പൊന്നാനി കൂട്ടായ്മ 17-ാം വാര്‍ഷികമാഘോഷിച്ചു
Thursday, April 24, 2014 8:00 AM IST
റിയാദ്: നാട്ടിലും വിദേശത്തുമുള്ള പൊന്നാനി നിവാസികള്‍ക്കിടയില്‍ ശ്രദ്ധേയമായ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി വരുന്ന പൊന്നാനി റിയാദ് അസോസിയേഷന്‍ ഫോര്‍ വെല്‍ഫെയര്‍ പിആര്‍എഡബ്ള്യു 17-ാം വാര്‍ഷികാഘോഷവും കുടുംബ സംഗമവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സുല്‍ത്താനയിലെ അല്‍ നഖീല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് കെ.ടി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

നൂറോളം നിര്‍ധനരായ കുടുംബങ്ങള്‍ക്ക് മാസാന്തം ആയിരം രൂപ പെന്‍ഷന്‍, വീട് പുനര്‍നിര്‍മാണം, രോഗികള്‍ക്ക് ചികിത്സാ സഹായം, നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്, കടബാധ്യത തീര്‍ക്കുന്നതിനും സ്വയം തൊഴില്‍ കണ്െടത്താനുമുള്ള സഹായം നല്‍കല്‍, നാട്ടില്‍ പോകാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് സൌജന്യമായി ടിക്കറ്റ് നല്‍കല്‍ തുടങ്ങി ഓരോ മാസവും ഒന്നര ലക്ഷം രൂപയിലധികം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവിടുന്നതായി ഹിഷാം അബൂബക്കര്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. വാര്‍ഷികാഘോഷ പരിപാടികള്‍ ക്ളിക്കോണ്‍ മാനേജിംഗ് ഡയറക്ടര്‍ നാസര്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.

ദാനധര്‍മ്മങ്ങള്‍ നടത്തി ഇതുവരെ ലോകത്താരും പാപ്പരായിട്ടില്ലെന്നും മറ്റുള്ളവന്റെ വിശപ്പും പ്രയാസങ്ങളും കണ്ടറിഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കുന്നവനാണ് പൂര്‍ണ അര്‍ഥത്തില്‍ ഇസ്ലാമിക വിശ്വാസി ആവുകയുള്ളൂ എന്നും മുഖ്യ പ്രഭാഷണം നടത്തിയ പ്രമുഖ ഇസ്ലാമിക പ്രബോധകന്‍ സുഫ്യാന്‍ അബ്ദുസലാം പറഞ്ഞു. പ്രവാസി ഭാരതീയ പുരസ്കാരം നേടിയ ശിഹാബ് കൊട്ടുകാടിനുള്ള ഉപഹാരം അദ്ദേഹത്തിനു വേണ്ടി ഇസ്മായില്‍ വാലേത്ത് വൈസ് പ്രസിഡന്റ് സി.വി മുഹമ്മദ് അഷ്റഫില്‍ നിന്നും ഏറ്റുവാങ്ങി. ഹസന്‍ പൂക്കേയ തങ്ങള്‍, ബഷീര്‍ പാങ്ങോട്, ഉബൈദ് എടവണ്ണ, ഫൈസല്‍ ക്ളിക്കോണ്‍, കെ.ടി അഷ്റഫ്, പി.വി അബ്ദുള്‍ ഖയ്യൂം, ഷാജി തറോല, അബ്ദുള്‍ നാസര്‍, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സി.വി ഫസലുര്‍റഹ്മാന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എം ഹബീബ്റഹ്മാന്‍ സ്വാഗതവും എ.വി സിറാജുദ്ദീന്‍ നന്ദിയും പറഞ്ഞു.

പൊന്നാനിയെക്കുറിച്ചും സംഘടനയെക്കുറിച്ചും വിശദീകരിക്കുന്ന ഡോക്യുമെന്ററി ഹിഷാര്‍ ഇബ്രാഹിമും പൊന്നാനി കിഡിനി ഡയാലിസിസ് സെന്ററിന്റെ ആവശ്യകതയെക്കുറിച്ചും വൃക്ക രോഗികള്‍ക്ക് നല്‍കേണ്ട പരിരക്ഷയെക്കുറിച്ചുമുള്ള ഡോക്യുമെന്ററി പി.വി സൈനുദ്ദീനും അവതരിപ്പിച്ചു. കുടുംബ സംഗമത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിന് ഹിഷാം അബൂബക്കര്‍, നാസിക് റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സംഗീത പരിപാടിയില്‍ ഹിബ ബഷീര്‍, അസ്ഹര്‍, റിയ, നസിറുദ്ദീന്‍, ഖാദര്‍ കോഴിക്കോട്, മുനീര്‍ കുനിയില്‍, ഷാജി തറോല എന്നിവര്‍ ഗാനമാലപിച്ചു. കലാപരിപാടികള്‍ക്ക് ഇല്യാസ് മണ്ണാര്‍ക്കാട് നേതൃത്വം നല്‍കി. മലര്‍വാടിയിലെ കൊച്ചു കുട്ടികള്‍ അവതരിപ്പിച്ച നൃത്തവും ഫെമി യൂസഫ് അവതരിപ്പിച്ച അറേബ്യന്‍ ഡാന്‍സും നസീബ് കലാഭവന്റെ മിമിക്സ് പരേടും ചടങ്ങിന് കൊഴുപ്പേകി. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ കായികമത്സരങ്ങളും അരങ്ങേറി.

റഹീം കോഹിനൂര്‍, സഫീര്‍, മുഹമ്മദ് ബഷീര്‍, ഫിറോസ് ബാബു, എ.വി ജമാലുദ്ദീന്‍, നൂറുദ്ദീന്‍, യൂസഫ്, മുജീബ്റഹ്മാന്‍, സലാഹുദ്ദീന്‍, ദേവന്‍, ചാംസ് ഹസന്‍, നാസര്‍ തങ്ങള്‍, പി.കെ അബ്ദുള്ള തുടങ്ങിയവര്‍ സമ്മാനദാനം നിര്‍വഹിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍