മഴക്കെടുതി: കേരളം 110 കോടി അടിയന്തര സഹായം ആവശ്യപ്പെട്ടു
Thursday, May 8, 2014 8:39 AM IST
ന്യൂഡല്‍ഹി: കേരളത്തില്‍ അപ്രതീക്ഷിതമായി പെയ്ത വേനല്‍മഴ മൂലമുണ്ടായ കെടുതിക്ക് ദുരിതാശ്വാസമായി 110 കോടി രൂപ കേന്ദ്ര സഹായം നല്‍കണമെന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ, സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാന റവന്യുമന്ത്രി അടൂര്‍ പ്രകാശാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വേനല്‍മഴ മൂലം ഇതുവരെ 250 കോടിയോളം രൂപയുടെ നാശനഷ്ടമാണുണ്ടായിരിക്കുന്നതെന്നു അടൂര്‍ പ്രകാശ് വ്യക്തമാക്കി.

ഏപ്രില്‍ 30 വരെയുള്ള നാശനഷ്ട കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് അടിയന്തര ധനസഹായത്തിനു കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. സംസ്ഥാനത്ത് വ്യാപകമായി ഉണ്ടായ വേനല്‍മഴയില്‍ പെട്ട് 18 മരണം സംഭവിച്ചിട്ടുണ്െടന്നും 282 വീടുകള്‍ പൂര്‍ണമായും 1242 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്െടന്നും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കണക്കിലെടുത്താണ് 110 കോടിയുടെ അടിയന്തര സഹായം തേടിയതെന്നും 150 കോടി രൂപയിലധികം കേരളത്തിന് അന്തിമ റിപ്പോര്‍ട്ടില്‍ ധനസഹായമായി ചോദിക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടുതല്‍ ചര്‍ച്ചകള്‍ക്കായി റവന്യു സെക്രട്ടറി സത്യജിത് രാജ് ചൊവ്വാഴ്ച ഡല്‍ഹിയിലെത്തും. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി കകേന്ദ്ര സംഘത്തെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മഴ തുടരുന്നതിനാല്‍ തന്നെ നാശനഷ്ടങ്ങളുടെ തോത് ഉയരാനാണ് സാധ്യത. മഴ മാറിയാല്‍ മാത്രമെ യഥാര്‍ഥ നാശനഷ്ടങ്ങളെ കുറിച്ച് കണക്കെടുക്കാന്‍ കഴിയുകയുള്ളൂ. മഴക്കെടുതി നേരിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്െടന്നും അടൂര്‍ പ്രകാശ് പറഞ്ഞു.