'ബിജെപിയുടെ വിജയം ഇന്ത്യയുടെ ബഹുസ്വരതയ്ക്കും മതേതരത്വത്തിനും ഭീഷണി'
Saturday, May 17, 2014 9:53 AM IST
ജിദ്ദ: ലോകസഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി. നേടിയ മുന്നേറ്റം രാജ്യത്തെ ബഹുസ്വരതക്കും, മതനിരപേക്ഷതക്കും, കനത്ത ഭീഷണിയായിരിക്കുമെന്ന് ജിദ്ദ നവധാര സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

വിലക്കെടുത്ത മാധ്യമങ്ങളും, കോര്‍പ്പറേറ്റുകളും, ആസൂത്രിതമായി നടത്തിയ ഭമോഡി തരംഗം’ എന്ന ഗീബല്‍സിയന്‍ നുണപ്രചരണങ്ങളും, വിലക്കയറ്റവും അഴിമതിയും ജനദ്രോഹ നിലപാടുകളും കൊണ്ട് ജനത്തെ പൊറുതി മുട്ടിച്ച കോണ്‍ഗ്രസ്സിനെതിരെ ഉയര്‍ന്ന ജനവികാരവും, ഫാസിസ്റു കക്ഷികള്‍ക്ക് കടന്നു വരാന്‍ വഴി എളുപ്പമാക്കി എന്നതാണ് ജനവിധി തെളിയിക്കുന്നതെന്നും നവധാര വിലയിരുത്തി.

ഫാസിസത്തിന്റെ സംഘടിത മുന്നേറ്റത്തെ ചെറുക്കാന്‍ ആന്തരിക വൈരുദ്ധ്യങ്ങളുള്ള ഇതര പാര്‍ട്ടികള്‍ക്കോ, അധികാര രാഷ്ട്രീയത്തിനു വേണ്ടി പ്രസ്ഥാനത്തെ അടിയറ വെച്ച് ലക്ഷ്യബോധം നഷ്ടപ്പെട്ട ഇടതു പാര്‍ട്ടികള്‍ക്കോ ആയില്ല എന്നത് രാജ്യത്തെ ജനങ്ങള്‍ക്ക് നിരാശ നല്‍കുന്നതാണെന്നും നവധാര ചൂണ്ടിക്കാട്ടി.

ചെങ്കോട്ടയില്‍ ചെങ്കൊടി പാറുന്നത് സ്വപ്നം കണ്ട ഒരു ജനതക്ക്, പാര്‍ട്ടിയെ തന്നെ രാജ്യത്തു നിന്നും തുടച്ചു നീക്കുന്നത് കാണേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണ്. കേരളത്തില്‍ ഭരണവിരുദ്ധ ജനഹിതം അനുകൂലമാക്കുന്നതില്‍ ഗുരുതര വീഴ്ച്ച സംഭവിച്ച നേതൃത്വത്തിന് ബംഗാള്‍ നല്‍കുന്ന പാഠം ചെറുതല്ല. ജനകീയ സമരങ്ങളെ അട്ടിമറിച്ചും, ഒറ്റുകൊടുത്തും വിശ്വാസ്യത കളഞ്ഞു കുളിച്ചവര്‍ക്ക്, കൊല്ലത്തും കോഴിക്കോടും കിട്ടിയ പ്രഹരം കൊടിവെച്ച കാറില്‍ കോര്‍പ്പറേറ്റുകളുടെ മാനേജര്‍മാരായി വിലസിയതിന്റെ ഫലമാണെന്നും നവധാര ഓര്‍മ്മപ്പെടുത്തി.

അരനൂറ്റാണ്ടായി കുടുംബവാഴ്ച്ച കൊണ്ട് രാജ്യത്തെ ഭരിച്ചു മുടിക്കാമെന്ന കോണ്‍ഗ്രസ്സിന്റെ ഹുങ്കിന് ജനം താക്കീതു നല്‍കിയപ്പോള്‍, പൊതുതെരഞ്ഞെടുപ്പില്‍ സീറ്റു കുറഞ്ഞാലും ശക്തമായ സാന്നിദ്ധ്യം അറിയിയിച്ച് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ജനവിധി തേടാറുള്ള ഇടതു പാര്‍ട്ടികള്‍ക്ക് മത്സരിക്കാന്‍ സ്ഥാനാര്‍ഥികളോ മുന്നോട്ട് വെക്കാന്‍ ബദല്‍ നയമോ ഇല്ലാതായപ്പോള്‍, നേതാക്കള്‍ക്ക് പോലും മറ്റുപാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്യേണ്ടി വന്ന ഗതികേട് ആവര്‍ത്തിക്കാനല്ലാതെ പ്രതിരോധിക്കാന്‍ നിലവിലുള്ള നേതൃത്വത്തിന് ഇനി കഴിയില്ലെന്നും തെരെഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ വിരുദ്ദ വികാരവും, സമുന്നത പാര്‍ട്ടിനേതാക്കളുടെ ഐക്യവും, ഉരുക്കു ബലമുള്ള പാര്‍ട്ടി സവിധാനവും, അവകാശപ്പെടുന്ന പാര്‍ട്ടിക്ക് സ്വന്തം സ്ഥാനാര്‍ത്ഥികളെ നിറുത്താന്‍ കഴിയാതെ വോട്ടു മറിക്കുന്നതിനിടയില്‍, സ്വന്തം വോട്ടു ചോര്‍ച്ച തടയാനാകാതെ പരാജയത്തിനു ഭആര്‍.എം.പി’ യെ പഴിക്കുന്നത് ആശയ ദാരിദ്യ്രവും, രാഷ്ട്രീയ പാപ്പരത്തവുമാണ്. നുണവാളുകൊണ്ടും, കൊടുവാളുകൊണ്ടും, വിമര്‍ശനങ്ങളെ ശിരഛേദം ചെയ്യാനും, ബംഗാളിലെ ഗതി വരാതിരിക്കാന്‍ പാര്‍ട്ടിയെ 'ബോണ്‍സായി മരം' ആയി നിലനിര്‍ത്താനുമുള്ള ശ്രമമാണ് വടകരയും, കാസര്‍ഗോഡും, കോഴിക്കോടും നല്‍കിയ തിരിച്ചടിയിലെ സന്ദേശം. തെറ്റുതിരുത്താന്‍ തയ്യാറാവാത്ത പാര്‍ട്ടി നേതൃത്വത്തിന് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഇന്ത്യയില്‍ ഒരു ചരമക്കുറിപ്പെഴുതി ചരിത്രത്തിനു വഴിമാറുകയെന്ന ബാധ്യത മാത്രമേ ബാക്കിയുള്ളൂവെന്നും നവധാര സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

റിപ്പോര്‍ട്ട്: കെ.ടി.മുസ്തഫ പെരുവള്ളൂര്‍