കെഎംസിസി വനിതാ വിംഗ് കൌമാര സംഗമം മെയ് 22ന്
Monday, May 19, 2014 4:55 AM IST
റിയാദ്: റിയാദ് കെ.എം.സി.സി വനിതാ വിംഗ് കൌമാര സംഗമം സംഘടിപ്പിക്കും. ഷിഫാ അല്‍ ജസീറ പോളിക്ളിനിക്കും റിയാദ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ച് പെണ്‍കുട്ടികളെയും അവരുടെ ഉമ്മമാരേയും പങ്കെടുപ്പിച്ചാണ് മെയ് 22ന് വ്യാഴാഴ്ച വൈകീട്ട് എട്ടിന് ഷിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ പരിപാടി ഒരുക്കുന്നത്.  ഏഴാം തരം മുതല്‍ പ്ളസ് ടു വരെയുള്ള പ്രായക്കാരുടെ മാനസിക ആരോഗ്യവും ശാരീരിക വളര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ റിയാദിലെ പ്രശസ്ത ഗൈനക്കോളജിസ്റ് ഡോ.എലിസബത്ത്, ഡോ.ഷീല ജോര്‍ജ്ജ്, ക്ളിനിക്കല്‍ സൈക്കോളജിസ്റ് നുസൈബ ഇസ്ഹാഖ്, ചൈല്‍ഡ് കൌണ്‍സലര്‍ ഡാനി ജോസ് എന്നിവര്‍ ക്ളാസ്സെടുക്കും. സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന പരിപാടിയില്‍ ചോദ്യോത്തര സെഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് ക്വിസ് പ്രോഗ്രാം ഇശല്‍ സന്ധ്യ തുടങ്ങി വിവിധ പരിപാടികളും നടക്കും. ഉദ്ഘാടന സെഷനില്‍ കെ.എം.സി.സി നേതാക്കള്‍ സംബന്ധിക്കും.

ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി. പ്രസിഡണ്ട് നദീറ ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ചെയര്‍പേര്‍സണ്‍ കെ.പി. ഖമറുന്നീസ യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സുബു സലാം സ്വാഗതവും ട്രഷറര്‍ സമീറ മുസ്തഫ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍