'വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ നിര്‍ത്തലാക്കണം'
Sunday, May 18, 2014 7:48 AM IST
കുവൈറ്റ്: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥി പ്രവേശനത്തിനും അധ്യാപക നിയമനത്തിനും വന്‍തോതില്‍ കോഴ വാങ്ങുന്ന സമ്പ്രദായം നിര്‍ത്തല്‍ ചെയ്യാന്‍ സര്‍ക്കാരും പൊതു സമൂഹവും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് പ്രവാസി സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാന കോഓര്‍ഡിനേറ്ററായി ചുമതലയേറ്റ ഡോ.ഹുസൈന്‍ മടവൂര്‍ കുവൈറ്റില്‍ വിളിച്ചുചേര്‍ത്ത പ്രമുഖ സംഘടനാ നേതാക്കളുടെ യോഗത്തിലാണ് കോഴക്കെതിരെ ശക്തമായ പ്രതികരണമുണ്ടായത്. ന്യൂനപക്ഷങ്ങളുടെ പേരില്‍ നേടിയെടുത്ത പല സ്ഥാപനങ്ങളിലും ന്യൂനപക്ഷങ്ങള്‍ക്ക് യാതൊരു പരിഗണനയുമില്ല. ന്യൂനപക്ഷ പദവി നേടിയെടുത്ത് വിദ്യാഭ്യാസ കച്ചവടം നടത്തുന്ന നിരവധി മാനേജ്മെന്റുകള്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേ അവകാശങ്ങള്‍ ധാരാളമായി നിഷേധിക്കപ്പെടുന്നുണ്െടന്നും അവര്‍ ആരോപിച്ചു.

ഇന്ത്യയില്‍ സര്‍ക്കാര്‍ അംഗീകരിച്ച എല്ലാ സര്‍ട്ടിഫിക്കറ്റുകള്‍ക്കും വിദേശങ്ങളില്‍ അംഗീകാരം ലഭിക്കാന്‍ ഇടപെടലുകളുണ്ടാവണമെന്നും വിദേശങ്ങളില്‍ ഇന്ത്യന്‍ സര്‍വകലാശാല ഓഫ് കാമ്പസുകള്‍ തുടങ്ങണമെന്നും ആവശ്യങ്ങളുയര്‍ന്നു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളെക്കുറിച്ച് ഗുണഭോക്താക്കള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ പ്രവാസി സംഘടനകളുടെ സഹായമാവശ്യമാണെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലക്ഷക്കണക്കിനു രൂപ ഉപയോഗപ്പെടുത്താതെ നഷ്ടപ്പെട്ടു പോകുന്നതില്‍ ബന്ധപ്പെട്ട സമുദായങ്ങളുടെ അശ്രദ്ധ കാരണമാവുന്നുണ്ട്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പദ്ധതികള്‍, പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടികള്‍, മൌലാനാ ആസാദ് ഫൌണ്േടഷന്‍, വഖഫ് ബോര്‍ഡ് തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളെകുറിച്ച് താഴെക്കിടയിലേക്ക് വിവരം നല്‍കാന്‍ മഹല്ല് ജമാഅത്തുകളുടെ സഹകരണം തേടും. എല്ലാ ജില്ലകളിലും ഉടന്‍ തന്നെ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

വിവിധ സംഘടനകളേയും മീഡിയകളേയും പ്രധിനിധീകരിച്ച് സഗീര്‍ തൃക്കരിപ്പൂര്‍ (കെകെഎംഎ), സിദ്ദീഖ് വലിയകത്ത് (കെകെഎംസിസി), ജോണ്‍ തോമസ് (യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍), എം.ടി മുഹമ്മദ് (ഐഐസി), സാം പൈനുംമൂട് (കല), സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ (കെഐജി), ഹംസ മുസ്തഫ (ജീവന്‍), സത്താര്‍ കുന്നില്‍ (ഐഎംസിസി), സമീര്‍ മുഹമ്മദ് (സിജി), ഫിറോസ് (പിങ്കിള്‍ ആപ്പിള്‍ മീഡിയ), അഷ്റഫ് കാളത്തോട് (മാപ്പിള കലാ അക്കാഡമി), ഫാറൂഖ് ഹമദാനി (മിഡില്‍ ഈസ്റ് ചന്ദ്രിക), ജനൂബ് (ഗള്‍ഫ് മാധ്യമം), താജു നന്ദി (വര്‍ത്തമാനം), ഇഖ്ബാല്‍ കുട്ടമംഗലം (പ്രിയദര്‍ശിനി ഫോറം), അബ്ദുള്‍ ലത്തീഫ് (കുവൈറ്റ് മലയാളി ഡോട്ട് കോം), ഇബ്രാഹിം കുന്നില്‍, മുഹമ്മദ് ബഷീര്‍, അഷ്റഫ് വക്കാത്ത്, അസീസ് തിക്കോടി എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍