിള്‍സിന്റെ കെ.എം ഷമീറിനെയും തെരഞ്ഞെടുത്തു.

മുഹമ്മദ് സക്കരിയ പ്രാങ്ങിന്റ കത്തിന്റെ ഖിറാഅത്തോടെ ആരംഭിച്ച സമാപന ചടങ്ങില്‍ സംഗമം പ്രസിഡന്റ് എം.പി മുസ്തഫ അധ്യക്ഷത വഹിച്ചു. അഷ്റഫ് വേങ്ങാട്ട് (ഷിഫ അല്‍ജസീറ) ഉദ്ഘാടനം ചെയ്തു. സംഗമം വൈസ് പ്രസിഡന്റ് ആദം ഒജീന്റകം റിപ്പോര്‍ട്ട് അവരിപ്പിച്ചു. ക്ളിക്കോണ്‍ എംഡി നാസര്‍ അബൂബക്കര്‍ വിന്നേഴ്സിനുള്ള ട്രോഫിയും റീച്ചല്‍ ഡി മാസിരിയോ കമ്പനി എംഡി മന്‍സൂര്‍ അലി കാരപ്പറമ്പ് റണ്ണര്‍അപ്പിനുള്ള ട്രോഫിയും നല്‍കി. കെ.എം ഇല്യാസ്, സി.സി ആലു, എ.എം യാഖൂബ്, പി.വി മുഹമ്മദ് യൂനുസ്, പി.പി അബ്ദുള്‍ അസീസ്, ബഷീര്‍ മുസ്ലിയാരകം, ഇ.കെ ബഷീര്‍, അഷ്റഫ് കൊശാനിവീട്, ഹാരിസ് റൂമി, എം.എം അബ്ദു, കെ.വി അസീസ്, സി.വി റഷീദ്, ഷാജഹാന്‍ അല്‍അമീന്‍ സമ്മാനവിതരണം നടത്തി. ഐ. സമീല്‍, എസ്.വി അര്‍ഷുല്‍അഹ്മദ്, എം.പി ഇമ്പിച്ചിക്കോയ എന്നിവര്‍ ആശംസ നേര്‍ന്നു. സംഗമം ജനറല്‍ സെക്രട്ടറി ഫിറോസ് പന്തക്കലകം സ്വാഗതവും സ്പോര്‍ട്സ് കണ്‍വീനര്‍ അബ്ദുനാസര്‍ ബറാമി നന്ദിയും പറഞ്ഞു. സംഗമം സോക്കറിന്റെ ആരംഭകാലം മുതല്‍ സംഘാടകനായും വിവിധ ടീമുകളുടെ മാനേജരായും പ്രശംസാര്‍ഹമായ സേവനമുഷ്ഠിച്ച അബ്ദുള്‍മജീദ് ചെറിയനാലകത്തെ എം.പി മുസ്തഫ ഉപഹാരം നല്‍കി ആദരിച്ചു. പി.ടി അന്‍സാരി, ടി.പി യാഖൂബ്, എ.വി കുഞ്ഞഹമ്മദ് കോയ, പി.ടി യൂസുഫ് (യുടി) എം.എം റംസി, എസ്.എം ഹുസന്‍, പി.വി ഹിശാം എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍