മര്‍കസ് ദിനം ആഘോഷിച്ചു
Wednesday, April 23, 2014 5:03 AM IST
റിയാദ്: ജാമിഅ മര്‍കസ് സ്ഥാപനദിനമായ ഏപ്രില്‍ 18 ന് മര്‍കസ് ദിനമായി ആഘോഷിച്ചു. റിയാദിലുള്ള മര്‍കസ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ മര്‍കസ് അലുംനിയാണ് പരിപാടി സംഘടിപ്പിച്ചത്. വാദിസ്സഖാഫ അല്‍ സഹാബ ഇസ്തിരാഹ യില്‍ നടന്ന പരിപാടി ഐ.സി.എഫ് റിയാദ് ഘടകം പ്രസിഡണ്ട് ടി.എസ്.കെ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മര്‍കസ് അലുംനി റിയാദ് ചെയര്‍മാന്‍ ശരീഫ് പുത്തന്‍പള്ളി അധ്യക്ഷനായിരുന്നു. തുടര്‍ന്ന് നടന്ന ആത്മീയ സംഗമത്തില്‍ എം.എസ്.ഒ അഖിലേന്ത്യാ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയിലെ പിന്നോക്ക ന്യൂനപക്ഷ വിഭാഗത്തിനിടയില്‍ മര്‍കസ് സാധിച്ചെടുത്ത വിദ്യാഭ്യാസ സാംസ്കാരിക വിപ്ളവം നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു.

അനാവശ്യ വിവാദങ്ങളിലും വിഭാഗീയ താല്‍പ്പര്യങ്ങളിലും അകപ്പെട്ട് സമയം കളയാതെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിന് പരിശ്രമിക്കുകയാണ് മര്‍കസ് സംഘടനകളുടെ പ്രവര്‍ത്തനരീതിയെന്നും അക്കാര്യത്തില്‍ അലൂംനി പ്രവര്‍ത്തകര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വടക്കേ ഇന്ത്യയിലെ പിന്നോക്ക വിഭാഗങ്ങളെ വിദ്യാഭ്യാസപരമായി മുന്നോക്കം കൊണ്ടു വരുന്നതിനായി മര്‍കസിന് കീഴിലുള്ള റിലീഫ് ആന്റ് ചാരിറ്റബിള്‍ ഫൌണ്േടഷന്‍ ആര്‍.സി.എഫ്.ഐ നടപ്പിലാക്കിയ പദ്ധതികള്‍ സദസ്സില്‍ വിശദീകരിക്കപ്പെട്ടു.

മര്‍കസ് അലൂംനി റിയാദ് ചാപ്റ്റര്‍ കണ്‍വീനറും കിംഗ് സൌദ് യൂണിവേഴ്സിറ്റി എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് തലവനുമായ ഡോ. അബ്ദുസ്സലാം ഉമര്‍ സംസാരിച്ചു. സമ്മേളന സ്വാഗതസംഘം ഭാരവാഹികളെ റസാഖ് മാവൂര്‍ പ്രഖ്യാപിച്ചു. ജലീല്‍ മാട്ടൂല്‍ പദ്ധതി പ്രഖ്യാപനം നടത്തി. ഗഫൂര്‍ മാസ്റ്റര്‍ വെളിമണ്ണ സ്വാഗതവും ബസ്റ്റോ ബഷീര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍