റോക്ലാന്റ് സീറോ മലബാര്‍ ചര്‍ച്ചിലെ വിശുദ്ധ വാരാചരണവും ഉയിര്‍പ്പു തിരുനാളാഘോഷവും
Thursday, April 24, 2014 8:04 AM IST
ന്യൂയോര്‍ക്ക്: റോക്ലാന്റ് സീറോ മലബാര്‍ ചര്‍ച്ചിലെ വിശുദ്ധവാരാചരണം പെസഹ വ്യാഴാഴ്ച വൈകുന്നേരം ആറിന് കാല്‍കഴുകല്‍ ശുശ്രൂഷയോടെ ആരംഭിച്ചു. സെന്റ് തോമസ് സീറോ മലബാര്‍ ഷിക്കാഗോ രൂപതയുടെ ചാന്‍സലര്‍ വെരി റവ.ഡോ. സെബാസ്റ്യന്‍ വേത്താനത്ത് ആയിരുന്നു മുഖ്യകാര്‍മികന്‍. റോക്ക്ലാന്റ് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. തദേവൂസ് അരവിന്ദത്തും റവ.മോണ്‍. കോക്സും സഹകാര്‍മികരായിരുന്നു.

റവ.ഡോ. വേത്താനത്തിന്റെ ചിന്തോദീപകവും പാണ്ഡിത്യത്തികവുമാര്‍ന്ന പ്രസംഗം ആളുകളെ ചിന്തിപ്പിക്കുകയും ദൈവികതയിലേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്തു. അപ്പം മുറിക്കലിനു ശേഷം ദിവ്യകാരുണ്യാരാധനയും ഉണ്ടായിരുന്നു.

ദുഃഖവെള്ളിയാഴ്ച രാത്രി 8.30ന് ആരംഭിച്ച യേശുവിന്റെ പീഡാസഹന ഓര്‍മ്മ അതിമനേഹരമായി 14 സ്റ്റേഷനുകളിലും ഷൈന്‍ റോയിയുടെ സംവിധാനത്തില്‍ പുനരാവിഷ്കരിച്ചത് മനസിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് ആവാഹിച്ചെടുക്കാന്‍ പര്യാപ്തമായിരുന്നു.

ക്രൈസ്തവ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങളിലേക്ക് മനുഷ്യമനസിനെ തിരിച്ചുവിടാന്‍ അറിവിന്റെ ആഴങ്ങളില്‍ നിന്ന് നിത്യതയുടെ മൊഴിമുത്തുകള്‍ നല്‍കി റവ.ഡോ.സെബാസ്റ്യന്‍ വേത്താനത്തിന്റെ പ്രഭാഷണം ധന്യതയുടെ നിമിഷങ്ങളായി.

ദുഃഖശനിയാഴ്ച രാവിലെ 10 ന് വി.കുര്‍ബാനയോടു കൂടി ദീപം തെളിക്കലും വെള്ളം വെഞ്ചരിക്കലും ഉണ്ടായിരുന്നു. ബൈബിളിന്റെ വെളിച്ചത്തില്‍ റവ. ഡോ. സെബാസ്റ്യന്‍ വേത്താനത്തിന്റെ പ്രസംഗം പുതുവെളിച്ചം നല്‍കി.

രാത്രി 11 ന് ഉയിര്‍പ്പിന്റെ തിരുകര്‍മ്മങ്ങള്‍ വലിയ നോമ്പിന്റെ അവസാനം കുറിച്ചുകൊണ്ട് ആരംഭിച്ചു. ഉഥിതനായ ക്രിസ്തുവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും വി.കുര്‍ബാനയും നടന്നു. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സമ്മാനമായ സമാധാനം എല്ലാവര്‍ക്കും നല്‍കിക്കൊണ്ടുള്ള റവ.ഡോ.സെബാസ്റ്യന്‍ വേത്താനത്തിന്റെ പ്രസംഗ പരമ്പര ഈ വര്‍ഷം റോക്ക്ലാന്‍ഡ് സീറോ മലബാര്‍ കാത്തലിക്ക് അംഗങ്ങള്‍ക്ക് കിട്ടിയ വലിയ നോമ്പിലെ മൂന്നാമത്തെ ധ്യാനമായിരുന്നുവെന്ന് മിഷന്‍ ഡയറക്ടര്‍ റവ. തദേവൂസ് അരവിന്ദത്തച്ചന്‍ വിശേഷിപ്പിച്ചു. റിഫ്രഷ്മെന്റിനുശേഷം പുലര്‍ച്ചെ രണ്േടാടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോസഫ് വാണിയപ്പള്ളി