റിയാദില്‍ ബസപകടം: ഒരു മരണം; അറുപത് പേര്‍ക്ക് പരിക്ക്
Tuesday, May 20, 2014 8:05 AM IST
റിയാദ്: നഗരമധ്യത്തിലൂടെ കടന്നു പോകുന്ന കിംഗ് ഫഹദ് ഹൈവേയില്‍ ദല്ലക്കു സമീപമുണ്ടായ ബസപകടത്തില്‍ ഒരാള്‍ മരിക്കുകയും അറുപത് പേര്‍ക്ക് പരിക്കേറ്റതായും സിവില്‍ ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു.

എന്നാല്‍ മരണസംഖ്യ കൂടുമെന്നും ഇരുപതോളം പേരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ഹൈവേയിലെ ഉയരം കൂടിയ മേല്‍പ്പാലത്തില്‍ നിന്നും തിങ്കളാഴ്ച പുലര്‍ച്ചെ ജോലിക്കാരേയുമായി പോവുകയായിരുന്ന സൌദി ബിന്‍ലാദന്‍ കമ്പനിയുടെ ബസ് നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു. എഴുപതോളം പേര്‍ ബസിലുണ്ടായിരുന്നതായി പറയുന്നു. ബസിന്റെ ഡ്രൈവറായ നേപ്പാളി യുവാവാണ് മരിച്ചത്. ബസിലുണ്ടായിരുന്നവരെല്ലാം വിദേശ തൊഴിലാളികളാണ്.

സൌദി ബിന്‍ലാദന്‍ കമ്പനിയുടെ ദുബായ് പ്രോജക്ടില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ അടുത്ത ദിവസമാണ് റിയാദിലെ കിംഗ് അബ്ദുള്ള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിലെ കമ്പനി പ്രോജക്ടില്‍ ജോലിക്കായെത്തിയത്. ഇവരെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോയ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. ഗുരുതരമായി പരിക്കേറ്റവരെ എയര്‍ ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റവരില്‍ ഈജിപ്ത്, ഇന്ത്യ, ബംഗ്ളാദേശ്, പാക്കിസ്ഥാന്‍, നേപ്പാള്‍ സ്വദേശികളാണുള്ളത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍