വാഴ്ത്തപ്പെട്ട ജോണ്‍ 23-മന്റേയും, ജോണ്‍ പോള്‍ രണ്ടാമന്റേയും തിരുനാള്‍ ഏപ്രില്‍ 27-ന്
Wednesday, April 23, 2014 5:01 AM IST
ഷിക്കാഗോ: ഏപ്രില്‍ 27-ന് ഞായറാഴ്ച വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന വാഴ്ത്തപ്പെട്ടവരായ ജോണ്‍ ഇരുപത്തിമൂന്നാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പമാരുടെ തിരുനാള്‍ ഏപ്രില്‍ 27-ന് ഞായറാഴ്ച ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രിലല്‍ നടത്തപ്പെടുന്നു.

ഞായറാഴ്ച രാവിലെ 11 മണിക്കുള്ള ദിവ്യബലിയോടുകൂടിയാണ് തിരുനാള്‍ ആഘോഷമായി നടത്തുന്നതെന്ന് കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ട് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ആധുനിക യുഗത്തില്‍ സഭയെ വിശുദ്ധിയോടെ നയിച്ചവരാണ് വാഴ്ത്തപ്പെട്ടവരായ ജോണ്‍ ഇരുപത്തിമൂന്നാമനും, ജോണ്‍ പോള്‍ രണ്ടാമനും. സഭാ പഠനങ്ങള്‍ ആനുകാലിക ലോകത്തിന് പ്രസക്തമാക്കുകയായിരുന്നു ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെ ലക്ഷ്യം. അതിനായി അദ്ദേഹത്തിന്റെ മനസില്‍ പരിശുദ്ധാത്മാവ് വിരിയിച്ച പദ്ധതിയാണ് രണ്ടാം വത്തിക്കാന്‍ സുന്നഹദോസ്. ജീവിതവിശുദ്ധിയും, ലാളിത്യവും പ്രതിഫലിപ്പിച്ച പാപ്പായെ മഹാനായ ജോണ്‍ 23-മനെന്ന് സമകാലിക സമൂഹം ആദരവോടെ വിളിച്ചു. സഭാ ശുശ്രൂഷയുടെ അഞ്ച് വര്‍ഷങ്ങള്‍ മാത്രം നീണ്ട സമര്‍പ്പണ പാതയില്‍ വിശുദ്ധിയുടെ വെള്ളിനക്ഷത്രം പോലെ കടന്നുപോയ ആത്മീയ നായകനായിരുന്നു ഇറ്റലിക്കാരുടെ പ്രിയങ്കരനായ 'പാപ്പാ റൊങ്കാളി'.

നീണ്ട 27 വര്‍ഷത്തെ അജപാലന ശുശ്രൂഷകൊണ്ട് ക്രിസ്തുസ്നേഹത്തിന്റെ വിശ്വാസ തീര്‍ത്ഥാടകനായ പാപ്പായാണ് ജോണ്‍ പോള്‍ രണ്ടാമന്‍. ആധുനിക യുഗത്തില്‍ സഭയെ നയിക്കാന്‍ അകലെ നിന്നും വന്ന ഇറ്റലിക്കാരനല്ലാത്ത ചരിത്രത്തിലെ ആദ്യത്തെ പത്രോസിന്റെ പിന്‍ഗാമിയുമായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍. മുപ്പത്തിമൂന്ന് ദിവസങ്ങള്‍ മാത്രം പത്രോസിന്റെ സിംഹാസനത്തിലിരുന്ന് കടന്നുപോയ മുന്‍ഗാമി ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പായുടെ അജപാലന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ താന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ എന്ന നാമം സ്വീകരിക്കുന്നു എന്നു പ്രസ്താവിച്ചുകൊണ്ടാണ് പോളണ്ടുകാരനായ 'പാപ്പാ വോയ്ത്തീവ' ചരിത്രത്തിലേക്കു കടന്നുവന്നതും, അജപാലന സ്നേഹത്തിന്റെ ഇതിഹാസമായി മാറിയതും. കരിങ്കല്‍മടയില്‍ ജോലി ചെയ്തും, കമ്യൂണിസ്റ് ഭരണത്തിന്റെ കനത്ത ഭാരമേറിയും, പോളണ്ടിലെ ക്രാക്കോയില്‍ വളര്‍ന്ന കാരോള്‍ വോയ്ത്തീവ കാലത്തിന്റെ തികവില്‍ ക്രിസ്തുവിന്റെ സഭയുടെ നായകനായി. അത് 1978 ഒക്ടോബര്‍ 16-നായിരുന്നു. പത്രോസിന്റെ 264-മത്തെ പിന്‍ഗാമിയുമായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍. ലോകത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ നീണ്ട അപ്പസ്തോലിക് യാത്രകള്‍ നടത്തിയ ഈ സ്നേഹദൂതന്‍, രണ്ടു തവണ ഭാരത മണ്ണില്‍ കാലുകുത്തുകയും, 1986-ല്‍ കോട്ടയത്ത് വെച്ച് കേരളത്തിന്റെ അഭിമാനവും പുണ്യാത്മാക്കളുമായ അല്‍ഫോന്‍സാമ്മയേയും ചാവറയച്ചനേയും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു. (അന്ന് കോട്ടയത്തു വെച്ച് തൊട്ടടുത്തു നിന്ന് പാപ്പായെ സ്വീകരിക്കുവാന്‍ ഈ ലേഖകനും അവസരം ലഭിച്ചത് ഈ അവസരത്തില്‍ സ്മരിക്കുന്നു).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം