വിചാരവേദിയില്‍ 'ഒരു വീരേതിഹാസത്തിന്റെ' ചര്‍ച്ച
Wednesday, April 23, 2014 4:58 AM IST
ന്യൂയോര്‍ക്ക്: വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ കേരള കള്‍ച്ചറല്‍ സെന്ററില്‍ പാറേമ്മാക്കല്‍ തോമാക്കത്തനാരുടെ വര്‍ത്തമാന പുസ്തകം എന്ന കൃതി ചര്‍ച്ച ചെയ്യപ്പെട്ടു. ഡോ. എന്‍. പി. ഷീല ജി. ശങ്കരക്കുറുപ്പിന്റെ 'ഇന്നു ഞാന്‍ നാളെ നീ' എന്ന കവിതയും എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ 'കൊഴിഞ്ഞു വീഴുന്ന നറുമലരുകള്‍' എന്ന സ്വന്തംകവിതയും ചൊല്ലിക്കൊണ്ട് ആരംഭിച്ച ചര്‍ച്ച സമ്മേളനത്തിലേക്ക് സെക്രട്ടറി സാംസി കൊടുമണ്‍ ഏവരേയും സ്വാഗതം ചെയ്തു.

കേരളത്തിലെ ക്രിസ്ത്യാനികളുടെ വീരേതിഹാസത്തിനൊപ്പം മലയാള സാഹിത്യത്തിന്റേയും വിശ്വസാഹിത്യത്തിന്റേയും തന്നെ കൃതിയാണ് തോമാക്കത്തനാരുടെ വര്‍ത്തമാന പുസ്തകം എന്ന് സമര്‍ത്ഥിച്ചുകൊണ്ട്പണ്ഡിതനും വാഗ്മിയും സവ്വോപരി മനുഷ്യസ്നേഹിയുമായ പ്രഫ. എ. കെ. ബി. പിള്ള നീതി യജ്ഞത്തിന്റെ ഇതിഹാസം എന്ന പേരില്‍ പ്രബന്ധം അവതരിപ്പിച്ചു. തദ്ദേശീയ ക്രിസ്ത്യാനികള്‍ക്കെതിരെയുണ്ടായ പോര്‍ട്ടുഗീസ് പീഡനം അവസാനിപ്പിക്കാന്‍ കേരളത്തിലെ സുറിയാനി ക്രുസ്ത്യാനികളുടെ പ്രതിനിധിയായി തോമാക്കത്തനാര്‍മാര്‍പ്പാപ്പയെ കാണാന്‍ റോമിലേക്ക് പോയതും അനുബന്ധമായ മഹായജ്ഞവുമായിരുന്നു പ്രൊഫ. എ. കെ. ബി. യുടെ പഠനത്തിന്റെ മുഖ്യധാര.പുസ്തകം വായിക്കാതെ തന്നെ പുസ്തകത്തിന്റെ ഉള്ളടക്കവും കത്തനാരുടെ വിചാര വികാരങ്ങളും ശ്രോതാക്കളുടെ മനസ്സിലേക്ക് കടന്നു ചെല്ലാന്‍ പാകത്തിന് ശ്രേഷഠവും വിസ്താരപരവുമായിരുന്നു അദ്ദേഹത്തിന്റെ അവതരണം.

വര്‍ത്തമാന പുസ്തകം പ്രചാരത്തില്‍ വന്നത് ക്രെെസ്തവ സഭാചരിത്രവുമായി ബന്ധപ്പെട്ടു നില്ക്കുന്നതുകാണ്ടാണ് എന്നതിന്റെ വെളിച്ചത്തില്‍അദ്ദേഹം സംക്ഷിപ്ത സഭാചരിത്രം ഉചിതമായി അവതരിപ്പിച്ചത് സദസ്യരില്‍ പലരേയും അറിവിന്റെ പുതിയ മേഘലയിലേക്കുയര്‍ത്തി.
ഈ പ്രബന്ധത്തിലൂടെ വലിയ ഒരു സമുദ്രം ഒരു പൊട്ടക്കുളത്തില്‍ സമര്‍ത്ഥമായി ഒതുക്കിയ ഒരു അക്രെെസ്തവനില്‍ ജനിച്ച ക്രിസ്തീയ താല്പര്യത്തെ ഡോ. എന്‍. പി. ഷീല അഭിനന്ദിച്ചു.

അധികം അറിയപ്പെടാതിരുന്ന ഒരു പുസ്തകം വതരിപ്പിച്ചതിന് നന്ദി പറഞ്ഞുകൊണ്ട്്് അടിച്ചേല്പിക്കുന്ന ഒരു സബ്രദായം നിലനിന്നിരുന്ന കാലത്ത് അതിനെതിരെ ശബ്ദമുയര്‍ത്തിയ തോമാക്കത്തനാരുടെ വിപ്ളവമനസ്സിന് മേധാവിത്വത്തെ അംഗീകരിക്കാന്‍ സാധിച്ചിക്കാതിരുന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വഴി തെളിച്ചു എന്ന് ബാബു പാറക്കല്‍ പറഞ്ഞു.

സാംസി കൊടുമണ്‍, ജോര്‍ജ് കോശി, എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, രാജു തോമസ്, പി. പി. പൌലോസ്, ബാബുക്കുട്ടി ഡാനിയല്‍ എന്നിവര്‍ സംസാരിച്ചു. പ്രൊഫ. എ. കെ. ബി. പിള്ള തന്റെ മറുപടി പ്രസംഗത്തില്‍ വിചാരവേദിയോടും പ്രബന്ധത്തെ അടിസ്ഥാനമാക്കിചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചവരോടും നന്ദി രേഖപ്പെടുത്തുകയും സദസ്യരില്‍ നിന്നുമുണ്ടായ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു. പ്രശസ്ത സാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ നിര്യാണത്തില്‍ വിചാരവേദി അനുശോചനം രേഖപ്പെടുത്തി. വാസുദേവ് പുളിക്കല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം