ഷാര്‍ജയില്‍ 'മാ നിഷാദ' സെമിനാര്‍ മേയ് 30 ന്
Wednesday, May 21, 2014 6:39 AM IST
ഷാര്‍ജ: മാനവസ്നേഹത്തിന്റെ മഹാകാഹളം മുഴക്കി ജീവന്റെ മൂല്യം വിളിച്ചോതുന്ന മാ നിഷാദ സെമിനാര്‍ മേയ് 30 ന് ഷാര്‍ജ ഇന്ത്യന്‍ എക്സിബിഷന്‍ ആന്‍ഡ് ട്രേഡ് സെന്റെറില്‍ നടക്കും.

മനുഷ്യ സ്നേഹത്തിന്റെ പുത്തന്‍ പാത തെളിയിച്ച ആദരണീയനായ ഫാ. ഡേവിസ് ചിറമേല്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തും. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഭയാനകമാംവിധം ഉയര്‍ന്നു വരുന്ന ആത്മഹത്യാ നിരക്കുകള്‍ തുടങ്ങി അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ കശാപ്പു ചെയ്യപ്പെടുന്ന ജീവനുകള്‍ വരെ മലയാളിയെ ഓര്‍മപെടുത്തുന്നതു ഒരു മരണസംസ്കാരത്തെ ആണ്.

ജീവന്‍ ദൈവത്തിന്റെ ദാനമാണ് എന്ന് ഉദ്ഘോഷിച്ചുകൊണ്ട് നടത്തപ്പെടുന്ന ഈ സെമിനാറിന് നേതൃത്വം നല്‍കുന്നത് യുവദീപ്തി കെസിവൈഎം, ഷാര്‍ജ കൊയ്നോനിയ, വൈഎംസിഎ, വൈസ്മെന്‍, ഒസിവൈഎം, മാര്‍ത്തോമ യുവജനസഖ്യം തുടങ്ങിയ സംഘടനകള്‍ ആണ്.

ജീവന്‍ സംരക്ഷിക്കാന്‍ ആഹ്വാനം ചെയുന്ന ഈ സമ്മേളനത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന മൂന്നാം മാനവ ചേതന യാത്രയായ മാ നിഷാദയുടെ കര്‍ട്ടന്‍ റയിസര്‍ നടക്കും. ഒപ്പം ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫോറത്തിന്റെയും യുവദീപ്തി കെസിവൈഎമ്മിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനവും നടക്കും.

മേയ് 26 ന് ദുബായില്‍ എത്തിചേരുന്ന അച്ചനെ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരിക്കും. പരിപാടിയുടെ വിജയകരമായി നടത്തിപ്പിനുവേണ്ടി സാജന്‍ വേളൂര്‍, ജിനോ ജോസഫ്, ജോസഫ് ചാക്കോ, ജിബു കുര്യന്‍, മോനി ചെറിയാന്‍, സ്മിതോഷ് തോമസ്, ജോ കാവാലം, ജോര്‍ജ് കെ. ജോണ്‍, ആന്റോ ഏബ്രഹാം, മാത്യു സെബാസ്റ്യന്‍, ഡൈന്‍ ജോര്‍ജ്, വര്‍ഗീസ് പാപ്പച്ചന്‍, ബിനോജ് കൊച്ചുമ്മന്‍, അജി തോമസ്, ബിട്ടി ജോസഫ്, ബെന്നി ഡൊമിനിക്, ജോമോന്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.