'ഇന്ത്യയില്‍നിന്നുള്ള വീട്ടുവേലക്കാര്‍ ഉടന്‍ എത്തും'
Monday, May 19, 2014 5:18 AM IST
റിയാദ്: ഇന്ത്യയില്‍നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ ഉടന്‍ എത്തി തുടങ്ങുമെന്ന് സൌദി ഡപ്യൂട്ടി തൊഴില്‍ മന്ത്രി ഡോയ മുഫ്രിജ് അല്‍ ഹുഖ് ബാനി അറിയിച്ചു.

ഇന്ത്യയില്‍നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി തൊഴില്‍ മന്ത്രിതലങ്ങളില്‍ കരാറായതിനുശേഷം ഏകീകൃത തൊഴില്‍കരാറിന്റെ കാര്യത്തില്‍ സൌദി - ഇന്ത്യ സംയുക്ത സമിതിയുടെ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു.

ഇന്ത്യയും - സൌദിയും തമ്മില്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ധാരണയായതിനു പുറമെ മറ്റ് ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തമ്മിലും ഇതുസംബന്ധിച്ച് ധാരണയുണ്ടാക്കിയതായി അദ്ദേഹം വ്യക്തമാക്കി.

സൌദി തൊഴില്‍ മന്ത്രാലയം മുന്‍കൈ എടുത്തുണ്ടാക്കിയ ഗാര്‍ഹിക തൊഴില്‍ കരാര്‍ തൊഴിലാളികള്‍ക്ക് സമാധാനത്തോടും സുരക്ഷിതമയും ജോലിചെയ്യുന്നതിന് അവസരം ഒരുക്കിയതായും ഒപ്പം തൊഴിലാളിയുടേയും തൊഴിലുടമയുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വഴിയൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

മന്ത്രാലയം ആരംഭിച്ച മുസാനിദ് സൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അര്‍ഹതപ്പെട്ട കമ്പനികളുടെ വിവരങ്ങളും മറ്റും വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ വിവിധ ഫോമുകള്‍, തൊഴിലാളിക്ക് പരാതി നല്‍കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ തുടങ്ങിയ കാര്യങ്ങളും മുസാനിദില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിച്ച് വരികയാണ്. തൊഴിലാളികള്‍ സൌദിയിലെത്തുന്നതോടെ ഇന്‍ഷ്വറന്‍സ് കവറേജ് ലഭിക്കുന്നതരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

തൊഴിലാളിക്ക് സ്വതന്ത്രമായി സ്പോണ്‍സര്‍ഷിപ്പ് മാറ്റം നടത്തുന്നതിന് സൌകര്യമൊരുങ്ങിയതായി സൌദി തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അഹമ്മദ് അല്‍ ഹുമൈദാന്‍ അറിയിച്ചു. നിതാഖാത്ത് പ്രകാരം ഈ സൌകര്യം സാധ്യമാണ്. ചുവപ്പില്‍ പെടുന്ന കമ്പനികളുടെ തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ സാധ്യാമാകും.

കുടാതെ മൂന്നുമാസം ശമ്പളം നല്‍കാന്‍ വിസമ്മതിക്കുന്ന തൊഴിലുടമയുടെ അനുവാദമില്ലാതെ സ്പോണ്‍സര്‍ഷിപ്പ്മാറ്റം സാധ്യമാവുമെന്നു അദ്ദേഹം വ്യക്തമാക്കി. അടുത്തവര്‍ഷത്തോടെ സൌദിയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും വേതന സുരക്ഷാ പദ്ധതി നടപ്പിലാക്കുമെന്നു അദ്ദേഹം അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം